
മലയാളികള്‍ക്ക് പണ്ട് മുതല്‍ താല്‍പ്പര്യമുള്ളതാണ് ഭൂമിയിലുള്ള നിക്ഷേപം. ഭൂമി വാങ്ങി വീടും കടമുറിയും ഷോപ്പിംഗ് കോംപ്ലക്‌സുകളും മറ്റും ഉണ്ടാക്കി വാടകയ്ക്ക് കൊടുത്ത് വരുമാനം ഉണ്ടാക്കുന്നതാണ് പലരുടെയും രീതി. ഇതുപോലെ ഭൂമി വാങ്ങി, മറിച്ചു വിറ്റ് ലാഭമുണ്ടാക്കുക, കടമുറികളും വീടും ക്വാര്‍ട്ടേഴ്‌സും പണിത് വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുക തുടങ്ങിയ പ്രവൃത്തികളിലാണ് പലരും വലിയ താല്‍പ്പര്യം കാണിക്കാറുള്ളത്. പക്ഷേ ഭൂമി വിലയില്‍ ഉണ്ടാകുന്ന മാറ്റവും നികുതി വര്‍ധനയുമൊക്കെ ഇത്തരക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് മാതൃകയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ച് പണം നേടുന്ന മറ്റൊരു രീതിയുണ്ട്.
സാധാരണക്കാരായ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് മെട്രോ നഗരങ്ങളിലും മറ്റും കൊമേഴ്‌സ്യല്‍ ബില്‍ഡിംഗുകളും വസ്തുവകകളും നിര്‍മിച്ച് വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ക്ക് ഉള്‍പ്പെടെവാടകയ്ക്ക് നല്‍കിയോ, വന്‍കിട റിയല്‍ എസ്റ്റേറ്റ്‌നിര്‍മാണ പ്രവൃത്തികള്‍ക്ക് പണം വായ്പയായി നല്‍കി അവയില്‍ നിന്നുള്ള വാടകയും പലിശയും ഉള്‍പ്പെടുന്ന വരുമാനം നിക്ഷേപകര്‍ക്ക് ലാഭവിഹിതമായും മൂലധന നേട്ടമായും നല്‍കുന്ന നിക്ഷേപ രീതിയാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് അഥവാ റീറ്റ്‌സ് (REITs). റീറ്റ്‌സ് പദ്ധതിയുടെ യൂണിറ്റുകള്‍ ഡീമാറ്റ് അക്കൗണ്ട് വഴി വാങ്ങാനും വില്‍ക്കാനും സാധിക്കും. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ റീറ്റ്‌സ് കാലങ്ങള്‍ക്കു മുമ്പേ ഉള്ളതാണെങ്കിലും ഇന്ത്യയില്‍ 2019ലാണ് ആദ്യ റീറ്റ്‌സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. എംബസി റീറ്റ്‌സ് ആണ് ഇന്ത്യയില്‍ ആദ്യമായി ലിസ്റ്റ് ചെയ്തത്. നിലവില്‍ ആകെ നാല് റീറ്റ്‌സുകളാണുള്ളത്.
റീറ്റ്‌സില്‍ നിക്ഷേപിക്കാനായി ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. റീറ്റ്‌സിന്റെ ഒരു യുണിറ്റ് വാങ്ങിയും നമുക്ക് നിക്ഷേപം ആരംഭിക്കാം. വാങ്ങുന്ന യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ലാഭവിഹിതം കൂടാതെ യൂണിറ്റുകള്‍ വാങ്ങി വില്‍ക്കുമ്പോള്‍ ലഭിക്കാന്‍ സാധ്യതയുള്ള മൂലധന നേട്ടം എന്നിവയാണ് ഈ നിക്ഷേപത്തിന്റെ വരുമാന സാധ്യത.
ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ നിയന്ത്രണത്തിലുള്ള റീറ്റ്‌സ് പദ്ധതികളില്‍ സെബി നിയമപ്രകാരം ഉണ്ടാകുന്ന വരുമാനത്തിന്റെ 90 ശതമാനവും നിക്ഷേപകര്‍ക്ക് വീതം വെച്ച് നല്‍കണം എന്നതാണ് നിയമം. ഓരോ മൂന്ന് മാസത്തിലും ഡിവിഡന്റ്, പലിശ, വായ്പാ തിരിച്ചടവ് എന്നിവയില്‍ നിന്നും നമുക്ക് വരുമാനം പ്രതീക്ഷിക്കാം. ഈ വിഹിതത്തെ ഡിസ്ട്രിബ്യൂഷന്‍ എന്നാണ് വിളിക്കുക. റീറ്റ്‌സുകള്‍ 80 ശതമാനം പൂര്‍ത്തിയായ, വരുമാനം തരുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപിക്കണം എന്നുള്ള ചട്ടവുമുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ റീറ്റ്‌സ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ അവരുടെ ഓഫീസും മറ്റും സ്ഥാപിക്കുന്നതിനാല്‍ വാടക വരുമാനം സുനിശ്ചിതമാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു നിക്ഷേപം താല്‍പ്പര്യപ്പെടുന്ന ഏതൊരു വ്യക്തിക്കും റീറ്റ്‌സ് വഴി നിക്ഷേപം നടത്താം. സ്വന്തമായി ഒരു സ്ഥലം വാങ്ങി, ബില്‍ഡിംഗ് പണിത് അതില്‍ നിന്ന് വാടകയ്ക്ക് കൊടുത്ത് വാടക പിരിച്ചു ദീര്‍ഘകാലം മുന്നോട്ടു പോകുക എന്നത് റിസ്‌കാണ്. എങ്ങനെയെങ്കിലും അതൊക്കെ ചെയ്താലും വാടകയ്ക്ക് ആളെ കിട്ടുന്നതും വാടകക്കാരന് കൃത്യമായി വാടക നല്‍കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നമ്മള്‍ തന്നെ നോക്കേണ്ടതായി വരും. കൂടാതെ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ പെട്ടെന്ന് പണമാക്കി മാറ്റാനും ബുദ്ധിമുട്ടാണ്.
ചിലപ്പോള്‍ നമുക്ക് കുറച്ചു പണത്തിന്റെ ആവശ്യമേ ഉണ്ടാകൂ. അതിനായി സ്ഥലം മുറിച്ചു വില്‍ക്കുന്നതും മറ്റും അപ്രായോഗികമാകും. അവിടെയാണ് റീറ്റ്‌സിന്റെ പ്രസക്തി. ഇതെല്ലാം റീറ്റ്‌സ് മാനേജര്‍മാര്‍ നോക്കിക്കോളും. പണത്തിന് നമുക്ക് ആവശ്യമുള്ളപ്പോള്‍ ഇതുവഴി ഓരോ യൂണിറ്റ് ആയിപ്പോലും വില്‍ക്കാനും വായ്പ എടുക്കാനും സാധിക്കുകയും ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine