ആരോഗ്യ ഇന്‍ഷുറന്‍സില്‍ സുതാര്യത ഉറപ്പാക്കാന്‍ ഐ.ആര്‍.ഡി.എ നീക്കം

വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ ബാഹുല്യം മൂലം ആശയക്കുഴപ്പത്തിലാകുന്ന പൊതുജനങ്ങള്‍ക്ക് സുഗമ പരിരക്ഷ ഉറപ്പാക്കാനുതകുന്ന 'ആരോഗ്യ സഞ്ജീവനി പോളിസി' അവതരിപ്പിച്ച് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐആര്‍ഡിഎ). ഏപ്രില്‍ ഒന്നു മുതല്‍ ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കള്‍ ഈ പോളിസി വിപണിയിലെത്തിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയായിരിക്കണം പോളിസിത്തുകയെന്ന നിബന്ധനയുണ്ട്. 'ആരോഗ്യ സഞ്ജീവനി പോളിസി' എന്നതിനൊപ്പം ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരും ചേര്‍ത്തു വേണം അവതരിപ്പിക്കാന്‍. വേറെ പേരുകളൊന്നും ഉപയോഗിക്കാന്‍ പാടില്ല.
വിപണിയില്‍ ധാരാളം ഇനം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുള്ളതിനാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അടിസ്ഥാന ചികിത്സച്ചെലവുകള്‍ നേരിടാന്‍, താങ്ങാവുന്ന വിലയ്ക്കുള്ള പോളിസി തിരഞ്ഞെടുപ്പ് എളുപ്പമല്ലെന്നതു കണക്കിലെടുത്താണ് ഐആര്‍ഡിഎ ഇടപെട്ടത്.

നിരക്കുകള്‍ അഖിലേന്ത്യാ ഏകീകൃതമായിരിക്കണം. ഇന്‍ഷുറര്‍മാര്‍ക്ക് ഭൂമിശാസ്ത്രപരമായ മേഖല അടിസ്ഥാനമാക്കി നിരക്കു നിശ്ചയിക്കുന്നതിനു വിലക്കുണ്ട്. ഓരോ വര്‍ഷത്തേക്കും പ്രീമിയം ഈടാക്കുന്ന രീതിയിലായിരിക്കണം പോളിസി. പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷികമായി പ്രീമിയം അടയ്ക്കാനാകണം. ഇന്‍ഷുറന്‍സ് കവര്‍ കിട്ടുന്ന നിര്‍ബന്ധിത സേവനങ്ങളെല്ലാം ഉള്‍പ്പെടണം. 'ഓപ്ഷനല്‍', 'ആഡ് ഓണ്‍', 'ക്രിട്ടിക്കല്‍ ഇല്‍നെസ് കവര്‍' തുടങ്ങിയ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ല. കിടത്തി ചികിത്സയുടെ ചെലവുകള്‍ നല്‍കണം. തിമിര ശസ്ത്രക്രിയ പോലെ കിടത്തി ചികിത്സ വേണ്ടാത്തവയ്ക്കുള്ള ചെലവുകളും പരിധിക്കു വിധേയമായി അനുവദിക്കണം.

മറ്റ് അസുഖമോ അപകടം മൂലമോ ആവശ്യമെങ്കില്‍ ഒരു ചികിത്സയ്ക്ക് 2000 രൂപ എന്ന പരിധിക്കു വിധേയമായി ആംബുലന്‍സ് ചെലവു നല്‍കണം.ദന്ത ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി , 'ആയുഷ്' പദ്ധതിപ്രകാരമുള്ള ആശുപത്രി ചികിത്സ എന്നിവയും ഉള്‍പ്പെടുത്തണം.
ആശുപത്രി വാസത്തിന് 30 ദിവസം മുന്‍പു മുതലുള്ള ചികിത്സാ ചെലവുകളും ഡിസ്ചാര്‍ജിനു ശേഷം 60 ദിവസം വരെയുള്ള ചികിത്സാ ചെലവുകളും 'ആരോഗ്യ സഞ്ജീവനി പോളിസി' യുടെ ആനുകൂല്യങ്ങളാക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പോളിസി പുതുക്കല്‍ കൃത്യമായി നടന്നാല്‍, ക്ലെയിമില്ലാത്ത ഓരോ വര്‍ഷവും കഴിയുമ്പോള്‍ 5% ഇന്‍ഷുറന്‍സ് തുക കൂട്ടണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരമാവധി 50%. പോളിസി ഉടമയില്‍നിന്ന് നിശ്ചിത തുക (ഡിഡക്ടിബിള്‍) ഈടാക്കുന്ന രീതി പാടില്ല.കുടുംബാംഗങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തുന്ന ഫാമിലി ഫ്‌ളോട്ടര്‍ രീതിയിലായിരിക്കണം പോളിസി. പോളിസിയില്‍ ചേരാനുള്ള പ്രായം 18-65. ഒരു കമ്പനിയില്‍നിന്ന് മറ്റൊന്നിലേക്കു മാറ്റാനാകുന്നതാകണം പോളിസി.

തിമിരത്തിനു പുറമേ പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍, അള്‍സര്‍, പൈല്‍സ്, സൈനസ്, ഇഎന്‍ടി രോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, ഗര്‍ഭ പാത്രം നീക്കം ചെയ്യല്‍, ട്യൂമറുകള്‍ എന്നിവയ്ക്കുള്ള ചികിത്സാ ചെലവ് അനുവദിക്കുന്നത് പോളിസി എടുത്തശേഷമുള്ള 24 മാസം കാത്തിരിപ്പ് കാലയളവിനു വിധേയമായി ആയിരിക്കും. 48 മാസ കാലാവധി കഴിഞ്ഞാണെങ്കില്‍ സന്ധി മാറ്റിവയ്ക്കലിനും ക്ലെയിം ഉണ്ടാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it