7.5% പലിശ ലഭിക്കുന്ന മഹിളാ സമ്മാന്‍ സ്‌കീമില്‍ മലയാളികള്‍ 72,000 പേര്‍; ₹1000 മുതല്‍ നിക്ഷേപിക്കാം

രാജ്യത്ത് സ്ത്രീകളുടെ സമ്പാദ്യശീലം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ (MSSCS) കേരളത്തില്‍ നിന്ന് ഇതിനകം ചേര്‍ന്നത് 72,000 വനിതകള്‍.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31നാണ് പദ്ധതി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം നോട്ടിഫിക്കേഷനിറക്കിയത്. ഏപ്രില്‍ ഒന്നിന് പദ്ധതി പ്രാബല്യത്തില്‍ വന്നു. തുടര്‍ന്ന് ഇതുവരെ രാജ്യമെമ്പാടുനിന്നുമായി പദ്ധതിയില്‍ ചേര്‍ന്നത് 22.56 ലക്ഷം പേരാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മൊത്തം 14,532.71 കോടി രൂപയാണ് ഇവര്‍ നടത്തിയ നിക്ഷേപം.
പോസ്റ്റ് ഓഫീസ് വഴി ചേരാം
2025 മാര്‍ച്ച് വരെ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. രണ്ടുവര്‍ഷമാണ് നിക്ഷേപ കാലാവധി. ആയിരം രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ ഒറ്റത്തവണ നിക്ഷേപം നടത്താം. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ചേരാനാവുക. 7.5 ശതമാനമാണ് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. രാജ്യത്തെ 1.6 ലക്ഷം പോസ്റ്റ് ഓഫീസ് ശാഖകള്‍ വഴിയാണ് മഹിളാ സമ്മാന്‍ അക്കൗണ്ട് തുറക്കാന്‍ അവസരമൊരുക്കിയത്.
ടി.ഡി.എസ് ഇല്ല, 40% തുക ഇടയ്ക്കുവച്ച് പിന്‍വലിക്കാം
സ്രോതസ്സില്‍ നിന്ന് നികുതി (TDS) പിടിക്കില്ല എന്നതാണ് പദ്ധതിയുടെ മറ്റൊരു മികവ്. മാത്രമല്ല, ഒരുവര്‍ഷത്തിന് ശേഷം നിബന്ധനകളോടെ 40 ശതമാനം തുക പിന്‍വലിക്കാനും അവസരമുണ്ട്.
പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കാണ് അക്കൗണ്ട് തുറക്കാനാവുക. ഒരു മഹിളാ സമ്മാന്‍ അക്കൗണ്ട് തുറന്ന് മൂന്നുമാസത്തിന് ശേഷം അടുത്തത് തുറക്കാം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും മേല്‍നോട്ടവുമുള്ള പദ്ധതി സുരക്ഷിതമാണെന്ന പ്രത്യേകതയുമുണ്ടെന്ന് ധനമന്ത്രാലയം പറയുന്നു.
കേരളത്തില്‍ നിന്ന് ₹546 കോടി
കേരള സര്‍ക്കിളില്‍ നിന്ന് ചേര്‍ന്ന 72,000 പേരുംകൂടി ആകെ 546.34 കോടി രൂപയാണ് പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുള്ളത്. 4.53 ലക്ഷം പേരും 2,883.64 കോടി രൂപ നിക്ഷേപവുമായി മഹാരാഷ്ട്ര സര്‍ക്കിളാണ് ഒന്നാമത്.
തമിഴ്‌നാട് സര്‍ക്കിളില്‍ നിന്ന് 3.47 ലക്ഷം പേര്‍ ചേര്‍ന്ന് 1,597.65 കോടി രൂപയും കര്‍ണാടക സര്‍ക്കിളില്‍ നിന്ന് 1.69 ലക്ഷം പേര്‍ ചേര്‍ന്ന് 1,199.69 കോടി രൂപയും നിക്ഷേപിച്ചു. 2.54 ലക്ഷം പേര്‍ ചേര്‍ന്ന് 1,040.75 കോടി രൂപ നിക്ഷേപിച്ച ഒഡീഷ സര്‍ക്കിളാണ് നാലാമത്.
ബംഗാള്‍ (902 കോടി രൂപ), ഗുജറാത്ത് (855 കോടി രൂപ), രാജസ്ഥാന്‍ (709 കോടി രൂപ), ഹിമാചല്‍ (693 കോടി രൂപ), ആന്ധ്രാപ്രദേശ് (606 കോടി രൂപ), മദ്ധ്യപ്രദേശ് (602 കോടി രൂപ), ഉത്തര്‍പ്രദേശ് (589 കോടി രൂപ) എന്നിവരും കേരളത്തേക്കാള്‍ മുന്നിലാണ്.
70 കോടി രൂപ മാത്രം നിക്ഷേപമെത്തിയ നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍ക്കിളാണ് ഏറ്റവും പിന്നില്‍. ജാര്‍ഖണ്ഡില്‍ നിന്ന് 102 കോടി രൂപയും ബിഹാറില്‍ നിന്ന് 103 കോടി രൂപയുമാണ് ലഭിച്ചത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it