

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ പ്രമുഖ ശക്തിയായ ഓപ്പൺ എഐ (OpenAI), ഏഷ്യ-പസഫിക് (APAC) മേഖലയിലെ പ്രവർത്തനങ്ങളുടെ വൈസ് പ്രസിഡന്റായി സന്ധ്യാ ദേവനാഥനെ നിയമിച്ചു. മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായിരുന്ന സന്ധ്യയുടെ പുതിയ നിയമനം എഐ രംഗത്ത് ആഗോളതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
നേരത്തെ കമ്പനിയുടെ ടോക്കിയോ ഓഫീസ് കേന്ദ്രീകരിച്ച് സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകൾ ഏകോപിപ്പിച്ചിരുന്ന ഘടനയിൽ നിന്ന് മാറി, ഏഷ്യ-പസഫിക് മേഖലയിൽ കമ്പനിയുടെ ബിസിനസ് അടിത്തറ കൂടുതൽ ശക്തമാക്കാനാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യ, ബാങ്കിംഗ്, വിപണി വിപുലീകരണം എന്നീ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് സന്ധ്യാ ദേവനാഥൻ. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയ അവർ, സിറ്റി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
2016-ലാണ് സന്ധ്യ മെറ്റയിൽ (അന്നത്തെ ഫേസ്ബുക്ക്) ചേരുന്നത്. തുടർന്ന് തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ ഇ-കോമേഴ്സ്, ഗെയിമിംഗ് മേഖലകളിൽ മെറ്റയുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ചു. 2023 ജനുവരിയിലാണ് അവർ മെറ്റാ ഇന്ത്യയുടെ തലപ്പത്തേക്ക് എത്തുന്നത്.
കമ്പനിയുടെ ഏഷ്യ-പസഫിക് ഗെയിമിംഗ് ബിസിനസ്സ് നയിക്കുന്നതും സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങിയ വിപണികളിൽ മെറ്റയുടെ സാന്നിധ്യം വികസിപ്പിക്കാൻ സഹായിച്ചതും ഉൾപ്പെടെ നിരവധി നേതൃത്വപരമായ പദവികൾ അവർ വഹിച്ചിട്ടുണ്ട്.
മെറ്റയിൽ നിന്നുള്ള തന്റെ പടിയിറക്കം ലിങ്ക്ഡ്ഇനിൽ (LinkedIn) പ്രഖ്യാപിച്ചുകൊണ്ട്, ഒരു പതിറ്റാണ്ട് നീണ്ട സേവനം അവസാനിപ്പിക്കുന്നത് വികാരഭരിതമായ ഒരു നിമിഷമാണെന്നും തന്റെ "അടുത്ത ആവേശകരമായ ഘട്ടത്തിനായി" കാത്തിരിക്കുകയാണെന്നും ദേവനാഥൻ പറഞ്ഞു.
സന്ധ്യാ ദേവനാഥന്റെ നിയമനത്തോടെ ഓപ്പൺ എഐക്ക് ഇന്ത്യ ഉൾപ്പെടെയുള്ള തെക്കേഷ്യൻ രാജ്യങ്ങളിലെ വിപണി വിപുലീകരണം കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും. സാം ആൾട്ട്മാന്റെ നേതൃത്വത്തിൽ ചാറ്റ്ജിപിടിയുടെ (ChatGPT) ജനപ്രീതി ഏഷ്യൻ രാജ്യങ്ങളിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ, കോർപ്പറേറ്റ് പങ്കാളിത്തങ്ങളും സർക്കാരുമായുള്ള സഹകരണവും വർധിപ്പിക്കാൻ ഇത് സഹായിക്കും.
സാങ്കേതികവിദ്യയിലും സ്റ്റാർട്ടപ്പ് രംഗത്തും മുന്നേറുന്ന ഇന്ത്യയിലെ എഐ വികസനത്തിന്, ഇന്ത്യക്കാരിയായ ഒരു ആഗോള എക്സിക്യൂട്ടീവ് ഓപ്പൺ എഐയുടെ തലപ്പത്തെത്തുന്നത് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്.
ഓപ്പൺഎഐയുടെ (OpenAI) തെക്കുകിഴക്കൻ ഏഷ്യയിലെയും ഓസ്ട്രേലിയയിലെയും പ്രാദേശിക വളർച്ചയുടെ ചുമതല ദേവനാഥനായിരിക്കും നിർവ്വഹിക്കുക. ഉപഭോക്തൃ സ്വീകാര്യത, എന്റർപ്രൈസ് പങ്കാളിത്തങ്ങൾ, നിയന്ത്രണ ഏജൻസികളുമായുള്ള സഹകരണം (regulatory engagement), പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കമ്പനിയുടെ ഉപയോക്തൃ അടിത്തറ വികസിപ്പിക്കുന്നതിനും സർക്കാരുകൾ, സ്ഥാപനങ്ങൾ, സാങ്കേതിക മേഖലയിലെ പ്രധാന വ്യക്തികൾ എന്നിവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവർ ശ്രദ്ധ കേന്ദ്രീകരിക്കും.
മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക വിപണികളിൽ ഓപ്പൺഎഐയുടെ നേതൃത്വവും പ്രവർത്തനങ്ങളും ശക്തമാക്കാനാണ് പുതുതായി സൃഷ്ടിച്ച ഈ തസ്തിക ലക്ഷ്യമിടുന്നത്.
Meta’s former India head Sandhya Devanathan takes charge of OpenAI's Asia-Pacific operations to drive regional expansion.
Read DhanamOnline in English
Subscribe to Dhanam Magazine