നിക്ഷേപ വഴികൾ എളുപ്പം, സുലഭം; എന്നിട്ടും സാമ്പത്തിക സ്വാതന്ത്ര്യം അകലുന്നു; എന്തുകൊണ്ട്?

വ്യക്തമായ ഫിനാൻഷ്യൽ പ്ലാനിംഗും വളർച്ചാ ആസ്തികളിലേക്കുള്ള ദീർഘകാല നിക്ഷേപം ഇല്ലാത്തതുകൊണ്ടാണോ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ സാധിക്കാത്തത്?
Financial Planning Importance
പ്രതീകാത്മക ചിത്രംImage Source: Canva
Published on

രണ്ട് പതിറ്റാണ്ട് മുൻപ് ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളും (FD) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (PPF) ഇൻഷുറൻസും മാത്രമായിരുന്നു ഭൂരിഭാഗം ആളുകളുടെയും നിക്ഷേപ രീതികൾ. എന്നാൽ ഇന്നത്തെ കാലത്ത് സ്മാർട്ട്‌ഫോണിലെ കേവലം ഒരു ടാപ്പിലൂടെ മ്യൂച്വൽ ഫണ്ട്, ഓഹരികൾ, ഗോൾഡ്, ബോണ്ട്, എൻ.പി.എസ്, ഇൻവെ​സ്റ്റ്മെന്റ് ട്രസ്റ്റ് (REITs/InvITs) എന്നിവയിലൊക്കെ നിക്ഷേപിക്കാം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) കണക്കനുസരിച്ച്, 2026 ജൂൺ അവസാനത്തോടെ രാജ്യത്തെ മ്യൂച്വൽ ഫണ്ട് സ്കീമുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മൂല്യം (AUM) 82 ലക്ഷം കോടി രൂപ കവിഞ്ഞു. സജീവമായുള്ള എസ്.ഐ.പി (SIP) അക്കൗണ്ടുകളുടെ എണ്ണം 9 കോടിയും പിന്നിട്ടു.

അങ്ങനെ നിക്ഷേപ വഴികൾ സുലഭവും മുതൽമുടക്ക് എളുപ്പത്തിൽ നടത്താൻ കഴിയുന്നുണ്ടെങ്കിലും രാജ്യത്തെ ഭൂരിഭാഗം കുടുംബങ്ങൾക്കും സാമ്പത്തിക സ്വാതന്ത്ര്യം (Financial Freedom) എന്നത് ഇപ്പോഴും അകലെത്തന്നെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

എന്തുകൊണ്ട് സാമ്പത്തിക ലക്ഷ്യങ്ങൾ അകലുന്നു?

വീട്, ഉന്നതവിദ്യാഭ്യാസം, റിട്ടയർമെന്റ് ഫണ്ട് എന്നിവയാണ് ഒരു സാധാരണക്കാരന്റെ പ്രധാനപ്പെട്ട 3 സാമ്പത്തിക ലക്ഷ്യങ്ങൾ. എന്നാൽ ഇവ നേടാനുള്ള ചെലവുകൾ നിത്യേന വർധിക്കുകയാണ്.

  • ഭവന വായ്പകൾ: പ്രധാന നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് വില വർധനവ് മൂലം വീട്/അപ്പാർട്ട്മെന്റ് വാങ്ങുന്നതിനായി വലിയ തുകയുടെ ലോൺ എടുക്കുകയും അതുവഴി ഇ.എം.ഐ (EMI) കാലാവധികൾ വീണ്ടും നീളുകയും ചെയ്യുന്നു.

  • ഉന്നതവിദ്യാഭ്യാസം: വിദ്യാഭ്യാസ ചെലവുകൾ പ്രതിവർഷം 10-12 ശതമാനം നിരക്കിലാണ് വർധിക്കുന്നത്.

  • റിട്ടയർമെന്റ് ആസൂത്രണം: ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യം 72 വയസ്സിലേക്ക് ഉയർന്നതോടെ, വിരമിക്കലിന് ശേഷമുള്ള 20-30 വർഷത്തെ ജീവിതച്ചെലവുകൾ കൂടി കണ്ടെത്തേണ്ടതുണ്ട്. കൂടാതെ, റീട്ടെയിൽ പണപ്പെരുപ്പത്തേക്കാൾ ഉയർന്ന നിരക്കിൽ (10-14%) ചികിത്സയ്ക്കുള്ള മെഡിക്കൽ ചെലവും വാർഷികമായി വർധിക്കുന്നു.

നിക്ഷേപ ശീലങ്ങളിലെ പോരായ്മകൾ

റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) കണക്കുകൾ പ്രകാരം, 2015 മാർച്ചിൽ കുടുംബങ്ങളുടെ ആകെ സാമ്പത്തിക ആസ്തിയുടെ 8.6 ശതമാനം മാത്രമായിരുന്ന ഓഹരി/മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ 2026 മാർച്ചിൽ 15.3 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, സമ്പാദ്യത്തിന്റെ പകുതിയിലധികവും ഇപ്പോഴും ബാങ്ക് നിക്ഷേപങ്ങൾ പോലുള്ള കുറഞ്ഞ റിട്ടേൺ നൽകുന്ന മാർഗ്ഗങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വിപണിയിൽ ലഭ്യമായ നിക്ഷേപ വഴികളേക്കാൾ ഉപരിയായി, വ്യക്തമായ ഒരു ഫിനാൻഷ്യൽ പ്ലാൻ ഉണ്ടാക്കുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്യുന്നതിലൂടെയാണ് സാമ്പത്തിക സ്വാതന്ത്ര്യം കരസ്ഥമാക്കാൻ സാധിക്കുകയെന്ന് സാമ്പത്തിക വിദ​ഗ്ധർ സൂചിപ്പിച്ചു.

ഉയരുന്ന ലൈഫ് സ്റ്റൈൽ ചെലവുകൾ

സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ വരുമാനത്തിൽ നിന്ന് ചെലവുകൾ കിഴിച്ച് ബാക്കി സമ്പാദിക്കുന്നതിന് പകരം വരുമാനത്തിൽ നിന്നും സമ്പാദ്യത്തിനുള്ള വിഹിതം നീക്കിവെച്ചതിനുശേഷം ചെലവാക്കുക എന്ന സമവാക്യം പിന്തുടരണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വരുമാനം കൂടുമ്പോൾ അതിനനുസരിച്ച് നിക്ഷേപം കൂട്ടാതെ ജീവിതശൈലിയിലെ (ലൈഫ് ​സ്റ്റൈൽ) ചെലവുകൾ ഉയർത്തുന്നതാണ് നിക്ഷേപകർ വരുത്തുന്ന വലിയ തെറ്റെന്നും സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ഓരോ ശമ്പള വർധനവിനൊപ്പവും നിക്ഷേപത്തിനുള്ള തുകയിൽ കുറഞ്ഞത് 10 ശതമാനമെങ്കിലും വർധന (Step-up) വരുത്തണമെന്നും വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. ചുരുക്കത്തിൽ സ്ഥിരമായി സമ്പാദിക്കുക, വളർച്ചാ ആസ്തികളിൽ (Growth Assets) നിക്ഷേപിക്കുക, ദീർഘകാലം നിക്ഷേപത്തിൽ തുടരുക എന്നീ അടിസ്ഥാന തത്വങ്ങൾ കൃത്യമായി പരിപാലിച്ചാൽ യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ക്രമേണ എത്തിച്ചേരുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com