

അടുത്തിടെ രണ്ട് വലിയ തീപിടിത്തങ്ങള്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ഒന്ന് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേത്. മറ്റൊന്ന് ചാലക്കുടിയിലെ പെയ്ന്റ് ഷോപ്പിലേതും. പ്ലൈവുഡ് ഫാക്ടറിക്ക് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. ഇക്കാരണത്താല്‍ ബാങ്ക് മാനേജര്‍ ശരിയായി ഇന്‍ഷുര്‍ ചെയ്യുമെന്ന ഉത്തമ വിശ്വാസത്തില്‍ ഫാക്ടറി ഉടമ ന്‍ഷുറന്‍സിനെ പറ്റി ചിന്തിച്ചതേയില്ല. പക്ഷേ ബാങ്ക് മാനേജര്‍ തെറ്റായി ഇന്‍ഷുര്‍ ചെയ്തതിനാല്‍ ക്ലെയിം ഉണ്ടായപ്പോള്‍ നഷ്ടപരിഹാരം ഒന്നും തന്നെ ലഭിച്ചതുമില്ല.
പെയ്ന്റ് ഷോപ്പിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. ലോണ്‍ എടുത്തിരുന്ന ധനകാര്യ സ്ഥാപനം എല്ലാ വര്‍ഷവും ഇന്‍ഷുര്‍ ചെയ്തിരുന്നതാണ്. പക്ഷേ ഈ വര്‍ഷം അത് പുതുക്കാന്‍ വിട്ടുപോയി. ഒരു ക്ലെയിം ഉള്ളപ്പോള്‍ ബാങ്കിനെ സമീപിച്ച സമയത്ത് പോളിസി എടുത്തിട്ടില്ലെന്ന ഉത്തരമാണ് ലഭിച്ചത്. അതായത് പോളിസി പ്രാബല്യത്തില്‍ ഇല്ലാത്തതില്‍ നഷ്ടം സ്വയം വഹിക്കേണ്ട അവസ്ഥ.
ഈ രണ്ട് ബിസിനസുകാരും അവനവന്റെ വസ്തുവകകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്വയമല്ല ഉറപ്പാക്കിയിരുന്നത്. ഇന്നത്തെ കാലത്ത് ചെറിയൊരു തിരിച്ചടി തന്നെ ബിസിനസുകാര്‍ക്ക് താങ്ങാന്‍ സാധിച്ചെന്ന് വരില്ല. അപ്പോള്‍ എല്ലാം ഒരു നിമിഷം കൊണ്ട് കത്തിച്ചാമ്പലാവുകയും ബിസിനസ് തിരികെ പിടിക്കാന്‍ എവിടെ നിന്നും അഞ്ച് പൈസ കിട്ടാതെ വരികയും ചെയ്യുന്ന സാഹചര്യം ഒന്ന് ചിന്തിച്ച് നോക്കൂ.
ശരിയായ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ വ്യാപാരികളും വ്യവസായികളും സ്വന്തം മേഖല തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്‍ഷുര്‍ ചെയ്യുന്നവര്‍ അവരുടെ റിസ്‌കുകളെ കുറിച്ചും, അത് ശരിയായ രീതിയില്‍ എങ്ങനെ ഇന്‍ഷുര്‍ ചെയ്യണമെന്നും അറിഞ്ഞിരിക്കണം. ഒപ്പം ഇന്‍ഷുര്‍ ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിലുള്ള മാനേജര്‍മാരും ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചിരിക്കണം. ഇവ രണ്ടും ഇല്ലെങ്കില്‍ ഇന്‍ഷുര്‍ ചെയ്യുമ്പോഴും പല കാരണങ്ങളാല്‍ ക്ലെയിം ലഭ്യമാകണമെന്നില്ല. റിസ്‌കുകളെ പൂര്‍ണമായും കവര്‍ ചെയ്യുന്നുണ്ടോ, ഇന്‍ഷുര്‍ ചെയ്യേണ്ട തുക ശരിയാണോ എന്നിവ ഉറപ്പുവരുത്തണം. ഒപ്പം ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിലാണ് ഇന്‍ഷുര്‍ ചെയ്യുന്നതെന്നും ഉറപ്പുവരുത്തണം.
വിപണിയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് പരിശോധിക്കാം. വ്യാപാരികളും വ്യവസായികളും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുക പതിവാണ്. ബാങ്ക് മാനേജര്‍ അവര്‍ക്ക് വേണ്ടി പോളിസികള്‍ എടുക്കുന്നതും എടുക്കാത്തതും മുറപോലെ നടക്കുന്നു. എന്നാല്‍ ഒരു ക്ലെയിം വരുമ്പോള്‍ ബാങ്കില്‍ പോയി പോളിസി പരിശോധിക്കുമ്പോഴാണ് വസ്തുതകള്‍ മറനീക്കി പുറത്തുവരുന്നത്. ഒന്നുകില്‍ ഇന്‍ഷുര്‍ ചെയ്ത തുക ശരിയായ വിധം നല്‍കിയിട്ടുണ്ടാവില്ല. അതല്ലെങ്കില്‍ റിസ്‌കുകള്‍ ശരിയായ വിധം കവര്‍ ചെയ്തിട്ടും ഉണ്ടാവില്ല. ഈ സാഹചര്യങ്ങളാണ് പെരുമ്പാവൂരിലും ചാലക്കുടിയിലും സംഭവിച്ചത്.
ഒരു ക്ലെയിം ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം. ബില്‍ഡിംഗ്, മെഷിനറി എന്നിവ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അത് റീഇന്‍സ്റ്റേറ്റ്മെന്റ് വാല്യുവിന് ഇന്‍ഷുര്‍ ചെയ്തിരിക്കണം. അതായത് അതുപോലൊരു പുതിയ ബില്‍ഡിംഗ് ഇന്നത്തെ സാഹചര്യത്തില്‍ നിര്‍മിക്കാനുള്ള ചെലവ്, മെഷിനറിയാണെങ്കില്‍ പുതുതായി വാങ്ങാനുള്ള വില. ഇക്കാര്യം തീരെ മറന്നാണ് ഉപഭോക്താകളും ഒപ്പം ബാങ്കുകളും ഇന്‍ഷുര്‍ ചെയ്യുന്നത്. സ്റ്റോക്കാണ് ഇന്‍ഷുര്‍ ചെയ്യുന്നതെങ്കില്‍ അത് വാങ്ങിയ വിലയ്ക്ക് ഇന്‍ഷുര്‍ ചെയ്തിരിക്കണം. കുറഞ്ഞ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഒരു ക്ലെയിം ഉണ്ടായാല്‍ എത്ര ശതമാനത്തോളം തുകയ്ക്കാണോ കുറച്ച് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്, അതിന് ആനുപാതികമായി ക്ലെയിം തുകയും കുറയ്ക്കുന്നതാണ്.
അതിനാലാണ് ഭൂരിഭാഗം പേര്‍ക്കും ഇന്‍ഷുര്‍ ചെയ്തിട്ടും ശരിയായ നഷ്ടപരിഹാരം ലഭ്യമാകാതെ പോകുന്നത്.
നമ്മുടെ ജീവനും വസ്തുവകകളും ശരിയായി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. റിസ്‌കുകള്‍ ഏറിവരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഭീമമായ നഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ ജീവിതം തന്നെ മാറി മറിഞ്ഞേക്കാം. ഇവിടെ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം വളരെ വലുതാണ്. അതിനാല്‍ നിങ്ങള്‍ നേരിട്ട് ഇന്‍ഷുറന്‍സ് നടപടിക്രമങ്ങളില്‍ ഇടപെടുകയും ശരിയായ രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇവിടെയാണ് ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മനസിലാവുക. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പല ഇടത്തരം സ്ഥാപനങ്ങളും അതുകൊണ്ടു തന്നെയാണ് അവരുടെ റിസ്‌കുകളെല്ലാം തന്നെ പ്രൊഫഷണലുകളെ കൊണ്ട് ഇന്‍ഷുര്‍ ചെയ്യിക്കുന്നതും.
ഇന്‍ഷുര്‍ ചെയ്യുന്നവരില്‍ വളരെ കുറഞ്ഞ ശതമാനം പേര്‍ക്ക് മാത്രമെ കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നുള്ളൂ എന്നത് വസ്തുതയാണ്. എന്നാല്‍ അതില്‍ തന്നെ വളരെ കുറഞ്ഞ ശതമാനം പേര്‍ക്ക് മാത്രമെ ശരിയായ നഷ്ടപരിഹാര തുക ലഭിക്കുന്നുള്ളൂ. ശരിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ അതാത് ഇന്‍ഷുറന്‍സ് കമ്പനികളില്‍ തന്നെയാണ് ആദ്യപടിയായി രേഖാമൂലം പരാതി നല്‍കേണ്ടത്. അതിന് ശരിയായ മറുപടി ലഭിച്ചില്ലെങ്കില്‍ ഒന്നുകില്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനെയോ, അതല്ലെങ്കില്‍ കണ്‍സ്യൂമര്‍ കോടതിയെയോ, അതുമല്ലെങ്കില്‍ ഐആര്‍ഡിഎയുടെ കസ്റ്റമര്‍ റിഡ്രസല്‍ ഫോറത്തിനെയോ സമീപിക്കാം. എന്നാല്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തവരാണെങ്കില്‍ ആദ്യം ബാങ്കില്‍ തന്നെ പരാതി എഴുതി നല്‍കി റസീത് കൈപ്പറ്റണം. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.
