വരുമാനത്തിലും ലാഭത്തിലും വന്‍കുതിപ്പുമായി എല്‍.ഐ.സി; ഓഹരി വിലയിലും ഉണര്‍വ്

സെപ്റ്റംബര്‍ പാദത്തില്‍ പ്രീമിയത്തില്‍ നിന്നുള്ള വരുമാനം 5.5 ശതമാനം വര്‍ധിച്ച് 1,26,930.04 കോടി രൂപയായി. അര്‍ധവാര്‍ഷികത്തില്‍ പ്രീമിയം വരുമാനത്തില്‍ 5.14 ശതമാനത്തിന്റെ വര്‍ധനയുണ്ട്.
LIC Logo
canva
Published on

രാജ്യത്തെ മുന്‍നിര പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എല്‍.ഐ.സി) രണ്ടാംപാദത്തില്‍ മികച്ച നേട്ടം. ലാഭം 10,098.48 കോടി രൂപയായി കുതിച്ചുയര്‍ന്നു. വരുമാനത്തിലും മികച്ച പ്രകടനം നടത്താന്‍ കമ്പനിക്ക് സാധിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ എല്‍.ഐ.സിയുടെ ലാഭം 16.36 ശതമാനം വര്‍ധിച്ച് 21,040 കോടി രൂപയായി. മുന്‍ വര്‍ഷം സമാന അര്‍ധവാര്‍ഷിക വരുമാനം 18,082 കോടി രൂപയായിരുന്നു.

സെപ്റ്റംബര്‍ പാദത്തില്‍ പ്രീമിയത്തില്‍ നിന്നുള്ള വരുമാനം 5.5 ശതമാനം വര്‍ധിച്ച് 1,26,930.04 കോടി രൂപയായി. അര്‍ധവാര്‍ഷികത്തില്‍ പ്രീമിയം വരുമാനത്തില്‍ 5.14 ശതമാനത്തിന്റെ വര്‍ധനയുണ്ട്. 2,45,680 കോടി രൂപയാണ് അര്‍ധവാര്‍ഷിക പ്രീമിയം വരുമാനം. പുതിയ പ്രീമിയം അടക്കമുള്ള ബിസിനസില്‍ നിന്നുള്ള വരുമാനം 12.30 ശതമാനം വര്‍ധിച്ച് 5,111 കോടി രൂപയായി. മുന്‍ കാലയളവില്‍ ഇത് 4,551 കോടി രൂപയായിരുന്നു.

അതേസമയം, സെപ്റ്റംബര്‍ 30ന് അവസാനിച്ച ആറുമാസത്തില്‍ വിറ്റ വ്യക്തിഗത പോളിസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 72,60,573 പോളിസികളാണ് ഇക്കാലയളവില്‍ വിറ്റത്. മുന്‍ വര്‍ഷം സമാനകാലത്ത് ഇത് 91,70,420 പോളിസികളായിരുന്നു.

ഇന്‍ഷുറന്‍സ് മേഖലയുടെ വിപ്ലവകരമായ മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടി പരിഷ്‌കാരം വഴിയൊരുക്കുമെന്ന് എല്‍.ഐ.സി സിഇഒയും എംഡിയുമായ ആര്‍. ദൊരൈസ്വാമി പറഞ്ഞു. ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണിക്ക് കരുത്തുപകരുന്നതാണ് ഈ തീരുമാനമെന്നും എല്‍.ഐ.സിയെ സംബന്ധിച്ച് മികച്ച നാളുകളാണ് മുന്നിലുള്ളതെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഓഹരികളില്‍ കുതിപ്പ്

മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചത് എല്‍.ഐ.സി ഓഹരികളെ ഇന്ന് ഉയരത്തിലേക്ക് നയിച്ചു. ഇന്ന് (നവംബര്‍ 7) ഉച്ചവരെ ഓഹരിവില നാലു ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ ജിഎസ്ടി പരിഷ്‌കരണം കൊണ്ടുവന്നത് ഈ മേഖലയ്ക്ക് ഉണര്‍വാകുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ പേരിലേക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തുന്നത് കമ്പനികള്‍ക്ക് ഗുണം ചെയ്യും. ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ എല്‍.ഐ.സിക്ക് വ്യക്തമായ ആധിപത്യമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com