ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഇന്‍ഷുര്‍ ചെയ്യാം, അറിയേണ്ട കാര്യങ്ങള്‍

നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും പാന്‍ കാര്‍ഡും, ലോയല്‍റ്റി/മെമ്പര്‍ഷിപ്പ് കാര്‍ഡുകളും മാറിയിട്ടുണ്ട്. അവ നമ്മുടെ കൈയില്‍ നിന്ന് നഷ്ടപ്പെടാനിട വന്നാല്‍ ചിലപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാമ്പത്തിക നഷ്ടം നേരിടാനും സാധ്യതയുണ്ട്. നഷ്ടം തടയാന്‍ പ്രയോഗിക്കാവുന്ന ഒരു മാര്‍ഗം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയെന്നതാണ്.

എന്നാല്‍ അതിന് കഴിയുന്നതിനു മുമ്പു തന്നെ തട്ടിപ്പിനിരയായാല്‍ എന്തു ചെയ്യും?
കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ ഇവിടെ നിങ്ങളുടെ രക്ഷയ്‌ക്കെത്തും. കാര്‍ഡുകള്‍ നഷ്ടപ്പെടുന്നതിലൂടെയും മോഷ്ടിക്കപ്പെടുന്നതിലൂടെയും ഉണ്ടാകുന്ന തട്ടിപ്പുകള്‍ക്ക് പരിഹാരമാണ് ഇത്. ഇതിലൂടെ കാര്‍ഡുകള്‍ എല്ലാം ഒരുമിച്ച് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം കൂടി ലഭ്യമാകും. മാത്രമല്ല, കാര്‍ഡ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കിടയില്‍ ഹോട്ടല്‍, ട്രാവല്‍ ബില്ലുകള്‍ നല്‍കാനാവാത്ത സ്ഥിതിയാണെങ്കില്‍ സാമ്പത്തിക സഹായവും ലഭ്യമാകും.

എങ്ങനെ ഇന്‍ഷുര്‍ ചെയ്യാം?

കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ കമ്പനികള്‍ നിരവധിയുണ്ട്. അല്ലെങ്കില്‍ വിവിധ ബാങ്കുകള്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്.

സ്ഥാപനം ലഭ്യമാക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് വാര്‍ഷിക പ്രീമിയം അടച്ച് പ്ലാന്‍ വാങ്ങാം. നിങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളാണ് അപേക്ഷാ ഫോമില്‍ ആവശ്യപ്പെടുക. പണമടച്ചു കഴിഞ്ഞാല്‍ ഉപഭോക്താവിന് ഒരു വെല്‍കം കിറ്റ് ലഭ്യമാകും. കണ്‍ഫര്‍മേഷന്‍ ലെറ്റര്‍, പ്ലാനിനെ കുറിച്ചുള്ള കാര്യങ്ങള്‍, നിയമങ്ങളും നിബന്ധനകളും തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫോമും ഇതിന്റെ കൂടെ ലഭിക്കും.

പ്ലാനുമായി ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്‍ഡുകളെയും സംബന്ധിച്ച വിശദ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ ഫോമില്‍ നല്‍കണം. എല്ലാ വിവരങ്ങളും ചേര്‍ത്ത് രജിസ്‌ട്രേഷന്‍ ഫോം കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ കമ്പനികളിലേക്കോ ബാങ്കുകളിലേക്കോ തിരിച്ചയക്കണം.
ഒരു വര്‍ഷത്തേക്കാണ് പ്ലാനിന്റെ കാലാവധി. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും എടുക്കണം. ഓട്ടോ റിന്യൂവല്‍ ഓപ്ഷന്‍ കൂടി ലഭ്യമാണ്. സംരക്ഷണം നഷ്ടമാകാതെ തന്നെ പ്ലാന്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇതിലൂടെ കഴിയും.

പ്ലാന്‍ തെരഞ്ഞെടുക്കുന്നതിനു മുമ്പ് വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it