പുതുവര്‍ഷത്തില്‍ നടപ്പാകുന്ന ഈ സാമ്പത്തിക മാറ്റങ്ങള്‍ അറിയാതെ പോകരുത്
ഏറെ പ്രതീക്ഷയോടെയാണ് 2024 എത്തിയിട്ടുള്ളത്. സാമ്പത്തിക, സാമൂഹിക കാര്യങ്ങളില്‍ ഏറെ കാര്യങ്ങള്‍ ഈ പുതുവര്‍ഷത്തില്‍ ശ്രദ്ധിക്കാനുണ്ട്. ആക്റ്റീവ് അല്ലാത്ത യു.പി.ഐ ഐ.ഡികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുള്‍പ്പെടെ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചില കാര്യങ്ങളില്‍ പുതുവര്‍ഷത്തില്‍ മാറ്റങ്ങളുണ്ട്.
കെ-സ്മാര്‍ട്ട് വരുന്നതും അതില്‍ പ്രധാനമായ ഒന്നാണ്. എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളും ഡിജിറ്റലായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ടിലൂടെ ജനന-മരണ സര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റും തുടങ്ങി പല സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും സ്റ്റാറ്റസ് അറിയാനുമെല്ലാം സൗകര്യമുണ്ട്.
ആധാര്‍ പുതുക്കല്‍
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കേണ്ടവര്‍ ഉടനെ അത് ചെയ്യണം. മൈ ആധാര്‍ പോര്‍ട്ടലിലൂടെ മാര്‍ച്ച് 14 വരെ സൗജന്യമായി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. നേരിട്ട് ചെയ്യാതെ ആധാര്‍ ഓഫീസില്‍ പോയോ അക്ഷയ വഴിയോ ചെയ്യണമെങ്കില്‍ 50 രൂപയോ അതിലധികമോ ഫീസ് ആയി നല്‍കണം. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ പിഴകൂടി അടയ്‌ക്കേണ്ടി വരും.
ചെറുകിട സമ്പാദ്യ പദ്ധതികൾ
ജനുവരി-മാര്‍ച്ച് മാസങ്ങളിലേക്കുള്ള ചില ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മൂന്നു വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെയും സുകന്യ സമൃദ്ധി യോജനയുടേയും പലിശ നിരക്കുകള്‍ 0.20 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ പോസ്റ്റ് ഓഫീസ്-മൂന്ന് വര്‍ഷ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനവും സുകന്യ സമൃദ്ധി യോജനയ്ക്ക് 8.2 ശതമാനവും പലിശ ലഭിക്കും.
യു.പി.ഐ ഐ.ഡി
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാനുള്ള നീക്കമായി ഏറെക്കാലമായി നിര്‍ജീവമായിരിക്കുന്ന യു.പി.ഐ ഐ.ഡികള്‍ മരവിപ്പിക്കാന്‍ നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യു.പി.ഐ ഐഡികള്‍ക്ക് പോലും ഇത്തരത്തില്‍ പൂട്ട് വീഴും. ലോക്ക് ആയവര്‍ക്ക് യുപിഐ ആപ്പില്‍ പോയി വീണ്ടും റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാകും.
വിവിധ കാറുകളുടെ വില കൂട്ടൽ
രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കളില്‍ പലരും പുതു വര്‍ഷത്തില്‍ വില വര്‍ധനയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. സുസൂക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹോണ്ട, ഹ്യുണ്ടായ്, നിസാന്‍, ഫോക്‌സ്വാഗന്‍, സ്‌കോഡ അടക്കം മിക്ക കമ്പനികളും വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ മാരുതി കാറുകള്‍ക്ക് 0.8 ശതമാനം വില കൂടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഓഡി കാറുകള്‍ക്കാകട്ടെ 2 ശതമാനം വരെ വില ഉയര്‍ത്തും.
