60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ കിട്ടാന്‍ വയ വന്ദന പോളിസി: അറിയാം ഈ കാര്യങ്ങള്‍

60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ കിട്ടാന്‍ വയ വന്ദന പോളിസി: അറിയാം ഈ കാര്യങ്ങള്‍
Published on

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് ആശങ്കകളുടെ കാലമാണ്. പലരും ജീവിതകാല സമ്പാദ്യം ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ട് അതിന്റെ പലിശ കൊണ്ടാണ് മരുന്ന് പോലുള്ള അത്യാവശ്യ ചെലവുകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാങ്ക് പലിശ നിരക്കുകള്‍ അടിക്കടി കുറയുന്നു. ഈ പ്രായത്തില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ റിസ്‌കെടുക്കാനും പറ്റില്ല.

ഈ സാഹചര്യത്തിലാണ് സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന് വിളിക്കാവുന്ന പ്രധാനമന്ത്രി വയ വന്ദന പോളിസിയില്‍ ചേരാനുള്ള സമയം 2023 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതുക്കി അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയില്‍ ഇപ്പോള്‍ അംഗമാകാം. എല്‍ ഐ സിയുടെ ഈ സ്‌കീല്‍ ചേരുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍.

മുതിര്‍ന്ന പൗരന്മാര്‍ക്ക് എങ്ങനെ നിക്ഷേപിക്കാം?

60 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഈ സ്‌കീമില്‍ ചേരാം. എല്‍ഐസിയുടെ വെബ്‌സൈറ്റായ licindia.in വഴി ഓണ്‍ലൈനായോ എല്‍ ഐ സി ഓഫീസുകള്‍ വഴിയോ എല്ലാം ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം. ഒരാളുടെ പേരില്‍ ഒരു പോളിസിയേ നല്‍കു. നിലവില്‍ ഒരു പോളിസിയുള്ള വ്യക്തിക്ക് ജീവിത പങ്കാളിയുടെ പേരില്‍ മറ്റൊന്ന് എടുക്കാം. പെന്‍ഷനറുടെ ജീവിതശേഷം നിക്ഷേപതുക തിരികെ ലഭിക്കാന്‍ ഒന്നോ അതിലധികമോ വ്യക്തികളെ നോമിനേറ്റ് ചെയ്യാം.

എത്ര തുക നിക്ഷേപിക്കാം? എങ്ങനെ പെന്‍ഷന്‍ ലഭിക്കും?

വയ വന്ദന സ്‌കീമില്‍ ഒരാള്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പ്രതിമാസം, മൂന്നു മാസം കൂടുമ്പോള്‍, അര്‍ദ്ധ വാര്‍ഷികമായി, വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവുകള്‍ പെന്‍ഷനു വേണ്ടി തെരഞ്ഞെടുക്കാം. പത്തുവര്‍ഷത്തേക്ക്, നിശ്ചിത ശതമാനം പലിശ നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും.

എത്രയാണ് പലിശ നിരക്ക്?

ഈ സാമ്പത്തിക വര്‍ഷം നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് 7.4 ശതമാനമാണ് പലിശ നിരക്ക്. പെന്‍ഷന്‍ തുക വര്‍ഷാവസാനം മതിയെന്ന ഓപ്ഷനാണ് സ്വീകരിക്കുന്നതെങ്കില്‍ 7.66 ശതമാനം പലിശ ലഭിക്കും. അടുത്ത പത്തുവര്‍ഷത്തേക്ക് ഇതായിരിക്കും പലിശ നിരക്ക്.

ഓരോ വര്‍ഷത്തിലെയും വയ വന്ദന സ്‌കീമിന്റെ പലിശ നിരക്ക് അതത് വര്‍ഷം തീരുമാനിക്കും. ആ വര്‍ഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആ പലിശ നിരക്കാവും ബാധകം.

നിലവിലെ പലിശ നിരക്ക് പ്രകാരം പ്രതിമാസം 1000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 1,62,162 രൂപ നിക്ഷേപിക്കണം. പരമാവധി 9,250 രൂപ വരെയേ പെന്‍ഷന്‍ ലഭിക്കൂ.

നിക്ഷേപ തുക എപ്പോള്‍ തിരികെ ലഭിക്കും?

നിക്ഷേപകാലാവധിയായ പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക തിരികെ ലഭിക്കും.

പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തി മരണമടഞ്ഞാല്‍ നിക്ഷേപ തുക പൂര്‍ണമായും നോമിനിക്ക് ലഭിക്കും. നിക്ഷേപകനോ ജീവിത പങ്കാളിക്കോ ഗുരുതര രോഗങ്ങള്‍ പിടിപെടുക പോലുള്ള അസാധാരണ സന്ദര്‍ഭങ്ങളില്‍ നിക്ഷേപത്തിന്റെ 98 ശതമാനം തുക തിരികെ വാങ്ങി നിക്ഷേപം അവസാനിപ്പിക്കാം. പോളിസി എടുത്ത് മൂന്നുവര്‍ഷം കഴിഞ്ഞാല്‍, നിക്ഷേപ തുകയുടെ 75 ശതമാനം വരെ വായ്പായി പിന്‍വലിക്കാം.

നികുതി ഇളവുകള്‍ ബാധകമാണോ?

നിക്ഷേപതുകയ്ക്ക് ആദായനികുതി ഇളവുകള്‍ക്ക് അര്‍ഹതയില്ലെന്ന് മാത്രമല്ല പെന്‍ഷനായി ലഭിക്കുന്ന തുക ആദായ നികുതി കണക്കാക്കാനുള്ള വരുമാനമായി പരിഗണിക്കുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com