ജോലി പോയാൽ ഉടൻ പിഎഫ് കിട്ടുമോ? നികുതി ഒഴിവാക്കാൻ എന്തുചെയ്യണം? ഇപിഎഫ്ഒയുടെ നിയമങ്ങള്‍ ഇങ്ങനെ

പിഎഫ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇപിഎഫ്ഒ അടുത്തിടെ വരുത്തിയിട്ടുള്ള ചില മാറ്റങ്ങള്‍ നോക്കാം
ജോലി പോയാൽ ഉടൻ പിഎഫ് കിട്ടുമോ? നികുതി ഒഴിവാക്കാൻ എന്തുചെയ്യണം? ഇപിഎഫ്ഒയുടെ  നിയമങ്ങള്‍ ഇങ്ങനെ
Published on

പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ ആലോചിക്കുകയാണോ? എന്നാല്‍ ഒന്നു ശ്രദ്ധിക്കൂ. പിഎഫ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇപിഎഫ്ഒ അടുത്തിടെ വരുത്തിയിട്ടുള്ള ചില മാറ്റങ്ങള്‍ നോക്കാം.

1. ജോലി നഷ്ടപ്പെട്ടാല്‍ 75% തുക ഉടന്‍ പിന്‍വലിക്കാം

നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടങ്കില്‍, ഒരു മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം പിഎഫ് ബാലന്‍സിന്റെ 75 ശതമാനം വരെ പിന്‍വലിക്കാന്‍ സാധിക്കും. ബാക്കിയുള്ള 25 ശതമാനം തുക പിന്‍വലിക്കണമെങ്കില്‍ രണ്ട് മാസമോ അതിലധികമോ തുടര്‍ച്ചയായി ജോലിയില്ലാതെ ഇരിക്കണം. നേരത്തെ ഇത് പൂര്‍ണമായും പിന്‍വലിക്കാന്‍ രണ്ട് മാസത്തെ കാത്തിരിപ്പ് കാലാവധി ഉണ്ടായിരുന്നു.

2. പെന്‍ഷന്‍ ആനുകൂല്യം നിലനിര്‍ത്താന്‍

പുതിയ മാറ്റങ്ങള്‍ പ്രകാരം, 12 മാസമായി തൊഴിലില്ലെങ്കില്‍ മാത്രമാണ് പിഎഫ് തുക പൂര്‍ണമായും പിന്‍വലിക്കാനുള്ള അര്‍ഹത. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ (EPS) മുടങ്ങാതെ സംരക്ഷിക്കുന്നതിനാണ് ഈ മാറ്റം. പത്ത് വര്‍ഷത്തില്‍ കുറഞ്ഞ സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമേ പെന്‍ഷന്‍ ഫണ്ട് പിന്‍വലിക്കാന്‍ അനുവാദമുള്ളൂ.

3. സര്‍വീസ് കാലാവധിയും നികുതിയും

പിഎഫ് തുക പിന്‍വലിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് സര്‍വീസ് കാലാവധിയാണ്. തുടര്‍ച്ചയായി 5 വര്‍ഷം ജോലി ചെയ്തതിന് ശേഷം തുക പിന്‍വലിക്കുകയാണെങ്കില്‍ അതിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ 5 വര്‍ഷം തികയുന്നതിന് മുന്‍പാണ് തുക പിന്‍വലിക്കുന്നതെങ്കില്‍ ആ തുക നികുതിക്ക് വിധേയമായിരിക്കും.

4. ടിഡിഎസ് നിയമങ്ങള്‍

5 വര്‍ഷത്തെ സര്‍വീസ് തികയുന്നതിന് മുന്‍പ് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുകയാണെങ്കില്‍ ടിഡിഎസ് ഈടാക്കും. പാന്‍ കാര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ 10 ശതമാനവും, പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ 34.6 ശതമാനവുമാണ് ടിഡിഎസ് ആയി കുറയ്ക്കുക. എന്നാല്‍ നിങ്ങളുടെ ആകെ വരുമാനം നികുതി പരിധിയില്‍ താഴെയാണെങ്കില്‍ 'ഫോം 15G' അല്ലെങ്കില്‍ '15H' സമര്‍പ്പിച്ച് ടിഡിഎസ് ഒഴിവാക്കാവുന്നതാണ്.

5. പെന്‍ഷന്‍ അര്‍ഹത

നിങ്ങള്‍ 10 വര്‍ഷത്തിലധികം ജോലി ചെയ്തിട്ടുണ്ടെങ്കില്‍, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പെന്‍ഷന്‍ ലഭിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ തുക മൊത്തമായി പിന്‍വലിക്കാന്‍ സാധിക്കില്ല, പകരം പെന്‍ഷന്‍ സ്‌കീം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുകയാണ് വേണ്ടത്.

ചുരുക്കത്തില്‍, പിഎഫ് തുക പിന്‍വലിക്കുന്നതിന് മുന്‍പ് നിങ്ങളുടെ സര്‍വീസ് കാലാവധിയും നികുതി നിയമങ്ങളും പരിശോധിക്കുന്നത് അനാവശ്യമായ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com