

ഇന്ത്യൻ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും സാധാരണക്കാരായ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിലുള്ള വിശ്വാസം വർധിക്കുന്ന കാഴ്ചയാണ് 2026 ജൂൺ മാസത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ജൂണിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴിയുള്ള നിക്ഷേപം റെക്കോർഡ് ഉയരത്തിലെത്തി.
2026 ജൂണിൽ രാജ്യത്തെ ആകെ എസ്ഐപി നിക്ഷേപം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 31,781 കോടി രൂപയായി ഉയർന്നു. മുൻ മാസത്തെ (മെയ് - 30,954 കോടി രൂപ) അപേക്ഷിച്ച് ഇത് 3 ശതമാനത്തോളം വർധനവാണ് കാണിക്കുന്നത്. താഴെ പറയുന്ന പ്രധാന ഘടകങ്ങളാണ് ഈ കുതിപ്പിന് വഴിതെളിച്ചത്:
തുടർച്ചയായ നിക്ഷേപ ശീലം: വിപണിയിലെ കയറ്റിറക്കങ്ങളെ ഭയപ്പെടാതെ റുപ്പീ കോസ്റ്റ് ആവറേജിങ്ങിന്റെ (Rupee Cost Averaging) ഗുണം മനസിലാക്കി സാധാരണക്കാർ നിക്ഷേപം തുടരുന്നു.
ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം: കുറഞ്ഞ തുകയ്ക്ക് ചെയ്യാവുന്ന എസ്ഐപികളിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടുന്നു.
സ്ഥിരതയുള്ള വിപണി വളർച്ച: ആഭ്യന്തര വിപണിയിലെ മികച്ച പ്രകടനവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.
കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപ മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ ഏകദേശം 2-3 ശതമാനത്തോളം വരുന്ന കേരളം, മുൻകാലങ്ങളിൽ മ്യൂച്വൽ ഫണ്ട് വിഹിതത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു. ഏകദേശം രണ്ട് വർഷം മുൻപ് ഇന്ത്യയിലെ ആകെ മ്യൂച്വൽ ഫണ്ട് ആസ്തി (AUM) 50 ലക്ഷം കോടി രൂപയിൽ എത്തിയപ്പോൾ കേരളത്തിന്റെ വിഹിതം കേവലം ഒരു ലക്ഷം കോടി രൂപ മാത്രമായിരുന്നു. എന്നാൽ അതിനുശേഷം ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ചാ നിരക്കാണ് കേരളത്തിലെ നിക്ഷേപ മേഖലയിൽ പ്രകടമാകുന്നതെന്ന് ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് സ്പെഷ്യലിസ്റ്റും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അർത്ഥ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയുമായ ഉത്തര രാമകൃഷ്ണന്‍ സിഎഫ്പി പറഞ്ഞു.
മാറുന്ന നിക്ഷേപ താൽപ്പര്യങ്ങൾ: മലയാളികളുടെ നിക്ഷേപ ശീലങ്ങളിൽ പ്രകടമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു. പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്:
വൈവിധ്യമാർന്ന നിക്ഷേപകർ: പ്രവാസി മലയാളി (NRI) സമൂഹത്തിൽ നിന്നും ജോലിക്ക് പോകുന്ന സ്ത്രീകളിൽ നിന്നും മ്യൂച്വൽ ഫണ്ട് എസ്‌ഐപി (SIP) നിക്ഷേപത്തിലേക്ക് വലിയ ഒഴുക്ക് ഉണ്ടാകുന്നുണ്ട്. സ്വന്തം നിലയിൽ സാമ്പത്തിക ആസൂത്രണം നടത്താൻ സ്ത്രീകൾ കൂടുതൽ താല്പര്യത്തോടെ മുന്നോട്ട് വരുന്നു.
റിയൽ എസ്റ്റേറ്റിൽ നിന്നുള്ള മാറ്റം: കേരളത്തിലെ പരമ്പരാഗത നിക്ഷേപമായ റിയൽ എസ്റ്റേറ്റിൽ നിന്ന് കാര്യമായ ലാഭം ലഭിക്കുന്നില്ലെന്നും പണം അടിയന്തരമായി പിൻവലിക്കാൻ പ്രയാസമാണെന്നുമുള്ള (Liquidity issues) തിരിച്ചറിവ് നിക്ഷേപകർക്കിടയിൽ വർദ്ധിച്ചതായും ഉത്തര രാമകൃഷ്ണന്‍ പറഞ്ഞു.
