
പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങാനൊരുങ്ങുന്നവര്‍ സെപ്റ്റംബർ ഒന്നുമുതൽ ഇന്‍ഷുറന്‍സിനായി കൂടുതല്‍ തുക കരുതണം. കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഒന്നിച്ചടക്കാന്‍ നിയമമായി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ് നിര്‍ദ്ദേശം.
നിരവധി വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പുതുക്കാതെ നിരത്തിലിറക്കുന്നത് കണക്കിലെടുത്താണ് നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. പൊതുനിരത്തില്‍ ഓടുന്ന വാഹനങ്ങളെല്ലാം നിര്‍ബന്ധമായും എടുത്തിരിക്കേണ്ട ഇന്‍ഷുറന്‍സ് പോളിസിയാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്. വാഹനാപകടം മൂലം മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ മാത്രമേ ഈ പോളിസില്‍ ഉള്‍പ്പെടൂ. സ്വന്തം വാഹനത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ കവര്‍ ചെയ്യണമെങ്കില്‍ വാഹനഉടമ കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം.
പുതിയ നിയമം വരുന്നതോടെ ഉടമയ്ക്ക് മൂന്ന് രീതിയില്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാനാകും. നിര്‍ബന്ധിതമായ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമായി മൂന്നു വര്‍ഷത്തേക്ക് എടുക്കാം. അപ്പോള്‍ സ്വന്തം വാഹനത്തിന് പരിരക്ഷ ഉണ്ടാകില്ല. രണ്ടാമത്തെ രീതി, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മൂന്നും വര്‍ഷത്തേക്കും കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തേക്കും എടുക്കാം. ഒരു വര്‍ഷം കഴിയുമ്പോള്‍ ഈ പോളിസി പുതുക്കാനാകും. മൂന്നാമത്തെ രീതി, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും കോംപ്രിഹെന്‍സീവ് പോളിസിയും മൂന്ന് വര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കുകയെന്നതാണ്. ഇങ്ങനെ ചെയ്താല്‍ മൂന്ന് വര്‍ഷത്തേക്ക് പ്രീമിയം അടക്കേണ്ടതില്ല.
Read DhanamOnline in English
Subscribe to Dhanam Magazine