വിലയിൽ വൻ കുറവ്: സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരാളിയോ സര്‍ക്കാരിന്റെ ഒ.എന്‍.ഡി.സി

രാജ്യത്തെ ഭക്ഷണ വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചവരാണ് സ്വിഗ്ഗിയും സൊമാറ്റോയും. ഓണ്‍ലൈനായി ഇഷ്ട ഭക്ഷണം ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്‍മുന്നിലെത്തും. പതിവായി പലതരം ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്തുകൊണ്ട് ഇരു കമ്പനികളും കടുത്ത മത്സരവുമായി മുന്നോട്ട് പോകുകയാണ്. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ഈ ആധിപത്യത്തെ വെല്ലുവിളിച്ച് എത്തിയിരിക്കുകയാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒ.എന്‍.ഡി.സി (ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്).

ലാഭം ഒ.എന്‍.ഡി.സി

ഒ.എന്‍.ഡി.സി ഫുഡ് ടെക് പ്ലാറ്റ്ഫോം 2022 സെപ്റ്റംബറിലാണ് നിലവില്‍ വന്നത്. ഒ.എന്‍.ഡി.സി ഫുഡ് ടെക് പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം ഭക്ഷണ വിലയിലെ വ്യത്യാസമാണ്. ഒഎന്‍ഡിസി, സ്വിഗ്ഗി, സൊമാറ്റോ എന്നിവ വാഗ്ദാനം ചെയ്യുന്ന ഭക്ഷണ വിതരണ വിലകള്‍ നമുക്ക് താരതമ്യം ചെയ്തു നോക്കം. ഒ.എന്‍.ഡി.സി, സ്വിഗ്ഗി, സൊമാറ്റോ എന്നീ മൂന്ന് പ്ലാറ്റ്‌ഫോമുകളിലൂടെ കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളിലെ 'ടാകോ ബെല്‍ലില്‍' നിന്നും ഒരു 'സ്ട്രാറ്റെജിക് ടൈം ഔട്ട് ബണ്‍ഡില്‍- വെജ്' കടവന്ത്രയിലേക്ക് ഓര്‍ഡര്‍ ചെയ്താല്‍ ബില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.

സ്വിഗ്ഗിയില്‍ ഇതിന്റെ വില 429 രൂപയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ടാക്‌സും മറ്റും ചെലവുകളും വരുന്നതോടെ മൊത്തം 523 രൂപയുമാകുന്നു. സൊമാറ്റോയിലും ഇതിന്റെ വില 429 രൂപയാണ്. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ടാക്‌സും മറ്റും ചെലവുകളും ചേര്‍ത്ത് സൊമാറ്റോയിൽ മൊത്തം 520 രൂപയാണ്. ഇനി ഒ.എന്‍.ഡി.സി എടുക്കാം. ഇതില്‍ കാണിച്ചിരിക്കുന്ന ഈ ഭക്ഷണത്തിന്റെ വില 364 രൂപയും ടാക്‌സും മറ്റും ചെലവുകളും ചേര്‍ത്ത് മൊത്തം 371 രൂപയും മാത്രമാണ്.

വിലയിലെ താരതമ്യം

ജനപ്രീതി നേടിയത് ഇപ്പോള്‍

പണം കൈമാറ്റത്തിന് യു.പി.ഐ പോലെ ഇ-കൊമേഴ്‌സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഓന്നാണ് ഒ.എന്‍.ഡി.സി നെറ്റ്‌വർക്ക്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് പോലും വന്‍കിട കമ്പനികള്‍ക്കൊപ്പം പരിഗണന ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഒ.എന്‍.ഡി.സി ഫുഡ് ടെക് പ്ലാറ്റ്ഫോം 2022 സെപ്റ്റംബര്‍ മുതല്‍ നിലവിലുണ്ടെങ്കിലും ഈയിടെയാണ് ജനപ്രീതി നേടാന്‍ തുടങ്ങിയത്. ഓ.എന്‍.ഡി.സിയ്ക്ക് പ്രത്യേകമായി ഭക്ഷണ വിതരണ ആപ്പ് നിലവിലില്ല. പേയ്റ്റീഎം ആപ്പിലൂടെ ഒ.എന്‍.ഡി.സി വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.

സൊമാറ്റോ, സ്വിഗ്ഗി പോലുള്ളവയുടെ സഹായമില്ലാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഭക്ഷണം നല്‍കാന്‍ റെസ്റ്റോറന്റുകളെ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഈ സംവിധാനത്തിലൂടെയുള്ള പ്രതിദിന ഓര്‍ഡര്‍ 10,000 മറികടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റസ്റ്റോറന്റുകൾ ഒ.എന്‍.ഡി.സിയുടെ ഭാഗമായിട്ടുണ്ട്. നിലവിൽ ഇവ എണ്ണത്തിൽ കുറവാണെങ്കിലും വരും മാസങ്ങളിൽ കൂടുതൽ റസ്റ്റോറന്റുകൾ ഇതിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it