ഐ.പി.ഒയില്‍ നിക്ഷേപിക്കുന്നത്‌ എങ്ങനെ? ഓഹരികളുടെ വില നിര്‍ണയം നടത്തുന്നത് എപ്രകാരം? എന്തൊക്കെ ശ്രദ്ധിക്കണം?

ഒരു നിക്ഷേപകന്‍ ഐപിഒയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓഹരി ബ്രോക്കറുടെയോ ബാങ്കിന്റെയോ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ വഴിയോ Registrar and Transfer Agent (RTA)ന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷ നല്‍കാം.
IPO
Image by Canva
Published on

ഐപിഒ നടക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ക്കായി അപേക്ഷിക്കാനായി കമ്പനി ഒരു പ്രൈസ് ബാന്‍ഡ് നിശ്ചയിക്കാറുണ്ട്. ഇത് പ്രകാരമാണ് പൊതുജനങ്ങള്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ഉദാഹരണത്തിന് എല്‍ഐസി ഐപിഒ സമയത്ത് ഓഹരിക്ക് 902 രൂപ മുതല്‍ 949 രൂപ വരെയായിരുന്നു പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്.

ASBA (Application Supported Blocked Amount) സംവിധാനം പ്രകാരം ഐപിഒയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആവശ്യമായ തുക ബാങ്ക് അക്കൗണ്ടില്‍ തന്നെ ബ്ലോക്ക് ചെയ്ത്സൂക്ഷിക്കുകയും അപേക്ഷ പരിഗണിച്ച ശേഷം ഓഹരികള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം പണം ബാങ്ക് അക്കൗണ്ടില്‍ നിന്നും കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.

ഓഹരികള്‍ അലോട്ട് ചെയ്യാത്ത പക്ഷം ബാങ്ക് അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്തിട്ട തുക നിക്ഷേപകന് തിരികെ ലഭിക്കും. ഒരു നിക്ഷേപകന്‍ ഐപിഒയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓഹരി ബ്രോക്കറുടെയോ ബാങ്കിന്റെയോ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ വഴിയോ Registrar and Transfer Agent (RTA)ന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷ നല്‍കാം.

എന്തൊക്കെ ശ്രദ്ധിക്കണം

1) ഐപിഒയില്‍ അപേക്ഷിക്കാനായി ആദ്യം ബാങ്കിന്റെയോ ഓഹരി ബ്രോക്കറുടെയോ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ പ്രവേശിക്കണം.

2) ഓണ്‍ലൈന്‍ ഐപിഒ (ASBA) തിരഞ്ഞെടുക്കുക.

3) ഒന്നിലധികം ഐപിഒ ലഭ്യമാണെങ്കില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക.

4) ബിഡ് സംബന്ധിച്ച വിശദാംശങ്ങളായ കാറ്റഗറി, എണ്ണം, വാങ്ങാനുദ്ദേശിക്കുന്ന വില എന്നിവ പൂരിപ്പിക്കുക.

5) ഐപിഒ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

6) ഐപിഒ അപേക്ഷ സമര്‍പ്പിക്കുക.

7) ബാങ്ക് ഐപിഒയ്ക്ക് ആവശ്യമായ തുക ബാങ്ക് അക്കൗണ്ടില്‍ ലീന്‍ ആയി മാര്‍ക്ക് ചെയ്യും. അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യും.

8) ബാങ്ക് അപേക്ഷ സ്റ്റോക്ക് എക്‌സ്ചേഞ്ചിലേക്ക് അയയ്ക്കും.

9) അപേക്ഷയില്‍ പിഴവുകള്‍ ഇല്ലെങ്കില്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അത് പരിശോധിച്ച് സ്വീകരിക്കുകയും ആപ്ലിക്കേഷന്‍ നമ്പര്‍ ബാങ്കിനയയ്ക്കുകയും ചെയ്യും. ബിഡ് വിജയകരമായി സമര്‍പ്പിച്ചതായി അറിയിക്കും.

യുപിഐ സംവിധാനം വഴിയും ഐപിഒയ്ക്ക് അപേക്ഷിക്കാനാവശ്യമായ പണം ബ്ലോക്ക് ചെയ്യാം.അതിനായി ഐപിഒ അപേക്ഷയില്‍ യുപിഐഐഡി കൊടുക്കുക. തുടര്‍ന്ന് പ്രസ്തുത തുക അപ്രൂവ് ചെയ്യുന്നതിനായി യുപിഐ ആപ്ലിക്കേഷനുകളില്‍ നോട്ടിഫിക്കേഷന്‍ വരികയും അപേക്ഷ വിശദാംശങ്ങള്‍ പരിശോധിച്ച് യുപിഐ പിന്‍ നല്‍കി UPI mandate Block ചെയ്യാവുന്നതാണ്.

