ക്ലെയിം ചെയ്യുന്ന നേരത്ത് വിഷമിച്ചിട്ട് എന്തു കാര്യം? ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്തെ ഈ തെറ്റുകള്‍ അറിഞ്ഞിരിക്കുക

പ്രീമിയം കുറവാണോ എന്നതിലേയ്ക്ക് മാത്രമാണ് പലരും നോക്കുന്നത്. എന്നാല്‍ ആശുപത്രിവാസം ആവശ്യമായ സാഹചര്യത്തില്‍ പോളിസിയുടെ നിബന്ധനകള്‍ തുറന്നു നോക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പുറത്തുവരുന്നത്
ക്ലെയിം ചെയ്യുന്ന നേരത്ത് വിഷമിച്ചിട്ട് എന്തു കാര്യം? ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്തെ ഈ തെറ്റുകള്‍ അറിഞ്ഞിരിക്കുക
Published on

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തപ്പോള്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നത്, ചികിത്സാ ചെലവ് വഹിക്കേണ്ടി വരുന്ന നിര്‍ണായക ഘട്ടത്തില്‍ വലിയ സാമ്പത്തിക ആഘാതമായി മാറുന്നുണ്ട്. ഇന്‍ഷുറന്‍സ് വാങ്ങുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന ചില സാധാരണ പിഴവുകളാണ് ക്ലെയിം സമയത്ത് തര്‍ക്കങ്ങള്‍ക്കും ഭാഗിക പേയ്‌മെന്റുകള്‍ക്കും നിരസിക്കലിനും ഇടയാക്കുന്നത്.

പ്രീമിയം കുറവാണോ എന്നതിലേയ്ക്ക് മാത്രമാണ് പലരും നോക്കുന്നത്. എന്നാല്‍ ആശുപത്രിവാസം ആവശ്യമായ സാഹചര്യത്തില്‍ പോളിസിയുടെ നിബന്ധനകള്‍ തുറന്നു നോക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പുറത്തുവരുന്നത്. അപ്പോഴേക്കും തീരുമാനങ്ങള്‍ മാറ്റാനാവാത്ത അവസ്ഥയാകും.

കുറഞ്ഞ പരിരക്ഷ: ഏറ്റവും സാധാരണമായ പിഴവ്

മെഡിക്കല്‍ ചെലവുകള്‍ വേഗത്തില്‍ ഉയരുമ്പോഴും, പലരും 3-5 ലക്ഷം പോലുള്ള കുറഞ്ഞ ഇന്‍ഷുറന്‍സ് കവര്‍ തിരഞ്ഞെടുക്കുന്നു. ചികിത്സാ ചെലവ് ഈ പരിധി കടന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം തള്ളുന്നില്ലെങ്കിലും, ഇന്‍ഷുര്‍ ചെയ്ത തുകയ്ക്കുള്ളില്‍ മാത്രമേ പണം നല്‍കുകയുള്ളൂ. ബാക്കിയുള്ള തുക കുടുംബം തന്നെ കണ്ടെത്തേണ്ടി വരും.

കുറഞ്ഞ പ്രീമിയത്തിന്റെ മറുവശം

വിലകുറഞ്ഞ പോളിസികള്‍ പലപ്പോഴും കടുത്ത നിബന്ധനകളോടെയാണ് വരുന്നത്. റൂം റന്റ് ലിമിറ്റ്, പരിമിതമായ നെറ്റ്വര്‍ക്ക് ആശുപത്രികള്‍ തുടങ്ങിയവയാണ് പ്രധാന പ്രശ്‌നങ്ങള്‍. ഇതിന്റെ ഫലമായി ആശുപത്രി ബില്ലിലെ പല ചെലവുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്നതില്‍ ആനുപാതികമായ കുറവുകള്‍ സംഭവിക്കാം.

മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് അപകടകരം

ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മുന്‍കാല രോഗങ്ങളോ ചികിത്സകളോ ചെറുതായി തോന്നിയതിനാല്‍ ഒഴിവാക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ആശുപത്രി രേഖകള്‍ വിശദമായി നോക്കുമ്പോള്‍ ഈ വിവരങ്ങള്‍ പുറത്ത് വരും. അത്തരം സാഹചര്യങ്ങളില്‍ ക്ലെയിം ചോദ്യം ചെയ്യപ്പെടാം; തള്ളിപ്പോകാം.

വെയിറ്റിംഗ് പീരിയഡും ഒഴിവാക്കലും

പ്രീ-എക്‌സിസ്റ്റിംഗ് രോഗങ്ങള്‍ക്കും ചില പ്രത്യേക ചികിത്സകള്‍ക്കും ബാധകമായ വെയിറ്റിംഗ് പീരിയഡുകള്‍ പലരും ഗൗരവമായി കാണുന്നില്ല. ഈ കാലയളവിനുള്ളില്‍ ചികിത്സ ആവശ്യമായാല്‍ ഇന്‍ഷുറന്‍സ് സഹായം ലഭിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ലൈഫ്സ്‌റ്റൈല്‍ വിവരങ്ങള്‍ മറയ്ക്കരുത്

പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ പ്രഖ്യാപിക്കാതിരുന്നതും ക്ലെയിം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പോളിസി നിബന്ധനകള്‍ അനുസരിച്ച് ഇത് ക്ലെയിം വൈകാനും, തുക കുറയാനും, ചിലപ്പോള്‍ നിരാകരണത്തിനും വഴിവെക്കും.

ക്ലെയിം തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നു

ഇന്‍ഷുറന്‍സ് ഒംബുഡ്‌സ്മാനെ സമീപിക്കുന്ന പരാതികളില്‍ വലിയൊരു പങ്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം തര്‍ക്കങ്ങളാണ്. പോളിസി നിബന്ധനകള്‍ ശരിയായി മനസിലാക്കാത്തതാണ് ഇതിന് പ്രധാന കാരണം.

എങ്ങനെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ തന്നെ പോളിസിയുടെ നിബന്ധനകള്‍ ശ്രദ്ധാപൂര്‍വം വായിക്കുക. ആരോഗ്യചരിത്രം പൂര്‍ണമായി വെളിപ്പെടുത്തുക. നിലവിലെ മെഡിക്കല്‍ ചെലവുകളും ഭാവിയിലെ പണപ്പെരുപ്പവും കണക്കിലെടുത്ത് മതിയായ കവര്‍ തിരഞ്ഞെടുക്കുക. നെറ്റ്വര്‍ക്ക് ആശുപത്രികളും ക്ലെയിം സെറ്റില്‍മെന്റ് റെക്കോര്‍ഡും പരിശോധിക്കുക. ആവശ്യമായ രേഖകള്‍ തുടക്കം മുതലേ ക്രമപ്പെടുത്തി സൂക്ഷിക്കുക.

ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ ഏറ്റവും വലിയ പിഴവുകള്‍ സാധാരണയായി ക്ലെയിം സമയത്ത് അല്ല, അതിന് വളരെ മുമ്പാണ് നടക്കുന്നത്. ആശുപത്രിവാസം ആവശ്യമാകുന്നതിന് മുന്‍പ് എടുത്ത തീരുമാനങ്ങളാണ് പിന്നീട് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതോ നഷ്ടപ്പെടുത്തുന്നതോ നിര്‍ണയിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com