

കേരളത്തില്‍ വലിയ നാശം വിതച്ച് കടന്നുപോയ പ്രളയം നിരവധി ബിസിനസുകള്‍ക്കാണ് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.
ആലുവ, അങ്കമാലി, ചാലക്കുടി ഭാഗങ്ങളിലെ ബിസിനസുകളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. തീപിടുത്തം, ഇടിമിന്നല്‍, പ്രകൃതിക്ഷോഭം, പ്രളയം തുടങ്ങിയവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്‍ഡ് സ്‌പെഷല്‍ പെറില്‍സ് പോളിസി. (ഇതില്‍ ഭൂമികുലുക്കം ഉള്‍പ്പെടുത്തിയിട്ടില്ല, അത് അധികപ്രീമിയത്തില്‍ ചേര്‍ക്കുകയാണ് വേണ്ടത്) എന്നാല്‍ ഈ പോളിസി എടുത്തിട്ടുള്ള പല സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാനായി അപേക്ഷിച്ചെങ്കിലും പലരുടെയും ക്ലെയിം നിരസിക്കപ്പെട്ടു. പല സ്ഥാപനങ്ങള്‍ക്കും അര്‍ഹിക്കുന്ന നഷ്ടപരിഹാരം കിട്ടിയില്ല.
കാരണങ്ങള്‍ എന്തൊക്കെ?
ഇന്‍ഷുറന്‍സ് പോളിസി എടുത്തതിന്റെ രേഖകള്‍ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് പോളിസി തന്ന ഏജന്റിനെയോ ഇന്‍ഷുറന്‍സ് കമ്പനിയെയോ സമീപിക്കുക. പോ
ളിസി നമ്പര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇല്ലെങ്കിലും നിങ്ങളുടെ പാന്‍ നമ്പറോ ഫോണ്‍ നമ്പറോ വഴി കമ്പനിക്ക് അത് കണ്ടെത്താനാകും.
ആവശ്യമായ തെളിവുകള്‍
ക്ലെയിം വന്നാല്‍ രണ്ട് തെളിവുകളാണ് നാം കൊടുക്കേണ്ടത്. എത്രമാത്രം നാശനഷ്ടമുണ്ടായി എന്നതാണ് ആദ്യത്തെ തെളിവ്. ഇന്‍ഷുറന്‍സ് എടുത്ത സ്ഥാപനത്തിന് അല്ലെങ്കില്‍ വ്യക്തിക്ക് തന്നെയാണ് നാശനഷ്ടമുണ്ടായതെന്നതിന്റെ തെളിവാണ് അടുത്തതായി ഹാജരാക്കേണ്ടത്.
എന്താണ് വഴി?
ദുരന്തം സംഭവിക്കുന്ന സമയത്ത് എത്രമാത്രം സ്റ്റോക്ക് ഉണ്ടായിരുന്നു എന്ന് തെളിയിക്കുക അത്ര എളുപ്പമല്ല. തീപിടുത്തമാണ് നടന്നതെങ്കില്‍ അതിന്റെ ചാരം വെച്ച് ഏകദേശം കണക്കാക്കാനാകും. എന്നാല്‍ പ്രളയത്തില്‍ സ്റ്റോക്ക് ഒഴുകിപ്പോയിട്ടുണ്ടെങ്കില്‍ ഇത് കണ്ടെത്തുക എളുപ്പമല്ല. എക്കൗണ്ട് ബുക്കും മറ്റും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സ്റ്റോക്ക് വാങ്ങിയ വെന്‍ഡേഴ്‌സില്‍ നിന്ന് സ്‌റ്റേറ്റ്‌മെന്റ് എടുക്കാം. എന്നാല്‍ അങ്കമാലി, ആലുവ, ചാലക്കുടി ഭാഗങ്ങളിലെ പല ബിസിനസുകാര്‍ക്കും സംഭവിച്ചത് വെന്‍ഡേഴ്‌സിനും പ്രളയത്തില്‍ രേഖകള്‍ നഷ്ടമായി എന്നതാണ്. മറ്റൊരു മാര്‍ഗം ജിഎസ്ടി അടച്ച രേഖകള്‍ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുക എന്നതാണ്.
ഭാവിയില്‍ എന്തു ചെയ്യണം?
ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള പ്രകൃതിക്ഷോഭങ്ങളും അപ്രതീക്ഷിത ദുരന്തങ്ങളും നാം എപ്പോഴും പ്രതീക്ഷിക്കണം. അതിനായി ഒരുങ്ങിയിരിക്കണം. ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടില്ലാത്തവര്‍ എത്രയും വേഗം അത് എടുക്കുക. വര്‍ഷാവര്‍ഷം പ്രീമിയം അടയ്ക്കുന്നത് ബിസിനസിന്റെ ചെലവുകളുടെ ഭാഗമായി കരുതണം. ആ ചെലവ് കണക്കാക്കി വേണം ഉല്‍പ്പന്നത്തിനും സേവനത്തിനും വില ഈടാക്കുന്നതുപോലും. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പറും ഇ-മെയ്ല്‍ ഐഡിയും നല്‍കണം. അതുപോലെ എക്കൗണ്ട് ബുക്ക് പോലെയുള്ള എല്ലാ രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കണം. ലാപ്‌ടോപ്പിലോ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ്‌വെയറിലോ മാത്രമാക്കാതെ ക്ലൗഡില്‍ സൂക്ഷിക്കുക. ഗൂഗിള്‍ ഡ്രൈവ് നല്ലൊരു ഓപ്ഷനാണ്. ക്ലൗഡില്‍ സൂക്ഷിക്കുന്ന രേഖകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.
(ലേഖകന്‍ എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ്
ലിമിറ്റഡിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ്. ഫോണ്‍: 95620 22600)
Read DhanamOnline in English
Subscribe to Dhanam Magazine