പോളിസി ഉടമകൾ
ഇന്‍ഷുറന്‍സ് പോളിസിയില്‍ പോളിസി ഉടമയ്ക്ക് കൂടുതല്‍ പ്രിവിലേജ് നല്‍കുന്നതാണ് പുതിയ മാറ്റം. ഇന്ന് മുതല്‍ പോളിസി ഉടമയ്ക്ക് കമ്പനി നല്‍കുന്ന പേപ്പര്‍ കൂടുതല്‍ സിമ്പിള്‍ ആക്കണമെന്നാണ് നിര്‍ദേശം. എന്തിനൊക്കെ കവറേജ് കിട്ടും, കിട്ടില്ല, എന്താണ് നിബന്ധനകള്‍ എന്നെല്ലാം ലളിതമായി പറയുന്ന കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റുകള്‍ നല്‍കും.
പിഴപ്പലിശ പോയി പിഴത്തുക വന്നു
ക്രെഡിറ്റ് കാര്‍ഡുകള്‍ ഒഴികെയുള്ള വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകള്‍ക്ക് ഇന്ന് മുതല്‍ ഈടാക്കാനാകൂ. ഏപ്രില്‍ ഒന്ന് മുതല്‍ ആകും ഈ തീരുമാനം നടപ്പിലാവുക.
വായ്പാ തിരിച്ചടവ്
ബാങ്കുകള്‍ പലിശ ഉയര്‍ത്തുമ്പോള്‍ വായ്പ എടുത്ത വ്യക്തികളോട് അനുവാദം ചോദിക്കണം. പലിശ നിരക്ക് കൂടുമ്പോള്‍ ഇ.എം.ഐ കൂട്ടണോ കാലാവധി കൂട്ടണോ എന്ന് വായ്പയെടുത്ത ആള്‍ക്ക് തീരുമാനിക്കാം.
പുതിയ സിം എടുക്കാന്‍ ഇനി പേപ്പര്‍ വേണ്ട
പുതിയ സിം കാർഡ് എടുക്കാനുള്ള ഫോം പൂരിപ്പിക്കല്‍ ഇനിയില്ല. പകരം ഡിജിറ്റൽ അപേക്ഷകൾ മാത്രമാകും. കേരളത്തില്‍ ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്നിരുന്നാലും പേപ്പര്‍ അധിഷ്ഠിത KYC (Know Your Customer) പ്രക്രിയ എവിടെയെങ്കിലുമുണ്ടെങ്കിൽ അത് അവസാനിപ്പിക്കാൻ നടപടികളെടുക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.
ഓഹരികള്‍ നോമിനിക്ക്
ഇന്‍ഷുറന്‍സിലെ നോമിനിയുടെ അവകാശങ്ങള്‍ പോലെ ഓഹരി നിക്ഷേപത്തിലും നോമിനിക്ക് അവകാശമുണ്ടായിരിക്കും. ഓഹരി നിക്ഷേപകന്‍ മരിച്ചാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ സംവിധാനം ഇന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വരും. മരണ സര്‍ട്ടിഫിക്കറ്റും മരിച്ച വ്യക്തിയുടെ പാന്‍ കാര്‍ഡും സമര്‍പ്പിച്ചാല്‍ ഓഹരികള്‍ നോമിനിക്ക് കൈമാറുന്നത് എളുപ്പമാകും.
നോമിനിയെ ചേര്‍ക്കല്‍ നിര്‍ബന്ധം
മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കും ഡിമാറ്റ് അക്കൗണ്ടുള്ളവര്‍ക്കും നോമിനിയെ ചേര്‍ക്കാനുള്ള സമയ പരിധി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ജൂണ്‍ 30 ആണ് ഇതിനായുള്ള അവസാന തീയതി. ഇന്നലെ തീരേണ്ട സമയ പരിധി ആണ് സെബി നീട്ടിയത്.
സൗജന്യ വീസ
ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെ ശ്രീലങ്ക സൗജന്യ വീസ അനുവദിച്ചിട്ടുണ്ട്. തായ്ലന്‍ഡും മെയ് 10 വരെ മുന്‍കൂര്‍ വിസ ഇല്ലാതെ രാജ്യത്തേക്ക് വരാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2024ല്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വീസ ഇല്ലാതെ വരാമെന്ന് മലേഷ്യയും അറിയിച്ചിട്ടുണ്ട്.