

ജീവിതത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അത്യാഹിതങ്ങള്‍ സംഭവിക്കാം. വായ്പയെടുത്തവര്‍ക്കാണ് ഇത് കൂടുതല്‍ പ്രശ്‌നമാകുക. എന്നാല്‍ വീട്, വാഹനം, വ്യക്തിഗത വായ്പ, കൃഷി വായ്പ, വാണിജ്യ വായ്പ, വ്യവസായ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി ഏത് വായ്പയും യഥാസമയം തിരിച്ചടക്കാനാവാതെ വായ്പയെടുത്ത വ്യക്തിക്ക് അസുഖം, അപകടം, എന്നിവ നിമിത്തം മരണം സംഭവിച്ചാല്‍ വായ്പാ തുകയും പലിശയും ഇന്‍ഷുറന്‍സ് കമ്പനി തിരിച്ചടയ്ക്കുന്നതാണ്. മെഡിക്കല്‍ പരിശോധനയില്ലാതെ തന്നെ പോളിസിയില്‍ ചേരാം.
ലോണുകള്‍ ഉള്ളവര്‍ക്ക് ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിസി ഒരുക്കുന്നത് ലോണുകള്‍ക്ക് മേലുള്ള സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കുന്നു. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ വായ്പകളും വ്യക്തികളുടെ അഭാവത്തിലും തിരിച്ചടയ്ക്കാന്‍ സഹായിക്കുന്നതാണ് ഇത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.
വായ്പ എടുത്തവര്‍ക്ക് പ്രായത്തിനും, ലോണ്‍ തുകയ്ക്കും അനുസൃതമായി ഒരു നിശ്ചിത പ്രീമിയം അടയ്ക്കുകയേ വേണ്ടൂ. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ലോണ്‍ തുക (പലിശ സഹിതം) ഇന്‍ഷുറന്‍സ് കമ്പനി തിരികെ നല്‍കും. അതുപോലെ തന്നെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പാ കുടിശിക പിരിക്കാനായി നിയമനടപടികള്‍ വേണ്ടിവരുന്നില്ല.
പോളിസി വിശദാംശങ്ങള്‍
വായ്പയുള്ള 18 വയസ്സ് മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കും പുതുതായി വായ്പ എടുക്കുന്നവര്‍ക്കും ഇതില്‍ ചേരാവുന്നതാണ്. സാധാരണയായി ഇന്‍ഷുര്‍ ചെയ്യുന്ന തുക നിശ്ചയിക്കുന്നതു ലോണ്‍ എടുക്കുന്ന തുകയുടെ ആകെ ബാധ്യതയാണ്.
നിലവില്‍ ലോണ്‍ എടുത്തവര്‍ക്ക് ഇപ്പോഴത്തെ ബാധ്യതയും അതത് വര്‍ഷങ്ങളില്‍ പോളിസി പുതുക്കുമ്പോള്‍ അപ്പോള്‍ നിലവിലുള്ള ബാധ്യതയുമായിരിക്കും ഇന്‍ഷുര്‍ ചെയ്യുന്ന തുക. മുതലും പലിശയും കൂട്ടിയ തുകയാണ് കവര്‍ ചെയ്യപ്പെടുക. ലോണ്‍ മുഴുവനായും തിരിച്ചടയ്ക്കുമ്പോഴും പോളിസിയുടെ കാലാവധി കഴിയുമ്പോഴും ലോണ്‍ എടുത്ത ആള്‍ക്ക് 65 വയസ്സ് തികയുമ്പോഴും ഇന്‍ഷുറന്‍സ് കവര്‍ സ്വാഭാവികമായും തീരുന്നതാണ്.
കാലാവധിക്കു മുന്‍പായി ലോണ്‍ സംഖ്യയും പലിശയും തിരിച്ചടക്കുന്നവര്‍ക്ക് എത്ര കാലത്തേക്കാണോ കവര്‍ ചെയ്തിരുന്നത് അതിന് ആനുപാതികമായ തുക എടുത്ത ശേഷം ബാക്കി പ്രീമിയം തിരികെ ലഭിക്കുന്നതിനും വ്യവസ്ഥയുണ്ട്.
