വിദേശത്ത് ഷോപ്പിംഗ്: ക്രെഡിറ്റ് കാര്‍ഡ് കൈപൊള്ളിക്കും

വിദേശ രാജ്യങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ എല്‍.ആര്‍.എസില്‍ ഉള്‍പ്പെടുത്തി, 20 ശതമാനം ടി.സി.എസും പിടിക്കും
credit card transaction
Image: Canva
Published on

വിദേശ രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നത് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്(എല്‍.ആര്‍.എസ്) കീഴില്‍ ഉള്‍പ്പെടുത്തി ആര്‍.ബി.ഐ ഉത്തരവിറക്കി. ആര്‍.ബി.ഐയുടെ അനുമതിയില്ലാതെ ഒരു വര്‍ഷം പരമാവധി രണ്ടര ലക്ഷം ഡോളര്‍ (2.06 കോടി രൂപ) വരെയാണ് ചെലവഴിക്കാനാകുക. ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും.

അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ എല്‍.ആര്‍.എസില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്(കറന്റ് അക്കൗണ്ട് ട്രാന്‍സാക്ഷന്‍സ്)(ഭേദഗതി) റൂള്‍സ്, മെയ് 16 ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ വിദേശരാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവഴിക്കുന്ന പണത്തിന് 20 ശതമാനം ടി.സി.എസും (Tax Collected at Source /TCS) ഏര്‍പ്പെടുത്തി.

രണ്ടരലക്ഷം ഡോളറില്‍ കൂടുതലോ വിദേശ കറന്‍സിയില്‍ അതിന് തുല്യമായതോ ആയ പണം ചെലവഴിക്കുന്നതിന് ഇനി ആര്‍.ബി.ഐയുടെ അനുമതി ആവശ്യമാണ്. നേരത്തെ വിദേശ രാജ്യങ്ങളില്‍ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചെലവാക്കുന്നത് എല്‍.ആര്‍.എസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

വിദേശ ചെലവഴിക്കല്‍ ഉയരുന്നു

വിദേശ യാത്രകളില്‍ പണം ചെലവഴിക്കുന്നത് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐയുടെ പുതിയ തീരുമാനം. 2022 ഏപ്രില്‍- ഫെബ്രുവരി കാലയളവില്‍ ഇന്ത്യാക്കാര്‍ വിദേശ യാത്രയ്ക്കിടെ ചെലവഴിച്ച് 12.51 കോടി ഡോളറാണ്. മുന്‍ സാമ്പത്തിക വര്‍ഷവുമായി നോക്കുമ്പോള്‍ 104 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ടൂര്‍ പാക്കേജുകളുടെ ബുക്കിംഗ് ഉള്‍പ്പെടെയുള്ള വിദേശ ഇടപാടുകള്‍ക്ക് സ്രോതസില്‍ നികുതി(Tax Collected at Source /TCS) ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് 20 ശതമാനം ടി.സി.എസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്. വ്യക്തികളുടെ നികുതി ബാധ്യതയില്‍ ഈ 20 ശതമാനം ടി.സി.എസ് ഉള്‍പ്പെടുത്തും. നികുതി ബാധ്യത ഇല്ലാത്തവരാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ തുക തിരിച്ച് ലഭിക്കും. നികുതി നല്‍കുന്നവരെ സംബന്ധിച്ച് സ്രോതസില്‍ നികുതി പിരിവു നടക്കുന്നതിനാല്‍ അവരുടെ നികുതി ബാധ്യതയില്‍ അത്രയും തുക കുറവുവരും.

അതേസമയം, ആര്‍.ബി.ഐയുടെ പുതിയ നടപടിക്കെതിരെ സാമ്പത്തിക വിദഗ്ധരും ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ടി.സി.എസ് പിടിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധര്‍ ചൂണ്ടാക്കാട്ടുന്നത്. ബാങ്കുകളെയും സാമ്പത്തിക സ്ഥാപനങ്ങളേയും സംബന്ധിച്ച് ഈ മാറ്റങ്ങള്‍ വലിയ തലവേദനയാകുമെന്നും അഭിപ്രായമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com