വിരമിക്കൽ കാലത്തെ സുരക്ഷ: റിട്ടയർമെന്റ് പ്ലാനിംഗിനെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചതോടെ, ലിക്വിഡിറ്റിയും ഫ്ലെക്സിബിലിറ്റിയും ഉറപ്പാക്കുന്ന മ്യൂച്വൽ ഫണ്ടുകൾ മികച്ചൊരു ഓപ്ഷനാണെന്ന് മലയാളി തിരിച്ചറിയുന്നു.
മ്യൂച്വൽ ഫണ്ട് എന്നത് ഓരോ വ്യക്തിയുടെയും പോർട്ട്‌ഫോളിയോയിൽ നിർബന്ധമായും വേണ്ട ഒന്നാണെന്ന ഉറച്ച ബോധ്യം സാവധാനം വളർന്നു വരികയാണ്. വിപണിയിൽ വലിയ ചലനങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ പോലും പുതിയ നിക്ഷേപകർ വൻതോതിൽ കടന്നുവരുന്നതും നിലവിലുള്ളവർ കൂടുതൽ തുക അലോക്കേറ്റ് ചെയ്യുന്നതും കേരളത്തിലെ ഈ മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകുന്നു.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കാണ് ഇത്തവണയും രാജ്യത്ത് ഏറ്റവും കൂടുതൽ പണം ഒഴുകിയെത്തിയത്. ഇതിൽ പ്രധാന വിഭാഗങ്ങൾ ഇവയാണ്:
മിഡ്-ക്യാപ് ഫണ്ടുകൾ: ജൂണിൽ ഏറ്റവും കൂടുതൽ നിക്ഷേപം ആകർഷിച്ചത് മിഡ്-ക്യാപുകളാണ് (6,090 കോടി രൂപ).
സ്മാൾ-ക്യാപ് ഫണ്ടുകൾ: നിക്ഷേപകരുടെ പ്രിയപ്പെട്ട ഈ വിഭാഗത്തിലേക്ക് 5,602 കോടി രൂപ എത്തി.
ഫ്ലെക്സി-ക്യാപ് ഫണ്ടുകൾ: സ്ഥിരതയാർന്ന പ്രകടനം ലക്ഷ്യമിട്ട് നിക്ഷേപകർ ഫ്ലെക്സി-ക്യാപുകളിൽ 5,231 കോടി രൂപ നിക്ഷേപിച്ചു.
മറ്റ് പ്രധാന ട്രെൻഡുകൾ: സ്വർണ വിലയിലെ മാറ്റങ്ങളെ തുടർന്ന് ഗോൾഡ് ഇടിഎഫുകളിലേക്ക് (Gold ETFs) മുൻമാസങ്ങളിലെ നഷ്ടത്തിൽ നിന്ന് മാറി വലിയൊരു തുക (3,443 കോടി രൂപ) ഒഴുകിയെത്തി.
ഇക്വിറ്റി വിഭാഗത്തിലേക്ക് വലിയ നിക്ഷേപം എത്തിയപ്പോൾ, വിപരീതമായി ചില ഫണ്ടുകളിൽ നിന്ന് പണം വലിയ തോതിൽ പിൻവലിക്കപ്പെട്ടു:
ഡെറ്റ് ഫണ്ടുകൾ (Debt Funds): പലിശ നിരക്കുകളിലെ വ്യതിയാനങ്ങളും കോർപ്പറേറ്റ് പിൻവലിക്കലുകളും കാരണം ഡെറ്റ് ഫണ്ടുകളിൽ നിന്ന് ഏകദേശം 1.09 ലക്ഷം കോടി രൂപയുടെ വൻ പിൻവലിക്കൽ ഉണ്ടായി. കൂടാതെ ലിക്വിഡ് ഫണ്ടുകളിൽ നിന്നും നിക്ഷേപകർ പണം വലിയ തോതിൽ പിൻവലിച്ചു.
എസ്ഐപി വഴിയുള്ള നിക്ഷേപം എപ്പോഴും ദീർഘകാല ലക്ഷ്യങ്ങളോടെയുള്ളതായിരിക്കണം. വിപണി പുതിയ ഉയരങ്ങൾ തൊടുമ്പോൾ പരിഭ്രാന്തരായി എസ്ഐപികൾ നിർത്തുകയോ, ഒറ്റത്തവണയായി വലിയ തുകകൾ (Lump-sum) ഇക്വിറ്റിയിൽ ഇറക്കുകയോ ചെയ്യരുത്. നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷിക്ക് അനുയോജ്യമായ ഫണ്ടുകൾ മാത്രം തിരഞ്ഞെടുക്കുക. വ്യക്തിഗത പോർട്ട്ഫോളിയോ വർഷത്തിലൊരിക്കലെങ്കിലും കൃത്യമായി അവലോകനം ചെയ്യേണ്ടതും അത്യാവശ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine