ഹെൽത്ത് ഇൻഷുറൻസ് ലാപ്‌സായാൽ പണി കിട്ടും; പുതുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നേരിടേണ്ടി വരുന്ന നഷ്ടങ്ങളും

പല ഇൻഷുറൻസ് കമ്പനികളും കാലാവധി കഴിഞ്ഞ് ആറ് മാസം വരെ നിബന്ധനകളോടെ പോളിസി പുതുക്കാൻ അനുവദിക്കാറുണ്ട്
health insurance
Image courtesy: Canva
Published on

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കൃത്യസമയത്ത് പുതുക്കാത്തത് നിക്ഷേപകർക്ക് ലഭിച്ചുവരുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെടാൻ കാരണമായേക്കാം. മിക്ക ഇൻഷുറൻസ് കമ്പനികളും പ്രീമിയം അടയ്ക്കേണ്ട അവസാന തീയതിക്ക് ശേഷം 15 മുതൽ 30 ദിവസം വരെ ഒരു 'ഗ്രേസ് പിരീഡ്' (Grace period) നൽകാറുണ്ട്. ഈ കാലയളവിനുള്ളിൽ പ്രീമിയം അടച്ചാൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ പോളിസി സജീവമായി നിലനിർത്താം.

എന്നാൽ ഗ്രേസ് പിരീഡിനിടയിൽ ഉണ്ടാകുന്ന ചികിത്സാ ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനികൾ അംഗീകരിച്ചേക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗ്രേസ് പിരീഡും കഴിഞ്ഞാൽ പോളിസിയുടെ കാലാവധി അവസാനിച്ചതായി (Lapse) കണക്കാക്കും. കാലാവധി കഴിഞ്ഞ പോളിസികൾ പിന്നീട് പുതുക്കുന്നത് ഒരു ഓട്ടോമാറ്റിക് നടപടിയല്ല.

പല ഇൻഷുറൻസ് കമ്പനികളും കാലാവധി കഴിഞ്ഞ് ആറ് മാസം വരെ പോളിസി പുതുക്കാൻ (Revival) അനുവദിക്കാറുണ്ടെങ്കിലും അതിന് കടുത്ത നിബന്ധനകൾ ഉണ്ടാകാം. ഈ ഘട്ടത്തിൽ ഇൻഷുറൻസ് കമ്പനികൾ പുതിയ 'അണ്ടർ റൈറ്റിംഗ്' (Underwriting) നടത്തുകയും, മെഡിക്കൽ പരിശോധനകളും പുതിയ ആരോഗ്യ പ്രഖ്യാപനങ്ങളും ആവശ്യപ്പെടുകയും ചെയ്തേക്കാം.

ആനുകൂല്യങ്ങൾ നഷ്ടപ്പെടാം

ഏറ്റവും വലിയ ദോഷം കാലങ്ങളായി നിങ്ങൾ നേടിയെടുത്ത ആനുകൂല്യങ്ങൾ നഷ്ടപ്പെടാം എന്നതാണ്. വർഷങ്ങളായി തുടർച്ചയായി പോളിസി ഉള്ളത് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകുകയും, നിലവിലുള്ള രോഗങ്ങൾക്കുള്ള വെയിറ്റിംഗ് പിരീഡ് (Waiting period) വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടി വരികയും ചെയ്തേക്കാം.

അതായത്, തുടർച്ചയായ ഇൻഷുറൻസ് കവറേജ് വഴി ലഭിക്കുന്ന 'കണ്ടിന്യൂയിറ്റി ബെനഫിറ്റുകൾ' (Continuity benefits) നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. അതിനാൽ, ആനുകൂല്യങ്ങൾ സംരക്ഷിക്കാനും ഇൻഷുറൻസ് പരിരക്ഷ തടസമില്ലാതെ ലഭിക്കാനും പോളിസി കൃത്യസമയത്ത് തന്നെ പുതുക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പോളിസി നിബന്ധനകൾ ഓരോ കമ്പനിക്കും വ്യത്യസ്തമായിരിക്കുമെന്നതിനാൽ നിങ്ങളുടെ പോളിസി രേഖകൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com