കേരളത്തില്‍ 5 ലക്ഷം പേര്‍ കൂടി ഇ.എസ്.ഐ പരിധിയിലാകും, ശമ്പള പരിധി ഉയര്‍ത്തും: നിര്‍ണായ മാറ്റങ്ങള്‍ ഇങ്ങനെ

രാജ്യത്ത് ഒരുകോടിയോളം പേര്‍ക്ക് ഉപകാരപ്പെടുന്നതാണ് നിര്‍ദ്ദേശം
factory employee, esi logo, factory
image credit : canva , esi.gov.in
Published on

രാജ്യത്ത് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ) പദ്ധതിയില്‍ അംഗമാകാനുള്ള ഉയര്‍ന്ന ശമ്പള പരിധി 21,000 രൂപയില്‍ നിന്നും 30,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നിശ്ചിത വരുമാനത്തില്‍ പണിയെടുക്കുന്ന ഒരു കോടിയോളം പേര്‍ക്ക് കൂടി ഇ.എസ്.ഐ അംഗത്വം ലഭിക്കാന്‍ ഇത് വഴിയൊരുക്കും. കേരളത്തില്‍ അഞ്ചുലക്ഷത്തോളം പേര്‍ക്ക് കൂടി പദ്ധതിയില്‍ ചേരാം. നിലവില്‍ പത്തുലക്ഷം പേരാണ് കേരളത്തില്‍ ഇ.എസ്.ഐ പദ്ധതിയിലുള്ളത്.

രാജ്യത്ത് 12 കോടി പേര്‍ക്കാണ് ഇ.എസ്.ഐ അംഗത്വമുള്ളതെന്നാണ് കണക്ക്. നിലവിലെ ചട്ടമനുസരിച്ച് 21,000 രൂപ ശമ്പള പരിധി കടന്നാല്‍ അംഗത്വം ഇല്ലാതാവും. 21,000 രൂപ ഉയര്‍ന്ന ശമ്പളമായി നിശ്ചയിച്ചത് 2017ലാണ്. അതിന് ശേഷം ശമ്പളപരിധി മറികടന്നത് മൂലം 80 ലക്ഷത്തോളം പേര്‍ പദ്ധതിയില്‍ നിന്ന് പുറത്താവുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ പുറത്താവുന്നരെ നിശ്ചിത പ്രീമിയം അടച്ച് ആജീവനാന്തം പദ്ധതിയില്‍ തുടരാന്‍ അനുവദിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അതും നടന്നില്ല. ഇതിനിടയിലാണ് ശമ്പള പരിധി 30,000 രൂപയായി വര്‍ധിപ്പിക്കാന്‍ ഇ.എസ്.ഐ സ്ഥിരംസമിതി യോഗത്തില്‍ തീരുമാനമായത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

2014ലെ ശുപാര്‍ശ 25,000, നടപ്പിലായത് 21,000

ഇ.എസ്.ഐ ശമ്പളപരിധി 25,000 രൂപയാക്കി വര്‍ധിപ്പിക്കാനാണ് 2014ല്‍ നിര്‍ദ്ദേശമുണ്ടായത്. അന്നത്തെ കേന്ദ്രതൊഴില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും 2017ല്‍ നടപ്പിലായത് 21,000 രൂപയായിരുന്നു. ശമ്പള പരിധി 25,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ ഇ.എസ്.ഐ പ്രത്യേക സമിതി യോഗത്തിലും ചര്‍ച്ചയായെങ്കിലും തീരുമാനമായില്ല.

45,000 രൂപയാക്കണമെന്ന് സംഘടനകള്‍

അതേസമയം, ഇ.എസ്.ഐ അംഗമാകാനുള്ള പരിധി 45,000 രൂപയാക്കണമെന്ന് ആര്‍.എസ്.എസ് അനുകൂല തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിന്റെ (ബി.എം.എസ്) ആവശ്യം. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ.മന്‍സൂഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യമടക്കം ഉന്നയിച്ചതായാണ് വിവരം. ശമ്പള പരിധി ഉയര്‍ത്തുന്ന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി എന്നാല്‍ ആജീവനാന്ത അംഗത്വത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയില്ല. ജീവിതച്ചെലവും ശമ്പളവും വര്‍ധിച്ച സാഹചര്യത്തില്‍ തൊഴില്‍ സുരക്ഷാ പദ്ധതികളില്‍ അംഗമാകാനുള്ള ശമ്പള പരിധി ഉയര്‍ത്തണമെന്ന് യോഗ ശേഷം തൊഴിലാളി നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇ.എസ്‌.ഐ

രോഗം, പ്രസവം, ജോലി ചെയ്യാന്‍ കഴിയാത്ത വൈകല്യം, ജോലിക്കിടെയുണ്ടാകുന്ന മരണം തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ തൊഴിലാളിയെയും അയാളുടെ ആശ്രിതരെയും സഹായിക്കുന്നതിനായി 1948ലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് പ്രകാരം 1952ലാണ് ഇ.എസ്.ഐ രൂപീകരിക്കുന്നത്. 10 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍, ഹോട്ടല്‍, സിനിമ, മാധ്യമ സ്ഥാപനങ്ങള്‍, വ്യാപാര ശാലകള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് ഇതില്‍ അംഗമാകാം. ചില സംസ്ഥാനങ്ങളില്‍ 20 ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. 21,000 രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്കാണ് ഇതില്‍ അംഗത്വം ലഭിക്കുന്നത്.

നേട്ടങ്ങള്‍

ആശ്രിതര്‍ക്കും അംഗങ്ങളുടേതിന് സമാനമായ ചികിത്സാ സഹായങ്ങള്‍ ലഭിക്കും. ശമ്പളത്തിന്റെ നാല് ശതമാനമാണ് പ്രീമിയം. ഇതില്‍ മുക്കാല്‍ ശതമാനം (0.75 ശതമാനം) ജീവനക്കാരന്റെയും ബാക്കി മൂന്നേകാല്‍ ശതമാനം (3.25 ശതമാനം) തൊഴിലുടമയുടെ വിഹിതവുമാണ്. പ്രതിവര്‍ഷം 10 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. അതീവ ഗുരുതരമെന്ന് കണ്ടെത്തുന്ന രോഗങ്ങള്‍ക്ക് അതില്‍ കൂടുതലും അനുവദിക്കും. ഏതെങ്കിലും കാരണവശാല്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസത്തെ ശമ്പളം നല്‍കാനും വകുപ്പുണ്ട്. ചികിത്സയിലിരിക്കുന്ന കാലയളവിലെ ശമ്പളം നല്‍കാനും ജോലിയിലിരിക്കെ മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കാനും വ്യവസ്ഥയുണ്ട്. നിലവില്‍ ഇന്ത്യയില്‍ 159 ഇ.എസ്.ഐ ആശുപത്രികളാണ് നിലവിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com