സീറോ ടാക്സ്; ഈ 10 വരുമാനങ്ങൾക്ക് ഇന്ത്യയിൽ ആദായ നികുതി നൽകേണ്ടതില്ല

ഇന്ത്യയിൽ ചില വരുമാനങ്ങൾ പൂർണമായും നികുതി മുക്തമാണ്. കാർഷിക വരുമാനം മുതൽ ഗ്രാറ്റുവിറ്റി വരെ ഉൾപ്പെടുന്ന 10 പ്രധാന നികുതി ഇളവുകളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം.
income tax free items
canva
Published on

മറ്റൊരു സാമ്പത്തിക വർഷം കൂടി അവസാനിക്കാൻ പോകുകയാണ്. ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കേണ്ട സമയമായി. നമ്മുടെ രാജ്യത്ത് ഒരുവിധമുള്ള എല്ലാ സ്രോതസ്സുകളിലും ടാക്സ് ചുമത്തിയിട്ടുണ്ടെങ്കിലും പൂർണമായും നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള ഏതാനും വരുമാനങ്ങളും ഉണ്ടെന്നതാണ് വസ്തുത. തീർത്തും നിയമപരവും സുരക്ഷിതവും നികുതി മുക്തവുമായ ആ 10 വരുമാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. കാർഷിക വരുമാനം: കൃഷിയിൽ നിന്നുള്ള വരുമാനം എത്രതന്നെയായാലും നികുതി നൽകേണ്ടതില്ല. കൃഷിസ്ഥലം വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിൽ ലഭിക്കുന്ന വരുമാനത്തിനും നികുതിയില്ല.

2. പി.പി.എഫ് ആദായം: രാജ്യത്തെ ജനകീയ ദീർഘകാല സമ്പാദ്യ പദ്ധതികളിലൊന്നായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പി.പി.എഫ്) നിന്നും ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂർത്തിയായശേഷം പിൻവലിക്കുന്ന മൊത്തം നിക്ഷേപത്തിനും നികുതി ബാധ്യതയില്ല.

3. ഇ.പി.എഫ് ആദായം: തുടർച്ചയായി അഞ്ച് വർഷത്തിലധികം സ‌ർവീസുള്ളവരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇ.പി.എഫ്) നിക്ഷേപത്തിനും (തൊഴിലാളി വിഹിതം + തൊഴിലുടമ വിഹിതം) അതിൽ നിന്നുള്ള പലിശയ്ക്കും നികുതി നൽകേണ്ടതില്ല.

4. ലൈഫ് ഇൻഷുറൻസ്: നൽകുന്ന പ്രീമിയം തുകയുമായി ബന്ധപ്പെട്ട നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ ലൈഫ് ഇൻഷുറൻസ് പോളിസിയുടെ കാലാവധി പൂർത്തിയായശേഷം ലഭിക്കുന്ന മെച്യൂരിറ്റി തുകയ്ക്ക് നികുതി ബാധ്യതയില്ല. ഉയർന്ന പരിധിയില്ലാതെ ഡെത്ത് ബെനിഫിറ്റിനും നികുതി മുക്തമാണ്.

5. സ്കോളർഷിപ്പ്: പഠനാവശ്യത്തിന് ലഭിക്കുന്ന മുഴുവൻ സ്കോളർഷിപ്പ് തുകയും മേൽപരിധിയുടെ നിബന്ധനയില്ലാതെ തന്നെ നികുതി ബാധ്യതയിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

6. സമ്മാനം: അതുപോലെ രക്ഷിതാക്കൾ, ദമ്പതികൾ, സഹോദരങ്ങൾ എന്നിങ്ങനെ ആദായ നിയമത്തിൽ പ്രത്യേകമായി നിഷ്കർഷിച്ചിട്ടുള്ള ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന പണമോ സമ്മാനങ്ങളോ പൂർണമായും നികുതി മുക്തമാണ്. ബന്ധുക്കളല്ലാത്തവരിൽ നിന്നും ഒരു സാമ്പത്തിക വർഷത്തിനിടെ കിട്ടുന്ന 50,000 രൂപ വരെയുള്ള സമ്മാനങ്ങൾക്കും നികുതി ബാധ്യതയില്ല.

7. പരമ്പരാ​ഗത സ്വത്ത്: വിൽപ്പത്രം വഴി അനന്തരാവകാശികളിലേക്ക് എത്തിച്ചേരുന്ന സ്വത്തുവകകൾക്ക് നികുതി ബാധ്യതയില്ല. അതുപോലെ ഇൻഹെറിറ്റൻസ് ടാക്സും നിലവിലില്ല.

8. എസ്.എസ്.വൈ ആദായം: സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ) സ്കീമിൽ നിന്നും കാലാവധി പൂർത്തിയായശേഷം ലഭിക്കുന്ന നിക്ഷേപത്തിനും ആദായത്തിനും നികുതിയില്ല.

9. ടാക്സ്-ഫ്രീ ബോണ്ട്: സർക്കാർ പിന്തുണയോടെ വിപണിയിൽ പുറത്തിറക്കിയിട്ടുള്ള ടാക്സ്-ഫ്രീ ബോണ്ടുകളിലെ നിക്ഷേപത്തിന്മേലുള്ള പലിശ വരുമാനത്തിന് നികുതിയില്ല.

10. ​ഗ്രാറ്റുവിറ്റി: സർക്കാർ ജീവനക്കാരുടെ ​ഗ്രാറ്റുവിറ്റി തുകയ്ക്ക് നികുതി ബാധ്യതയില്ല. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 20 ലക്ഷത്തിന് താഴെയുള്ള ​ഗ്രാറ്റുവിറ്റിയേയും ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com