പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒക്ടോബര്‍ മുതല്‍; ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും
അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം വര്‍ധിച്ചേക്കാം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനായി ഐആര്‍ഡിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയാണ്. നിലവിലുള്ള പോളിസികള്‍ക്ക് 2021 ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമാവുക.
കമ്പനികളെല്ലാം തന്നെ ഇതു പ്രകാരം പോളിസികളില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന പ്ലാനുകളായിരിക്കും അവതരിപ്പിക്കപ്പെടുകയെങ്കിലും പോളിസി പ്രീമിയത്തില്‍ 5 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
അവ്യക്തത ഒഴിവാക്കാന്‍ പോളിസിയുടെ പരിധിയില്‍ വരാത്ത രോഗങ്ങള്‍, ആരോഗ്യ അവസ്ഥകള്‍ എന്നിവ ഏകീകരിക്കണമെന്നാണ് ഐആര്‍ഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണ ഗതിയില്‍ കമ്പനികള്‍ അവരുടെ സ്വന്തം നിലയ്ക്കാണ് പോളിസി ഫീച്ചറുകള്‍ നിശ്ചിക്കുന്നത്. അതിനാല്‍ തന്നെ പ്രീമിയത്തിലും പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫീച്ചറുകളിലും വ്യത്യാസം വരുത്താറുണ്ട്. പുതിയ നിര്‍ദേശമനുസരിച്ച് എല്ലാ കമ്പനികളും സമാനമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തേണ്ടി വരും. ഇത് വില കൂടുതല്‍ മത്സരാധിഷ്ഠിതമാകാനും ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ നല്ല പോളിസികള്‍ തെരഞ്ഞെടുക്കാനും അവസരമൊരുക്കും.
പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കുന്നതിന് 48 മാസങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിക്കുന്ന എല്ലാ രോഗങ്ങളും 'പ്രീ എക്‌സിസ്റ്റിംഗ് ഡിസീസില്‍' ഉള്‍പ്പെടും. കൂടാതെ, പോളിസി അനുവദിച്ച് ആദ്യ മൂന്നു മാസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്ന അസുഖങ്ങളും പ്രീ എക്‌സിസ്റ്റിംഗ് ഡിസീസ് ആയാണ് കണക്കാക്കപ്പെടുക.
മാനസിക രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉള്‍പ്പെടും. ആധുനിക ചികിത്സാ രീതികളായ ഓറല്‍ കീമോ തെറാപ്പി, ബിലൂണ്‍ സിനുപ്ലാസ്റ്റി തുടങ്ങിയവയും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും.
കോവിഡ് 19 ന്റ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ ടെലിമെഡിസിന്‍ സൗകര്യങ്ങളെ ആശ്രയിക്കുന്നതിനാല്‍ അതിനും കവറേജ് നല്‍കണമെന്നും ഐആര്‍ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine