

മോട്ടോർ വാഹന അപകടങ്ങളിൽ അകപ്പെടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനാണ് മോട്ടോർ വാഹന നിയമപ്രകാരം നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ ഈ തുകയ്ക്കും അതിന് ലഭിക്കുന്ന പലിശയ്ക്കും നികുതി നൽകേണ്ടതുണ്ടോ എന്നത് പലരിലും സംശയമുണ്ടാക്കുന്ന കാര്യമാണ്. ഇതുസംബന്ധിച്ചുളള വസ്തുതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നഷ്ടപരിഹാരത്തുകയുടെ നികുതി: മോട്ടോർ വാഹന നിയമം 1988 അനുസരിച്ച് മരണം, പൂർണമായോ ഭാഗികമായോ ഉള്ള ശാരീരിക വൈകല്യം എന്നിവയ്ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക ഒരു 'മൂലധന സ്വഭാവമുള്ള രസീത്' (Capital receipt) ആണ്. അതിനാൽ തന്നെ ഇതിനെ വരുമാനമായി കണക്കാക്കാൻ കഴിയാത്തിനാല്‍ ഇത് ആദായനികുതിക്ക് വിധേയമല്ല.
പലിശയുടെ മേലുള്ള നികുതി: നഷ്ടപരിഹാരം നൽകാൻ വൈകുന്ന സാഹചര്യത്തിൽ കോടതി ഉത്തരവ് പ്രകാരം ലഭിക്കുന്ന പലിശയുടെ കാര്യത്തിൽ നിയമം അല്പം സങ്കീർണ്ണമാണ്. നിലവിലെ നിയമമനുസരിച്ച് (Section 194A), ഇത്തരം പലിശ തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ടിഡിഎസ് (TDS) കുറയ്ക്കേണ്ടതുണ്ട്. ഇതിനർത്ഥം നിലവിൽ ഈ പലിശ തുക വരുമാനമായി കണക്കാക്കി നികുതി ഈടാക്കുന്നു എന്നാണ്.
വൈകിയ പെയ്‌മെന്റിന് ലഭിക്കുന്ന പലിശ യഥാർത്ഥത്തിൽ നഷ്ടപരിഹാരത്തിന്റെ തന്നെ ഭാഗമാണെന്ന വാദം പരിഗണിച്ച്, 2026 ലെ ബജറ്റിൽ സുപ്രധാനമായ ഒരു മാറ്റം നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് മരണം അല്ലെങ്കിൽ വൈകല്യം എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകൾക്ക് ലഭിക്കുന്ന പലിശയ്ക്ക് 2026 ഏപ്രിൽ 1 മുതൽ നികുതി ഇളവ് ലഭിക്കും.
ഈ നിയമമാറ്റം വരുന്നതിന് മുൻപ് ലഭിക്കുന്ന പലിശയുടെ കാര്യത്തിൽ ഇന്ത്യയിലെ വിവിധ ഹൈക്കോടതികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അലഹബാദ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതികൾ ഇത്തരം പലിശ നികുതി നൽകേണ്ട ആദായമല്ലെന്ന് വിധിച്ചപ്പോൾ പട്‌ന, മദ്രാസ് ഹൈക്കോടതികൾ ഇത് നികുതി നൽകേണ്ട വരുമാനമാണെന്ന വിപരീത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Tax treatment of motor accident compensation and interest, including the proposed 2026 exemption update under Indian income tax law.
Read DhanamOnline in English
Subscribe to Dhanam Magazine