ആവേശത്തോടെ നിക്ഷേപകര്‍: എസ്.ഐ.പി അക്കൗണ്ടുകള്‍ റെക്കോഡില്‍

മ്യൂച്വല്‍ഫണ്ടില്‍ തവണകളായി നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി വഴി ജൂണില്‍ തുറന്നത് 27.8 ലക്ഷം പുതിയ അക്കൗണ്ടുകള്‍
ആവേശത്തോടെ നിക്ഷേപകര്‍: എസ്.ഐ.പി അക്കൗണ്ടുകള്‍ റെക്കോഡില്‍
Published on

ഓഹരി വിപണി പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ വിപണിയിലേക്ക് എത്തുന്ന നിക്ഷേപകരുടെ എണ്ണവും കുതിക്കുകയാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(എസ്.ഐ.പി) വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ ജൂണില്‍ റെക്കോഡ് വര്‍ധന. 27.8 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ജൂണില്‍ തുറന്നതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (Association of Mutual Funds in India /AMFI) റിപ്പോര്‍ട്ട് പറയുന്നു. 2021 സെപ്റ്റംബറിലെ 26.8 ലക്ഷം എന്ന റെക്കോഡാണ് മറികടന്നിരിക്കുന്നത്.

ഒരു വര്‍ഷത്തില്‍ 2.60 കോടി അക്കൗണ്ടുകള്‍

കഴിഞ്ഞ 12 മാസത്തിനിടെ 21.2 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകളാണ് ഓരോ മാസവും തുറന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മൊത്തം തുറന്നത് 2.60 കോടി അക്കൗണ്ടുകള്‍. കഴിഞ്ഞ മാസം 12.5 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് കണക്കെലടുത്താല്‍ 1.25 ലക്ഷം അക്കൗണ്ടുകളാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 6.70 കോടിയായി.

ശരാശരി നിക്ഷേപം 2,214 രൂപ

എസ്.ഐ.പി അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ നിക്ഷേപം 2,214 രൂപയാണ്. അഞ്ച് വര്‍ഷം മുമ്പ് ഇത് 3,304 രൂപയായിരുന്നു. എസ്.ഐ.പി അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ മൊത്തം മൂല്യം 1.2 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

എസ്.ഐ.പി നിക്ഷേപം തുടര്‍ച്ചയായ രണ്ടാം മാസവും 14,000 കോടിക്കു മുകളിലാണ്. ജൂണിലെ നിക്ഷേപം 14,734 കോടി രൂപ. 12 മാസത്തെ മൊത്തം എസ്.ഐ.പി നിക്ഷേപം 1.6 ലക്ഷം കോടി രൂപയായി. മികച്ച പണമൊഴുക്കും മൂലധന വര്‍ധനയും ചേര്‍ന്നപ്പോള്‍ എസ്.ഐ.പി അനുബന്ധഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി (Assets Under Management /AUM) ജൂണില്‍ 7.9 ലക്ഷം കോടിയുമായി.

എന്തുകൊണ്ട് എസ്.ഐ.പി

മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന മാര്‍ഗമാണ് എസ്.ഐ.പികള്‍. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം.റുപ്പീ കോസ്റ്റ് ആവറേജിംഗ് എന്ന തന്ത്രമാണ് എസ്.ഐ.പിയിലെ നിക്ഷേപത്തെ വളര്‍ത്തുന്നത്. വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുമ്പോള്‍ വിപണി ഇടിയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരം എസ്.ഐ.പി നല്‍കുന്നു.

അടുത്ത കാലത്തായാണ് മ്യൂച്വല്‍ഫണ്ടുകളില്‍ എസ്.ഐ.പി വഴി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്നത്. മുന്‍കാലങ്ങളില്‍ വിപണിയില്‍ തുരുത്തലുണ്ടാകുമ്പോള്‍ എസ്.ഐ.പി നിക്ഷേപം ഒഴിവാക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍ തിരുത്തല്‍ അവസരമായി നിക്ഷേപകര്‍ കണ്ടു തുടങ്ങിയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com