Q. ബുക്ക് ബില്‍ഡിംഗ് രീതിയില്‍ ഓഹരികളുടെ വില നിര്‍ണയം എങ്ങനെയാണ് നടത്തുന്നത്?

ബുക്ക് ബില്‍ഡിംഗ് രീതിയില്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് അനുവദിക്കുന്നത് താഴെ പറയുന്ന നടപടിക്രമങ്ങള്‍ പാലിച്ചാണ്.

- ഐപിഒ വഴി ഓഹരി അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി ഒരു ലീഡ് മര്‍ച്ചന്റ് ബാങ്കറെ ബുക്ക് റണ്ണറായി ചുമതലപ്പെടുത്തുന്നു. ബുക്ക് റണ്ണറായ മര്‍ച്ചന്റ് ബാങ്കറുടെ ചുമതല പ്രധാനമായും ഐപിഒയ്ക്ക് വരുന്ന അപേക്ഷകളെ കൈകാര്യം ചെയ്യുകയും ഐപിഒ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യുകയാണ്.

- മുന്‍നിരയിലുള്ള ബുക്ക് റണ്ണര്‍ ഐപിഒയുടെ അണ്ടര്‍ റൈറ്ററായി (underwriter) കൂടി പ്രവര്‍ത്തിക്കുന്നു. ഐപിഒയില്‍ ഓഹരിക്ക് നിശ്ചിത അപേക്ഷകള്‍ ഇല്ലാതെ വന്നാല്‍ പ്രസ്തുത ഓഹരികള്‍ വാങ്ങേണ്ട ഉത്തരവാദിത്തം അണ്ടര്‍റൈറ്ററിന്റേതായിരിക്കും. ബുക്ക് റണ്ണറുടെ സഹായത്തിനായി മറ്റ് മര്‍ച്ചന്റ് ബാങ്കുകളെ കൂടി നിയമിക്കും. അവരെ സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്നാണ് പറയുന്നത്.

- ഇഷ്യു നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഓഹരികളുടെ എണ്ണം തീരുമാനിക്കും.

- ഐപിഒയുടെ പ്രൈസ് ബാന്‍ഡ് കമ്പനിയും ബുക്ക് റണ്ണറും സിന്‍ഡിക്കേറ്റ് മെമ്പറും ചേര്‍ന്നാണ് തീരുമാനിക്കുക.

- സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍ അവര്‍ക്ക് നിക്ഷേപകരില്‍ നിന്ന് കിട്ടുന്ന ഓഹരികളുടെ അപേക്ഷയും വിലയും ഇലക്ട്രോണിക്ക് ബുക്കില്‍ രേഖപ്പെടുത്തും. ഈ പ്രക്രിയയാണ് ബിഡ്ഡിംഗ്. സാധാരണ ഗതിയില്‍ ഈ പ്രക്രിയ അഞ്ച് ദിവസം നീണ്ടുനില്‍ക്കും.

- വന്‍കിട ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരുമായ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (QIB) അവരുടെ ബിഡ്ഡുകള്‍ സാധാരണ റീറ്റെയ്ല്‍ ഇന്‍വെസ്റ്റര്‍മാര്‍ക്ക് ഒരു ദിവസം മുമ്പായി രേഖപ്പെടുത്തി തുടങ്ങും. ഇത്തരത്തിലുള്ള ക്യുഐബി സ്ഥാപനങ്ങള്‍ എങ്ങനെയാണ് ഐപിഒയോട് പ്രതികരിക്കുന്നതെന്ന് മനസിലാക്കി ഐപിഒയ്ക്ക് അപേക്ഷിക്കണോ എന്ന് തീരുമാനിക്കാന്‍ റീറ്റെയ്ല്‍ ഇന്‍വെസ്റ്റര്‍മാര്‍ക്ക് ഇതിലൂടെ സാധിക്കും. ഇത്തരത്തിലുള്ള ബിഡ്ഡുകള്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള പ്രൈസ് ബാന്‍ഡുകളില്‍ മാത്രമാണ് നടത്താന്‍ സാധിക്കുക.

- ഇത്തരത്തില്‍ ബുക്ക് ബില്‍ഡിംഗ് അവസാനിക്കുന്ന സമയത്ത് വ്യത്യസ്ത വില നിലവാരത്തില്‍ വന്ന അപേക്ഷകളുടെ എണ്ണവും മറ്റും നോക്കി ഓഹരി അനുവദിക്കേണ്ട വില തീരുമാനിക്കും.

- അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ അപേക്ഷകളുടെ അനുപാതത്തില്‍ വില നിര്‍ണയിച്ച് ചെറുകിട നിക്ഷേപകര്‍, സ്ഥാപന ഇതര നിക്ഷേപകര്‍, ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ എന്നിവര്‍ക്ക് ലോട്ടറി അടിസ്ഥാനത്തില്‍ ഓഹരി അനുവദിക്കും. QIB സ്ഥാപനങ്ങള്‍ക്ക് പ്രൊപ്പോഷനേറ്റ് റേഷ്യോ അടിസ്ഥാനത്തിലായിരിക്കും ഓഹരികള്‍ അനുവദിക്കുക.

- ഓഹരികള്‍ അനുവദിക്കാത്ത അപേക്ഷകര്‍ക്ക് ASBA സംവിധാനത്തില്‍ അണ്‍ബ്ലോക്ക് ചെയ്ത് അവരുടെ പണം റിലീസ് ചെയ്യും.

ഉദാഹരണത്തിന് ഒരു കമ്പനിയുടെ ഐപിഒ പ്രൈസ് ബാന്‍ഡ് 200 മുതല്‍ 240 രൂപ വരെ ആണെന്ന് വിചാരിക്കുക. പ്രൈസ് ബാന്‍ഡില്‍ ചെറിയ സംഖ്യയായ 200നെ ഫ്ളോര്‍ പ്രൈസ്, അല്ലെങ്കില്‍ ലോവര്‍ ബാന്‍ഡ് എന്നും 240നെ അപ്പര്‍ ബാന്‍ഡ് അല്ലെങ്കില്‍ ക്യാപ് പ്രൈസ് എന്നുമാണ് വിളിക്കുക. കമ്പനിക്ക് ആകെ അനുവദിക്കാനുള്ള ഓഹരികളുടെ എണ്ണം 3,00,000 എന്ന് വിചാരിക്കുക. കമ്പനി ഓഹരികള്‍ അനുവദിക്കാനുള്ള അപേക്ഷ ക്ഷണിക്കുകയും താഴെ പറയുന്ന രീതിയില്‍ നിക്ഷേപകരില്‍ നിന്ന് അപേക്ഷ ലഭിക്കുകയും ചെയ്തു.

മുകളില്‍ പറഞ്ഞ പ്രകാരം അപ്പര്‍ ബാന്‍ഡായ 240 രൂപയ്ക്ക് 50,000 അപേക്ഷയാണ് ലഭിച്ചത്. കമ്പനിക്കാണെങ്കില്‍ 3,00,000 ഓഹരികള്‍ അനുവദിക്കാന്‍ ഉണ്ടുതാനും. തുടര്‍ന്ന് നോക്കുമ്പോള്‍ 1,00,000 അപേക്ഷ 230 രൂപയ്ക്കും വന്നു. എന്നാലും 1,50,000 അപേക്ഷയെ ആകുന്നുള്ളൂ. 220 രൂപയ്ക്ക് നോക്കുമ്പോള്‍ ആകെ അപേക്ഷയുടെ എണ്ണം 3,00,000 (240ന് 50,000 +230ന് 1,00,000+220ന് 1,50,000) ആകുകയും 220 രൂപയക്ക് ഓഹരി അനുവദിക്കാനും ആകും. ഈ വിലയെ കട്ട് ഓഫ് പ്രൈസ് എന്നാണ് പറയുക. 210 രൂപയ്ക്കും 200 രൂപയ്ക്കും ഓഹരി ആവശ്യപ്പെട്ടവരുടെ അപേക്ഷകള്‍ തള്ളുകയും അവരുടെ പണം തിരിച്ച് നല്‍കുകയും ചെയ്യും. 240, 230 രൂപ ഓഫര്‍ ചെയ്ത നിക്ഷേപകര്‍ 220 രൂപ നല്‍കിയാല്‍ മതിയാകും.

(ധനം മാഗസിന്‍ സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Learn how to apply for IPO shares in India using the ASBA system. Understand price bands, book-building process, cut-off price, and what investors should check before applying for an IPO.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com