ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷമാക്കി

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി. ഒരു ലക്ഷമായിരുന്ന പരിരക്ഷ രണ്ടു ലക്ഷമാക്കുമെന്ന അഭ്യൂഹമാണ് ബജറ്റിലൂടെ കേന്ദ്രമന്ത്രി അപ്രതീക്ഷിത നലവാരത്തില്‍ തിരുത്തിയത്.

എല്ലാ ബാങ്കുകളുടെയും ആരോഗ്യം നിരീക്ഷിക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനുമുള്ള സംവിധാനം സുരക്ഷിതമാണെന്ന് രാജ്യം അറിഞ്ഞിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായുള്ള ആമുഖത്തോടെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്താനുള്ള തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. പഞ്ചാബ് & മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് തകര്‍ച്ചയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആര്‍ബിഐക്കും സര്‍ക്കാരിനും മുഖ്യ പ്രേരണയായത്.

നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍ ആക്ടില്‍ ഇതിനായുള്ള ഭേദഗതി ആവശ്യമായി വരും. നിലവിലെ ശരാശരി കണക്കുപ്രകാരം 70 ശതമാനം നിക്ഷേപ അക്കൗണ്ടുകളിലും രണ്ടു ലക്ഷം രൂപയ്ക്കു താഴെയാണ് നിക്ഷേപമായുള്ളത്. 25 വര്‍ഷംമുമ്പ് നിശ്ചയിച്ച പ്രകാരം നിലവില്‍ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനേ പരിരക്ഷയുള്ളൂ. അതേസമയം, ഇതിലൂടെ ഉയരുന്ന ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ അധികച്ചെലവ് ആരു വഹിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

പിഎംസി ബാങ്ക് നിക്ഷേപകരില്‍ 78 ശതമാനത്തിലധികം പേര്‍ക്ക് 50,000 രൂപയില്‍ താഴെയായിരുന്നു നിക്ഷേപമുണ്ടായിരുന്നതെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. എസ്ബിഐയുടെ വിശകലനം അനുസരിച്ച്, ഇന്ത്യയിലെ മൊത്തം നിക്ഷേപ അക്കൗണ്ടുകളില്‍ 61 % ഒരു ലക്ഷത്തിന് താഴെയാണ്. 70% നിക്ഷേപങ്ങള്‍ 2 ലക്ഷം രൂപയ്ക്ക് താഴെയും 98.2% 15 ലക്ഷം രൂപയ്ക്ക് താഴെയുമാണ്.

ക്രോസ് കണ്‍ട്രി ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കവറേജ് ഡാറ്റ പ്രകാരം ഇന്ത്യയിലെ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഇത് യുഎസില്‍ 250,000 ഡോളറും യുകെയില്‍ 111,143 ഡോളറും വരും.ഡോളര്‍ കണക്കില്‍ ഇന്ത്യയിലേത് 1,508 മാത്രമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it