

സാമ്പത്തികമായി മുന്നേറുമ്പോള്‍ ജീവിതം കൂടുതല്‍ പ്രീമിയം രീതിയിലേക്ക് മാറുന്നത് സ്വഭാവികമാണ്. എന്നാല്‍ ഇത്തരത്തിലൊരു മാറ്റം നിങ്ങളുടെ സാമ്പത്തികഭദ്രതയെ ബാധിക്കുന്നുണ്ടോ? വരുമാനത്തെക്കാള്‍ കൂടുതല്‍ ചെലവഴിക്കലിലേക്കും മാറുന്നത് നിക്ഷേപം കുറയ്ക്കുന്നുവോ? ഇത്തരം അവസ്ഥകളില്‍ കൃത്യമായ സാമ്പത്തിക ക്രമീകരണം ജീവിതത്തില്‍ അനിവാര്യമാണ്.
ജീവിതശൈലിയിലെ ഈ ഉയര്‍ച്ചയെ കൃത്യമായി മനസിലാക്കാതെ മുന്നോട്ടു പോയാല്‍ ഒരുപക്ഷേ ഭാവിയില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നിങ്ങള്‍ നയിക്കപ്പെട്ടേക്കാം. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ചെലവഴിക്കല്‍ ശീലം വരുമാനത്തിന് ആനുപാതികമല്ലാത്ത രീതിയിലേക്ക് എത്തിപ്പെടുന്നത് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് നിങ്ങളെ തടയും.
ജീവിതശൈലി ഉയര്‍ച്ചയെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് വരുമാനം വര്‍ധിക്കുന്നതിനൊപ്പം നിങ്ങളുടെ ചെലവുകള്‍ ക്രമമായി ഉയരുന്നതിനെയാണ്. നിങ്ങള്‍ അറിയാതെ തന്നെ ഇത് ജീവിതത്തില്‍ സംഭവിക്കും. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാം-
നിങ്ങള്‍ ഒരു സാധാരണ കാറില്‍ നിന്ന് കുറച്ചുകാലം കഴിയുമ്പോള്‍ ആഡംബര കാറിലേക്ക് മാറുന്നു
സമീപത്തെ പലചരക്ക് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്ന നിങ്ങള്‍ മാളിലേക്ക് ഷോപ്പിംഗ് മാറ്റുന്നു
ചെറിയ വാടകയ്ക്ക് താമസിച്ചിരുന്ന നിങ്ങള്‍ കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് താമസം മാറ്റുന്നു.
ഇതെല്ലാം നിങ്ങള്‍ ശ്രദ്ധിക്കാതെ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇത് തെറ്റായ കാര്യവുമല്ല. ഇതെല്ലാം നിങ്ങളുടെ ചെലവിനെ വര്‍ധിപ്പിക്കുന്നുവെന്നതാണ് കാര്യം. കൂടുതല്‍ സൗകര്യത്തില്‍ നിന്ന് വീണ്ടും താഴേക്ക് ജീവിതനിലവാരം കൊണ്ടുപോകാന്‍ സാധിക്കില്ല. ഏതെങ്കിലും സമയത്ത് നിങ്ങളുടെ വരുമാനം താഴേക്ക് പോകുകയാണെങ്കില്‍ അത് നിലനിര്‍ത്താന്‍ പ്രയാസമുണ്ടാകുന്നു.
ജീവിതശൈലി മാറ്റം ഓരോരുത്തരുടെയും ജീവിതത്തില്‍ എങ്ങനെ വ്യത്യാസം വരുത്തുന്നുവെന്ന് നോക്കാം. 50,000 രൂപ വീതം ശമ്പളം വാങ്ങുന്ന രണ്ടുപേരുടെ കാര്യമെടുക്കാം-
ഒന്നാമന്‍ വരുമാനത്തിന്റെ 85 ശതമാനവും ചെലവഴിക്കുന്നു
രണ്ടാമന്‍ 65 ശതമാനം ചെലവഴിക്കുകയും ബാക്കി നിക്ഷേപത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുന്നു
ഈ രണ്ടുപേരും കടമൊന്നും വാങ്ങാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്. തങ്ങളുടെ വരുമാനം അനുസരിച്ച് പോകുന്നവര്‍. എന്നാല്‍ ഇരുവരുടെയും സാമ്പത്തിക ഭാവി തികച്ചും വ്യത്യസ്തമായിരിക്കും. അതിനു കാരണം മറ്റൊന്നുമല്ല, അവരുടെ നിക്ഷേപരീതി തന്നെയാണ്.
രണ്ടാമന്‍ 10 അല്ലെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ സാമ്പത്തികമായി നല്ല നിലയില്‍ ആയിരിക്കും. എന്നാല്‍ ഒന്നാമന്‍ 15 വര്‍ഷത്തിനു ശേഷവും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തൊഴിലിനെ ആശ്രയിക്കേണ്ടിവരും. സാമ്പത്തിക സ്വാതന്ത്രം അവന് കുറവായിരിക്കും.
മുമ്പ് നിങ്ങള്‍ ശമ്പളത്തിന്റെ 30 ശതമാനം സേവിംഗ്‌സിനായി മാറ്റിവച്ചിരുന്നു, പക്ഷേ ഇപ്പോഴത് 10 ശതമാനത്തില്‍ താഴെയാണ്.
ജോലിയിലെ പ്രമോഷനൊപ്പം നിങ്ങളുടെ ചെലവുകളും വര്‍ധിക്കുന്നു
നല്ലരീതിയില്‍ വരുമാനം ലഭിക്കുമ്പോഴും സാമ്പത്തികമായി ഞെരുക്കത്തിലൂടെ പോകുന്ന അവസ്ഥ
നിങ്ങളുടെ ജീവിതശൈലിയെ വരുമാനവുമായി ബന്ധപ്പെടുത്തുന്നതിനു പകരം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എന്താണെന്ന് ഉറപ്പിക്കുക
വരുമാനത്തിന്റെ 30-40 ശതമാനമെങ്കിലും നിക്ഷേപമാക്കി മാറ്റുക. ഇതുവഴി സാമ്പത്തിക അച്ചടക്കം പാലിക്കാം.
നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്കുക. ചെലവിനായി പണം മാറ്റുന്നതിന് മുമ്പ് തന്നെ നിക്ഷേപങ്ങള്‍ കൃത്യമായി അടയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
ഓരോ തവണ ശമ്പളം വര്‍ധിക്കുമ്പോഴും സേവിംഗ്‌സ് ശതമാനവും ഉയര്‍ത്തുക.
എസ്.ഐ.പി പോലുള്ള നിക്ഷേപ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.
Read DhanamOnline in English
Subscribe to Dhanam Magazine