നിക്ഷേപം ഇരട്ടിയാകുന്ന പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി

ചെറുതുകകള്‍ നിക്ഷേപിച്ച് വലിയ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ കഴിയുന്ന നിരവധി ലഘു സമ്പാദ്യ പദ്ധതികളുണ്ട് പോസ്റ്റ് ഓഫീസുകള്‍ക്ക് എന്നാല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെ വലിയ നിക്ഷേപം നടത്തിയാല്‍ ഇരട്ടി നേട്ടം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ചറിയാമോ? വളരെ നേരത്തെ തന്നെ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും അധികം ആഘോഷിക്കപ്പെടാത്ത ഒരു പദ്ധതിയാണിത്, കിസാന്‍ വികാസ് പത്ര(KVP).

കേള്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്കുള്ള പ്രത്യേക പദ്ധതിയെന്നു തോന്നുമെങ്കിലും ആര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. ബാങ്ക് എഫ്.ഡി പോലെയെങ്കിലും പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ ആകര്‍ഷകമാണിത്. പലിശ നിരക്ക് 7.5 ശതമാനമാണെന്നതുള്‍പ്പെടെ കിസാന്‍ വികാസ് പത്രയില്‍ അംഗമാകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.

എങ്ങനെ പങ്കാളിയാകാം?

ഇതൊരു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമാണ്. പത്ത് വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും കിസാന്‍ വികാസ് പത്രയില്‍ അക്കൗണ്ട് തുറക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യവുമുണ്ട്. 18 വയസ്സു കഴിഞ്ഞവര്‍ക്ക് സ്വന്തമായി അക്കൗണ്ട് തുറക്കുകയും ജോയിന്റ് അക്കൗണ്ട് ആയി മറ്റൊരു അക്കൗണ്ട് എടുക്കുകയോ ചെയ്യാം. മൂന്ന് പേര്‍ക്കാണ് ഒരു ജോയിന്റ് അക്കൗണ്ടില്‍ പരമാവധി അംഗമാകാന്‍ സാധിക്കുക. പോസ്റ്റ് ഓഫീസ് വഴി നേരിട്ട് പദ്ധതിയില്‍ ചേരാം. ഐഡന്റിന്റി കാര്‍ഡ് കോപ്പി നല്‍കി ഫോം എ സമര്‍പ്പിക്കണം, ഒപ്പം കെ.വൈ.സി (Know Your Customer) ഫോം നല്‍കിയാല്‍ മതി. ചില ബാങ്കുകള്‍ വഴിയും പദ്ധതിയില്‍ ഭാഗമാകാവുന്നതാണ്.

ഏജന്റ് വഴിയാണ് നിക്ഷേപമെങ്കില്‍ ഫോം എ1 സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ നല്‍കി പണം നിക്ഷേപിച്ചാല്‍ കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഡ് ഇ-മെയില്‍ ഐഡിയിലേക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

1000 രൂപ മുതല്‍ നിക്ഷേപം

കിസാന്‍ വികാസ് പത്രയില്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. നിക്ഷേപിക്കാന്‍ കഴിയുന്ന തുകയ്ക്ക് ഉയര്‍ന്ന നിക്ഷേപ പരിധിയില്ല. എന്നാല്‍ കൂടുതല്‍ നേട്ടം ലഭിക്കണമെങ്കില്‍ വലിയ തുക നിക്ഷേപിക്കണം.

പലിശ

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ പലിശ നിരക്ക് 7.5 ശതമാനമാണ്. കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ നിക്ഷേപകര്‍ക്ക് ഇരട്ടി നേട്ടം സ്വന്തമാക്കാം.

കാലാവധി

ഓരോ വര്‍ഷവും കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന കാലയളവ് ആണ് ഈ പദ്ധതിക്ക് ബാധകമാകുക. നിലവില്‍, 2023 ഏപ്രില്‍ ഒന്ന് മുതല്‍ 115 മാസത്തിന് ശേഷമാണ് കാലാവധി പൂര്‍ത്തിയാകുക. 9 വർഷവും നാല് മാസവുമാണ് കാലാവധിയെങ്കിലും രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാന്‍ കിസാന്‍ വികാസ് പത്ര അനുവദിക്കുന്നുണ്ട്. കാലാവധിക്കു മുമ്പ് പണം പിന്‍വലിക്കാന്‍ പോസ്റ്റ് ഓഫീസ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാത്രമല്ല, കാലാവധി പൂര്‍ത്തിയാക്കാത്തവര്‍ക്ക് നിക്ഷേപിച്ച തുകയില്‍ പൂര്‍ണമായും നേട്ടം ലഭിക്കണമെന്നില്ല.

അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാല്‍ ഇത് ക്ലോസ് ചെയ്ത് നോമിനിക്ക് പണം പിന്‍വലിക്കാം. ജോയിന്റ് അക്കൗണ്ട് ആണെങ്കിലും ഇത് ലഭിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

നിക്ഷേപം ഇരട്ടിയാകും

നേരത്തെ 120 മാസം നിക്ഷേപം അക്കൗണ്ടില്‍ സൂക്ഷിച്ചാണ് നിക്ഷേപം ഇരട്ടിയാക്കല്‍ സാധിച്ചിരുന്നതെങ്കിലും നിലവില്‍ 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. അതായത്, 10 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് 115 മാസത്തിന് ശേഷം 20 ലക്ഷം രൂപ സ്വന്തമാക്കാം. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it