ഇന്‍ഷുറന്‍സ് ഒരു കരാറായതിനാല്‍ പ്രൊപ്പോസല്‍ ഫോമില്‍ നാം എഴുതി ഒപ്പിടുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ശരിയാണെന്ന് ഉറപ്പുവരുത്തണം. അതില്‍ ഇന്‍ഷുര്‍ ചെയ്യുന്ന വിലാസം, ഡോര്‍ നമ്പര്‍, ഇന്‍ഷുര്‍ ചെയ്യുന്ന വസ്തുവഹകള്‍, ഇന്‍ഷുര്‍ ചെയ്യേണ്ട തുക, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, ഒഴിവാക്കപ്പെട്ടിട്ടുള്ള റിസ്‌കുകള്‍, പ്രീമിയം തുക എന്നിവ കൃത്യമായി അറിഞ്ഞ ശേഷം മാത്രമേ ഒപ്പിടാവൂ. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ താരതമ്യം ചെയ്ത ശേഷം ഇന്‍ഷുര്‍ ചെയ്യുന്നതാവും ഉചിതം. നിലവില്‍ പോളിസികള്‍ ഉണ്ടെങ്കില്‍ അതില്‍ കൊടുത്തിട്ടുള്ള മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിനെ പോളിസി ഗ്യാപ് അനാലിസിസ് എന്ന് പറയും. നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ എന്തെല്ലാമെന്ന് പഠിക്കാനായി 'നീഡ് അനാലിസിസ്' ചെയ്യുന്നവരും വിപണിയിലുണ്ട്.
നിലവിലുള്ള പോളിസികള്‍ പുതുക്കുമ്പോഴും പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം കഴിഞ്ഞ വര്‍ഷത്തെ പോളിസിയില്‍ കൊടുത്തിട്ടുള്ള വിവരങ്ങളിലെ മാറ്റങ്ങളാണ്.
വിലാസം, ഡോര്‍ നമ്പര്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് ശരിയായി നല്‍കണം, ഇന്‍ഷുര്‍ ചെയ്തിട്ടുള്ള വസ്തുവഹകളില്‍ മുന്നേ കാണിച്ച പോലെ 'റീഇന്‍സ്റ്റേറ്റ്മെന്റ് വാല്യു' വിനാണ് ഇന്‍ഷുര്‍ ചെയ്തതെന്നും ഉറപ്പുവരുത്തണം. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ അക്കാര്യം പോളിസിയില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. വിപണിയിലെ വിവിധ കമ്പനികളുടെ പോളിസികള്‍ താരതമ്യം ചെയ്ത് വാങ്ങുമ്പോള്‍ അത് കൂടുതല്‍ പ്രയോജനം ചെയ്യുന്നതാണ്.
വലിയ കമ്പനികള്‍/ഫാക്ടറികള്‍ എന്നിവ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഫയര്‍ എന്‍ഒസി എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രൊപ്പോസല്‍ ഫോമില്‍ ചോദ്യമില്ലെങ്കിലും ഒരു ക്ലെയിം ഉണ്ടാവുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇക്കാര്യം ചോദിക്കുക പതിവാണ്. ലോക്കല്‍ അതോറിറ്റിയുടെ ലൈസന്‍സ്, ജിഎസ്ടി രജിസ്ട്രേഷന്‍, മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള ലൈസന്‍സുകള്‍ എന്നിവയും ഒരു ക്ലെയിം ഉണ്ടായാല്‍ സമര്‍പ്പിക്കേണ്ടതാണ്. അതിനാല്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ലഭ്യമാക്കേണ്ട രേഖകളെല്ലാം തന്നെ കരുതിവെച്ചാല്‍ ഒരു ക്ലെയിം ലഭിക്കാന്‍ തടസങ്ങള്‍ ഉണ്ടാവാനിടയില്ല. അതിനാല്‍ ശരിയായി ഇന്‍ഷുറന്‍സ് ചെയ്താല്‍ അനായാസമായി ക്ലെയിം ചെയ്യാം.
(എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍. ഫോണ്‍: 98957 68333. ഇ-മെയ്ല്‍: odtta@aimsinsurance.in)
(Originally published in Dhanam Magazine 1 August 2025 issue.)
Important insurance matters Entrepreneurs should note.
Read DhanamOnline in English
Subscribe to Dhanam Magazine