മാതാപിതാക്കള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
മറ്റാരേക്കാളും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരാകും പ്രായം ചെന്ന ആളുകള്‍. രോഗങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി പിടിപെടാനുള്ള സാധ്യതയുണ്ട്. ചികിത്സാ ചെലവാണെങ്കില്‍ നാള്‍ക്കുനാള്‍ കൂടിക്കൊണ്ടേയിരിക്കുന്നു. മികച്ചൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി കണ്ടെത്തുക എന്നതാണ് ഇതിനൊരു പോംവഴി. ചെറുപ്രായത്തിലുള്ളവര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒരുക്കിയ പ്ലാനുകളൊ്ന്നും പ്രായമായവര്‍ക്ക് യോജിച്ചതായിരിക്കില്ല. അപ്പോള്‍, എന്തൊക്കെയാണ് പ്രായം കൂടിയ ആളുകള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
1. പോളിസി പ്രകാരമുള്ള പ്രായപരിധി
ഒരു പ്രത്യേക പ്രായം വരെയാണ് മിക്ക കമ്പനികളും ഇന്‍ഷുറന്‍സ് കവറേജ് നല്‍കുക. ചിലപ്പോള്‍ ജീവിതകാലം മുഴുന്‍ പോളിസി പുതുക്കാനുള്ള ഓപ്ഷന്‍ ലഭിക്കാം. 60 വയസ്സില്‍ പോലും ചേരാനാകുന്ന പോളിസികള്‍ തെരഞ്ഞെടുക്കണം. എങ്കില്‍ കൂടുതല്‍ കാലം പുതുക്കാനുള്ള സൗകര്യം പോളിസി നല്‍കും. ചികിത്സാ നിലവാരം കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത കാലയളവും വര്‍ധിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ഹെല്‍ത്ത് പോളിസി കൂടുതല്‍ കാലത്തേക്ക് വേണം എന്നതാണ്. ഏതു പ്രായത്തിലും പോളിസി പുതുക്കുന്നതിനുള്ള അവസരമുണ്ടെങ്കില്‍ പ്രീമിയം അല്‍പ്പം കൂടിയാലും അത് മികച്ച ഓപ്ഷന്‍ തന്നെയാണ്. 65 വയസ് വരെ നിര്‍ബന്ധമായും പോളിസി കവറേജ് നല്‍കിയിരിക്കണമെന്ന് ഐആര്‍ഡിഎയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളിലുണ്ട്.
2. നിലവിലുള്ള രോഗങ്ങള്‍ക്കുള്ള കവര്‍
വയസ്സ് ഏറും തോറും ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തിലും കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ബ്ലഡ് പ്രഷര്‍, പ്രമേഹം, തൈറോയ്ഡ് തുടങ്ങി പലതും ഇത്തരത്തില്‍ പരിഗണിക്കാറുണ്ട്. പരിശോധനയില്‍ തെളിഞ്ഞ രോഗങ്ങള്‍ മാത്രമല്ല, അതിന്റെ ലക്ഷണങ്ങള്‍ കാട്ടി പിന്നീട് കണ്ടെത്തുന്നവയും നിലവിലുള്ള രോഗത്തിന്റെ പട്ടികയില്‍ പെടുത്തും. നിങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും വെളുപ്പെടുത്തി വേണം പോളിസിയെടുക്കാന്‍.
3. വെയ്റ്റിംഗ് പിരീഡും ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്കും
എല്ലാ പുതിയ പോളിസികള്‍ക്കും വെയ്റ്റിംഗ് പിരീഡ് ഉണ്ടാകും. നിലവിലുള്ള രോഗങ്ങള്‍ക്ക് ഇക്കാലത്തുണ്ടാകുന്ന ചികിത്സ പോളിസിയില്‍ പെടില്ല. കുറഞ്ഞ വെയ്റ്റിംഗ് പിരീഡുള്ള പോളിസി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതേ പോലെ പ്രധാനമാണ് ഏതൊക്കെ ആശുപത്രികളില്‍ പോളിസിയുടെ ആനുകൂല്യം ലഭിക്കുമെന്നത്. കുറഞ്ഞ പ്രീമിയം മാത്രമാകരുത് പരിഗണന. നിങ്ങളുടെ പ്രദേശത്ത് ഏതൊക്കെ ഹോസ്പിറ്റലുകള്‍ ആ ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ്‌വര്‍ക്കില്‍ ഉള്ളതാണെന്നും അറിഞ്ഞിരിക്കണം.
നിങ്ങളെടുത്ത പോളിസി ഉപയോഗിച്ച് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളില്‍ എവിടെയൊക്കെ കാഷ്‌ലസ് സൗകര്യം ഉണ്ടെന്നും പരിശോധിക്കണം.
4. കോ പേമെന്റ്
പല പോളിസികളുടെയും ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ കോ പേമെന്റ് ഓപ്ഷന്‍ അനുബന്ധമായി ചേര്‍ത്തിരിക്കും. പ്രത്യേകിച്ചും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പോളിസിയുടെ കാര്യത്തില്‍. എന്നു വെച്ചാല്‍, ചികിത്സയാരംഭിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി തുക നല്‍കുന്നതിനു മുമ്പു തന്നെ നിശ്ചിത തുക പോളിസിയുടമ നല്‍കിയിരിക്കണമെന്നതാണ് കോ പേമെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉയര്‍ന്ന കോ പേമെന്റ് തുകയാണെങ്കില്‍ വലിയൊരു തുക നിങ്ങള്‍ ആദ്യം അടക്കേണ്ടി വരും. കുറഞ്ഞ കോ പേമെന്റ് തുകയുള്ള പോളിസി തെരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.
5. പരിഗണിക്കേണ്ട മറ്റു കാര്യങ്ങള്‍
ഡയാലിസിസ്, കീമോതെറാപ്പി, ചെറിയ സര്‍ജറികള്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരു ദിവസം മുഴുവനായി ആശുപത്രിയില്‍ കഴിയേണ്ടി വരില്ല. പല പോളിസികളും ഒരു ദിവസം ഹോസ്പിറ്റലില്‍ കിടന്നാലേ ആനുകൂല്യം നല്‍കുകയുള്ളൂ. ക്ലെയിം പേമെന്റ് റേഷ്യോ എത്രയെന്ന് അറിഞ്ഞ ശേഷം മതി പോളിസിയെടുക്കാന്‍. കൂടി റേഷ്യോ ആണെങ്കില്‍ ചെലവായ തുകയുടെ ഭൂരിഭാഗം തുകയും നിങ്ങള്‍ക്ക് ലഭിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline