മുടങ്ങിക്കിടക്കുന്ന എല്‍.ഐ.സി പോളിസികള്‍ സജീവമാക്കാം
വിവിധ കാരണങ്ങളാല്‍ അടവ് മുടങ്ങി നിര്‍ജീവാവസ്ഥയിലായ പോളിസികള്‍ പുതുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കി എല്‍.ഐ.സി. നിലവില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ അടവു മുടങ്ങിയ പോളിസികള്‍ പുതുക്കാന്‍ സാധിക്കില്ലായിരുന്നു.
ഉപയോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് എല്‍.ഐ.സിയുടെ തീരുമാനമെന്ന് എല്‍.ഐ.സി. മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ആനന്ദ് മുംബൈയില്‍ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്കു മികച്ച സേവനം നല്‍കുകയാണ് എല്‍.ഐ.സിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2013 ഡിസംബര്‍ 31ന് മുന്‍പ് ആരംഭിച്ച പോളിസികള്‍ മുടങ്ങിയ തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളിലും 2014 ജനുവരി ഒന്നിനോ അതിനു ശേഷമോ ആരംഭിച്ച പോളിസികള്‍ മുടങ്ങിയ തീയതി മുതല്‍ 2 വര്‍ഷത്തിനുള്ളിലും പുതുക്കാനാണ് അനുമതിയായിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ പദ്ധതിപ്രകാരം പുതുക്കിയ പോളിസികള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി പലിശയിളവ് ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് 5 വര്‍ഷത്തെ പ്രീമിയം എങ്കിലും അടച്ച പോളിസികളില്‍ പോളിസി ഉടമയ്ക്ക് 45 വയസ്സോ അതില്‍ കുറവോ പ്രായമെങ്കില്‍ ആരോഗ്യ പ്രസ്താവന മാത്രം മതിയാകും.എന്നാല്‍, ആരോഗ്യ പ്രസ്താവനയില്‍ നല്‍കുന്ന ആരോഗ്യപരമോ വ്യക്തിപരമോ ആയ വിവരങ്ങള്‍ പ്രതികൂലമായിരിക്കരുത്.
പലപ്പോഴും ഇന്‍ഷൂറന്‍സ്, പ്രത്യേകിച്ച് എല്‍ ഐസി പോളിസികള്‍ കൂടുതല്‍ ആളുകളും എടുക്കുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ എജന്റുമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരിക്കും. ആദ്യ തവണ പ്രീമിയം അടയ്ക്കുന്നതടക്കമുള്ള മോഹന വാഗ്ദാനങ്ങളില്‍ പെട്ട് എടുക്കുന്ന പോളിസികളില്‍ പലതും പിന്നീട് മുടങ്ങി പോകുന്നു.
ഇങ്ങനെ മുടങ്ങി കിടക്കുന്ന ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തള്ളിയ പോളിസികള്‍ പുനഃസ്ഥാപിക്കാനാണ് എല്‍ ഐ സി പുതിയ അവസരമൊരുക്കിയിട്ടുള്ളത്. നേരത്തെ കാലാവധി കഴിഞ്ഞതിനാല്‍ പുനരുജ്ജീവനം സാധ്യമല്ല എന്ന് അറിയിച്ചിരുന്ന പോളിസികള്‍ക്കും ഇത് ബാധകമാണ്. 2014 ലെ നിലവില്‍ വന്ന ഐ ആര്‍ ഡി എ ചട്ടമനുസരിച്ച് അവസാന പ്രീമിയം അടച്ചതിന് ശേഷം രണ്ട് വര്‍ഷം വരെ മുടക്കം വന്ന പോളിസികള്‍ക്കാണ് പുനരുജ്ജീവന പദ്ധതി നടപ്പാക്കിയിരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline