

ഇന്നത്തെ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോടും പറഞ്ഞു കൊടുക്കേണ്ടതില്ല. ചെറിയ പനി വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ തന്നെ പോക്കറ്റ് കീറുമെന്ന് എല്ലാവര്‍ക്കും അറിയാം. അത്രത്തോളം വര്‍ധനയാണ് ചികിത്സാ ചെലവുകളില്‍ വന്നിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ മെഡിക്കല്‍ ഇന്‍ഫ്‌ളേഷന്‍ 14 ശതമാനമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാതെ മുന്നോട്ടു പോകുന്നത് നിങ്ങളുടെ സമ്പാദ്യം ഒറ്റയടിക്ക് കൈവിട്ടു കളയുന്നതിന് തുല്യമാണ്. അതുകൊണ്ട് അനുയോജ്യമായ പോളിസികള്‍ കണ്ടെത്തി കവറേജ് ഉറപ്പാക്കുകയാണ് വേണ്ടത്.
ഓരോരുത്തര്‍ക്കും അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുക ശ്രമകരമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാവര്‍ക്കുമായുള്ള ഒറ്റ ഉത്പന്നം എന്നതില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ മാറി. ന്യൂ-എജ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പലതും ഉപയോക്താക്ക
ളുടെ ആവശ്യങ്ങള്‍ക്കും അവരുടെ ജീവിത രീതിക്കും ഇണങ്ങുന്ന, അവര്‍ക്ക് തന്നെ നിയന്ത്രിക്കാവുന്ന വിധത്തിലാണ്. അതായത് മറ്റ് പലതിലുമെന്നതുപോലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിലും ഇത് കസ്റ്റമൈസേഷന്റെ കാലമാണ്. മിക്ക പോളിസികളും നിരവധി റൈഡര്‍ ഓപ്ഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് എത്തുന്നത്. തിരഞ്ഞെടുക്കുന്ന റൈഡറുകള്‍ക്ക് അനുസരിച്ച് അടിസ്ഥാന പോളിസിയില്‍ നിന്ന് 10-25 ശതമാനം വരെ കൂടുതലായിരിക്കും പ്രീമിയം. ചില ന്യൂജെന്‍ റൈഡേഴ്‌സിനെ കുറിച്ച് മനസിലാക്കാം.
ബോണസ് വഴിആരോഗ്യ സംരക്ഷണ ചെലവുകള്‍ വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് ചില മോഡേണ്‍ പോളിസികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റൈഡറാണ് ലോയല്‍റ്റി അല്ലെങ്കില്‍ ക്യുമിലേറ്റീവ് ബോണസ്. ഇതില്‍ നിങ്ങള്‍ ക്ലെയിം ചെയ്താലും ഇല്ലെങ്കിലും വര്‍ഷം ചെല്ലുംതോറും സം ഇന്‍ഷ്വേര്‍ഡ് കൂടികൊണ്ടിരിക്കും. ചില പോളിസികള്‍ 10 മുതല്‍ 25 ശതമാനം വരെയൊക്കെ കവറേജ് ഉയര്‍ത്താന്‍ അനുവദിക്കുന്നുണ്ട്. ഇതിനായി അധിക വാര്‍ഷിക ചാര്‍ജുകളൊന്നും ഈടാക്കുന്നുമില്ല. ഉദാഹരണത്തിന് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ പവര്‍ ബൂസ്റ്റര്‍ റൈഡര്‍ എല്ലാ വര്‍ഷവും 100 ശതമാനം ലോയല്‍റ്റി ബോണസ് നല്‍കുന്നുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്താലും അത് ലഭിക്കും. മണിപ്പാല്‍ സിഗ്നയുടെ സര്‍വ് ഉത്തം പോളിസിയില്‍ 100 ശതമാനം അധിക സം ഇന്‍ഷേര്‍ഡ് നല്‍കുന്ന ഗള്ളക്ക് റൈഡര്‍ അവതരിപ്പിച്ചിട്ടുണ്ട്. ബേസിക് സം ഇന്‍ഷ്വേര്‍ഡിന്റെ 1,000 ശതമാനം ആകുന്നതു വരെ ബോണസ് ലഭ്യമാക്കാം.
പോളിസി ഉടമകളെ ഉയര്‍ന്ന ചികിത്സാചെലവുകളില്‍ നിന്ന് സംരക്ഷിക്കാനാണ് അണ്‍ലിമിറ്റഡ് ക്ലെയിം ബെനഫിറ്റ്. ഗുരുതര രോഗങ്ങളോ അല്ലെങ്കില്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളോ മൂലം ദീര്‍ഘകാലം ആശുപത്രി വാസം വേണ്ടി വരികയും ചെലവേറിയ ചികിത്സകള്‍ നല്‍കേണ്ടിയും വരുമ്പോള്‍ ഒരുസാമ്പത്തിക പടച്ചട്ടയായി മാറുന്നതാണ് ഈ റൈഡര്‍. മണിപ്പാല്‍ സിഗ്നയുടെ സര്‍വ് ഉത്തം പോളിസിയിലെ ആനന്ദ് റൈഡര്‍ ഇത്തരത്തിലൊന്നാണ്.
കാന്‍സര്‍, ഹൃദ് രോഗങ്ങള്‍, പക്ഷാഘാതം, അവയവ-മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് ക്ലെയിം ലിമിറ്റ് ഇല്ലായെന്നതാണ് ഇതിന്റെ സവിശേഷത.
അതായത് പോളിസിയുടെ സം ഇന്‍ഷ്വേര്‍ഡ് 30 ലക്ഷം രൂപയാണെന്ന് വിചാരിക്കുക. ചികിത്സയ്ക്കായി ഒരു കോടിയോ അതില്‍ കൂടുതലോ ചെലവായാലും ആ തുക മുഴുവന്‍ റൈഡര്‍ കവര്‍ ചെയ്യും. ഉയര്‍ന്ന പരിധിയില്ല. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ജീവതകാലയളവില്‍ ഒരിക്കല്‍ മാത്രം ഈ റൈഡറിന് വാലിഡിറ്റി നല്‍കുമ്പോള്‍ മറ്റു ചിലര്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നുണ്ട്.
കസ്റ്റമേഴ്‌സിന് ഗുണപ്രദമായ മറ്റൊന്നാണ് സം ഇന്‍ഷ്വേര്‍ഡ് ക്യാരി ഫോര്‍ഫേഡ് ചെയ്യാനുള്ള സൗകര്യം. ഉപയോഗിക്കാത്തതിന് എന്തിന് പണം നല്‍കണമെന്നുള്ള ഉപയോക്താക്കളുടെ ചോദ്യത്തിനുള്ള മറുപടിയുമാണിത്. നിവ ബുപെ ആസ്പയര്‍പോളിസി ഉപയോഗിക്കാത്ത സം ഇന്‍ഷ്വേര്‍ഡ് അടുത്ത വര്‍ഷത്തേക്ക് ക്യാരിഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ പോളിസിയാണ് എടുത്തിരിക്കുന്നതെന്ന് വിചാരിക്കുക. ഒരുവര്‍ഷം അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാല്‍ ബാക്കി അഞ്ച് ലക്ഷം അടുത്ത വര്‍ഷത്തെ സം അഷ്വേര്‍ഡില്‍ ചേര്‍ക്കും.10 വര്‍ഷം കൊണ്ട് സം അഷ്വേര്‍ഡ് ഒരു കോടി രൂപ വരെയാകും. പ്രായം ചെല്ലുന്തോറും കൂടുതല്‍ സം അഷ്വേര്‍ഡ് ഉറപ്പു വരുത്താന്‍ ഇത് സഹായിക്കും.
സാധാരണഗതിയില്‍ പോളിസി ഉടമയുടെ പ്രായം കൂടുന്തോറും ഇന്‍ഷുറന്‍സ് പ്രീമിയവും കൂടാറുണ്ട്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് ദീര്‍ഘകാലത്തില്‍ ലാഭം ഉറപ്പാക്കുകയാണ് ഏജ് ഫ്രീസ് റൈഡറുകള്‍. പോളിസി വാങ്ങുമ്പോഴുള്ള പ്രായത്തിലെ പ്രീമിയം ലോക്ക് ചെയ്യാനാകും. അതായത് പോളിസി ക്ലെയിം ചെയ്യുന്നത് വരെയോ അല്ലെങ്കില്‍ നിശ്ചിത പ്രായമെത്തും വരെയോ പ്രീമിയത്തില്‍ മാറ്റമുണ്ടാകില്ല.
ഗാലക്‌സി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പ്രീമിയം പ്രോസ് റൈഡര്‍ ഉപയോക്താക്കളെ ആദ്യ ക്ലെയിം ചെയ്യുന്നതു വരെയോ അല്ലെങ്കില്‍ അവരുടെ 55 വയസുവരെയോ ഒരേ പ്രീമിയത്തില്‍ തുടരാന്‍ അനുവദിക്കുന്നു. വലിയൊരു തുക ലാഭിക്കാന്‍ പറ്റുന്നുവെന്നു മാത്രമല്ല, ചെറുപ്പക്കാരെ നേരത്തെ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ റൈഡര്‍.
ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും റൂം വാടകയും മാത്രമല്ല ആശുപത്രി ബില്ലില്‍ വരുന്നത്. നല്ലൊരു ഭാഗം ചെലവുംനോണ്‍ മെഡിക്കല്‍ അല്ലെങ്കില്‍ കണ്‍സ്യൂമബിള്‍ ചെലവുകളാണ്. അതായത് ഗ്ലൗസ്, സിറിഞ്ചുകള്‍, പിപിഇ കിറ്റ് തുടങ്ങിയവയുടെ ബില്ലുകള്‍. ഈ സാധനങ്ങള്‍ ചികിത്സയില്‍ മാറ്റി നിര്‍ത്തനാകില്ലെങ്കിലും പരമ്പരാഗത ഇന്‍ഷുറന്‍സ് കവറേജില്‍ ഇവ ഉള്‍പ്പെടുത്താറില്ല. ഇതൊഴിവാക്കാന്‍ കമ്പനികള്‍ കണ്‍സ്യൂമബ്ള്‍, നോണ്‍ പേയബിള്‍ സാധനങ്ങള്‍ക്ക് കൂടി പരിരക്ഷ നല്‍കുന്ന പോളിസികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഗാലക്‌സി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 68 സാധങ്ങള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്. ഒപ്പം അഡ്മിഷന്‍, ഇന്‍ഷുറന്‍സ് പ്രോസസിംഗ് ചാര്‍ജ് എന്നിവയും പോളിസിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
ആദ്യ ദിനം മുതല്‍ പരിരക്ഷപ്രമേഹം, ആസ്ത്മ, രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിങ്ങനെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ അതിന്റെ ചികിത്സയ്ക്ക് ക്ലെയിം ചെയ്യണമെങ്കില്‍ സാധാരണഗതിയില്‍ രണ്ട് വര്‍ഷം വരെ കാത്തിരിക്കണം. ഗുരുതരമായ പ്രശ്‌നങ്ങളുമായി ജീവിക്കുന്നവര്‍ക്ക് ഈ ദീര്‍ഘകാല കാത്തിരിപ്പ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ഇതിലും ന്യൂ ഏജ് പോളിസികള്‍ മാറ്റം കൊണ്ടു വരുന്നുണ്ട്. ഐ.സി.ഐ.സി ലൊംബാര്‍ഡിന്റെ എലിവറ്റ് പ്ലാന്‍ ഇന്‍ഫിനിറ്റ് അഷ്വറന്‍സ് റൈഡറുമായാണ് എത്തുന്നത്. പോളിസിയെടുത്ത് 31-ാം നാള്‍ മുതല്‍ മുന്‍കാല രോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കും. ബേസ് പ്രീമിയത്തേക്കാള്‍ 20 ശതമാനം വരെ കൂടുതലാണ് റൈഡറിന് നല്‍കേണ്ടത്.
ആശുപത്രിയില്‍ പ്രവേശിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാലാണ് സാധാരണ ക്ലെയിം സാധുവാകുക. എന്നാല്‍ മണിക്കൂറുകള്‍ മാത്രം വേണ്ടി വരുന്ന സര്‍ജറികള്‍ക്ക് പരിരക്ഷ നല്‍കുന്ന റൈഡറുകളുമുണ്ട്. രണ്ട് മണിക്കൂര്‍ മാത്രം ആശുപത്രിയില്‍ ചെലവഴിച്ചാലും ഇത്തരം പോളിസികളില്‍ ക്ലെയിം ചെയ്യാനാകും.
(പോളിസി റൈഡറുകളെ കുറിച്ചുള്ള ചില വിവരങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദഗ്ധരുടെ സഹായത്തോടെയും സ്വന്തമായി പഠിച്ചും വേണം അനുയോജ്യമായ പോളിസികള്‍ തെരഞ്ഞെടുക്കാന്‍.)
Modern health insurance plans offer customizable riders to meet evolving medical and financial needs in India.
(This article was originally published in Dhanam Business Magazine May 31st issue)
Read DhanamOnline in English
Subscribe to Dhanam Magazine