ഇന്‍ഷുര്‍ ചെയ്ത, ലോണെടുക്കുന്ന വ്യക്തിക്ക് അത്യാഹിതം സംഭവിച്ചാല്‍ ലോണ്‍ തുകയില്‍ എത്രത്തോളം ബാക്കിയുണ്ടെന്നു പരിശോധിച്ചശേഷം അത്രയും തുക നല്‍കും. ഇതിനായി മരണം സംഭവിച്ചതിനു തെളിവായി സര്‍ട്ടിഫിക്കറ്റ്, ക്ലെയിം ഫോം, ഡിസ്ചാര്‍ജ് ഫോം എന്നിവ ആശ്രിതര്‍ക്ക് ഹാജരാക്കേണ്ടി വരും. തുക വായ്പകളുള്ള ബാങ്കുകളിലേക്കായിരിക്കും ഇന്‍ഷുറന്‍സ് കമ്പനി നല്‍കുക.
വ്യക്തികള്‍ക്ക് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ഇത് ഏറെ സഹായകമാകുന്നത് പോലെ വായ്പയെടുത്ത വ്യക്തികളുടെ അത്യാഹിതങ്ങള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധ്യതയായേക്കാം. അതിനാല്‍ അവര്‍ക്കും ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിയിലൂടെ ഇത്തരം സാഹചര്യത്തില്‍ വായ്പാ തുക തിരിച്ചടവ് തലവേദന ഒഴിവാകും.
ലോണ്‍ എടുക്കുന്നവര്‍ അത് സാധാരണമായി തിരിച്ചടക്കാന്‍ കഴിവുള്ളവരായിരിക്കും. പക്ഷെ അപ്രതീക്ഷിതമായി ജീവിതത്തില്‍ ആപത്തുകള്‍ ആര്‍ക്ക്, എപ്പോള്‍, എങ്ങിനെ എവിടെവെച്ച് സംഭവിക്കുമെന്ന് പറയാന്‍ സാധിക്കുകയില്ല. ഈ അനിശ്ചിതാവസ്ഥ സ്വാഭാവികമായും വരുമാനമുള്ള ആളിന്റെ തിരിച്ചടവിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ലോണ്‍ എടുക്കുന്ന അവസരത്തില്‍ ലോണ്‍ തുകയുടെ 0.20% മുതല്‍ 0.40% വരെ (പ്രായത്തിനനുസരിച്ച് പ്രീമിയത്തില്‍ വ്യത്യാസം ഉണ്ടാവുന്നു) ഇന്‍ഷ്വറന്‍സ് പ്രീമിയം അടച്ചാല്‍ സധൈര്യം വായ്പയെടുക്കാവുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.
ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍ വായ്പകൊടുക്കുന്ന ധനകാര്യസ്ഥാപനങ്ങളാണ് മുന്‍കൈ എടുക്കേണ്ടത്. ഇത്തരത്തിലുള്ള പോളിസികള്‍ എടുക്കുന്നതുകൊണ്ട് ധനകാര്യസ്ഥാപനങ്ങള്‍ ഒരു സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുകയാണ് ചെയ്യുന്നത്. ജനങ്ങളെ സംരക്ഷണ മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും തന്മൂലം ജനങ്ങള്‍ക്കും, ധനകാര്യ സ്ഥാപനത്തിനും ഗുണകരമാവും വിധത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സമൂഹത്തിനും തന്മൂലം രാഷ്ട്രത്തിനും ഉന്നതി കൈവരിക്കാനാകുമെന്നകാര്യത്തില്‍ സംശയമില്ല.
കടപ്പാട്: വിശ്വനാഥന്‍ ഒടാട്ട്, തൃശൂര്‍ എയിംസ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്റ്ററും ഇന്‍ഷുറന്‍സ് വിദഗ്ധനുമാണ്
Read DhanamOnline in English
Subscribe to Dhanam Magazine