

ബറോഡ ബിഎന്‍പി പരിബാസ് എഎംസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ)ആയി മധു നായരെ നിയമിച്ചു. അതിവേഗം വളരുന്ന ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ കരുത്തുറ്റ സാന്നിധ്യമായി മാറാന്‍ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ സുപ്രധാന ചുവടുവെപ്പാണ് നിയമനം.
ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ശരാശരി കൈകാര്യം ചെയ്യുന്ന ആസ്തി (AAUM) 2026 ജൂലൈ അവസാനത്തോടെ 86.33 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്നു. ബറോഡ ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്‌മെന്റിന്റെ മൊത്തം ശരാശരി ആസ്തി (AAUM) 2026 ജൂലൈ 31 ലെ കണക്കുപ്രകാരം 57,000 കോടി രൂപ പിന്നിട്ടു. ഈ നിര്‍ണായക ഘട്ടത്തിലാണ് നേതൃമാറ്റം.
ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തി, നിര്‍ണായക വളര്‍ച്ചാ ഘട്ടത്തിലൂടെ സ്ഥാപനത്തെ വിജയകരമായി നയിച്ച മാനേജിങ് ഡയറക്ടറും സിഇഒയുമായ സഞ്ജയ് കുമാര്‍ ഗ്രോവറിന് പകരമാണ് മധു നായര്‍ ചുമതലയേല്‍ക്കുന്നത്.
ഞങ്ങളുടെ വലിയ ഉപഭോക്തൃ അടിത്തറയും ഭാരതത്തിലുടനീളമുള്ള സാന്നിധ്യവും പ്രയോജനപ്പെടുത്തി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബറോഡ ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്‌മെന്റ് (BBNPAM) ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ ബീന വാഹീദ് പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയും, യൂറോപ്പിലെ ഏറ്റവും വലിയ അസറ്റ് മാനേജര്‍മാരില്‍ ഒന്നായ ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്‌മെന്റ് ഏഷ്യയും തമ്മിലുള്ള സംയുക്ത സംരംഭം (ജ്യോയിന്റ് വെഞ്ച്ര്‍) വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ ബറോഡ ബിഎന്‍പി പരിബാസ് മ്യൂച്വല്‍ ഫണ്ടിനെ പിന്തുണയ്ക്കുന്നതില്‍ BNPPAM അഭിമാനിക്കുന്നതായി ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്‌മെന്റ് സ്ട്രാറ്റജിക് പാര്‍ട്ടിസിപ്പേഷന്‍സ് ആന്‍ഡ് ജെവിസ് മാനേജിങ് ഡയറക്ടറും ബറോഡ ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്‌മെന്റ് അസോസിയേറ്റ് ഡയറക്ടറുമായ വിന്‍സന്റ് ട്രൂയിലാര്‍ഡ് പെറോട് പറഞ്ഞു.
എച്ച്എസ്ബിസി (HSBC), ഇന്‍വെസ്‌കോ (Invesco), കോട്ടക് (Kotak) തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉന്നത നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള, 28 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള അസറ്റ് മാനേജ്‌മെന്റ് പ്രൊഫഷണലാണ് മധു നായര്‍. എല്ലാ നിക്ഷേപകര്‍ക്കും പങ്കാളികള്‍ക്കും ഓഹരി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും 'ടുഗെദര്‍ ഫോര്‍ മോര്‍' (Together for More) എന്ന ഞങ്ങളുടെ ബ്രാന്‍ഡ് വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് ഉറപ്പുളളതായി ബറോഡ ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മധു നായര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine