മോട്ടോര്‍ ഇന്‍ഷുറന്‍സ് ഇനി ദീര്‍ഘകാലത്തേക്ക് അടയ്‌ക്കേണ്ട: വാഹനവില കുറയും
വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുേേലറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ പോളിസി എടുത്താല്‍ മതിയാകും. ഇത് പുതിയ വാഹനം വാങ്ങുമ്പോഴുള്ള ബാധ്യത കുറയ്ക്കും.
നേരത്തെ കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്നതായിരുന്നു ഐ.ആര്‍.ഡി.എ.ഐയുടെ നിര്‍ദ്ദേശം. ഓഗസ്റ്റ് ഒന്ന് വരെ നിലവിലെ രീതി തുടരും. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് 2018 സെപ്റ്റംബര്‍ ഒന്ന് മുതലാണ് ദീര്‍ഘകാല പോളിസി നടപ്പാക്കിയത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇന്‍ഷുറന്‍സ് ഒന്നിച്ചെടുക്കണമെന്നത് കുറച്ചുനാള്‍ ഉപയോഗിച്ചിട്ട് ഇന്‍ഷുറന്‍സ് കാലാവധി കഴിയും മുമ്പ് വാഹനം മാറ്റിവാങ്ങുന്നവര്‍ക്ക് നഷ്ടമായിരുന്നു. വാഹനവായ്പയില്‍ ഇത്രയും കാലത്തെ ഇന്‍ഷുറന്‍സ് തുകയും ഉള്‍പ്പെടുമ്പോള്‍ പലിശയിനത്തില്‍ ബാധ്യത കൂടും. ഈ സാഹചര്യത്തില്‍ ഐ.ആര്‍.ഡി.ഐ.എയുടെ നീക്കം സ്വാഗതാര്‍ഹമാണ്.
പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ബാധ്യത കുറയുമെങ്കിലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചത് ചെറുകാറുകളുടെ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടാക്കില്ലെന്ന് പോപ്പുലര്‍ ഹ്യുണ്ടായിയുടെ ജനറല്‍ മാനേജര്‍ ബിജു ബി. പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline