ചെറിയ തുകകളിലൂടെ നേടാം വലിയ സമ്പാദ്യം
വളരെ കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവി ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതലായി ആശ്രയിക്കുന്ന നിക്ഷേപമാര്‍ഗമാണ് ചെറു സമ്പാദ്യ പദ്ധതികള്‍. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ ഇവയുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ജനപ്രിയമായ അഞ്ച് ചെറു സമ്പാദ്യ പദ്ധതികള്‍ പരിചയപ്പെടാം.
എന്നും മുന്നില്‍ പിപിഎഫ്
ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായൊരു നിക്ഷേപ മാര്‍ഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 15 വര്‍ഷം കാലാവധിയുള്ള
ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക് ഓരോ പാദത്തിലും നിശ്ചിയിക്കും.
ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ പലിശ
നിരക്ക് 8 ശതമാനമാണ്.
കുറഞ്ഞത് അഞ്ഞൂറു രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാനാകും. ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗികമായി നിക്ഷേപം പിന്‍വലിക്കാനാകും. അക്കൗണ്ട് നിലനിര്‍ത്താന്‍ ഓരോ വര്‍ഷവും 500 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണം.
ആദായ നികുതി നിയമത്തിലെ 80 സി വകുപ്പനുസരിച്ച് നികുതി കിഴിവിന് അര്‍ഹതയുണ്ട്. പിപിഎഫിലെ നിക്ഷേപം, പലിശ, പിന്‍വലിക്കുന്ന തുക ഇവയെല്ലാം പൂര്‍ണമായും നികുതി മുക്തമാണ്. നിക്ഷേപം തുടങ്ങി മൂന്നു മുതല്‍ ആറു വര്‍ഷം വരെ ഇതില്‍ നിന്നു വായ്പ എടുക്കാന്‍ സൗകര്യമുണ്ട്. മൂന്നു വര്‍ഷം വരെയാണ് വായ്പ അനുവദിക്കുന്നത്. ഏഴാം വര്‍ഷം മുതല്‍ നിബന്ധനകള്‍ക്കു വിധേയമായി ഭാഗികമായ പിന്‍വലിക്കലും സാധ്യമാണ്.
പോസ്റ്റ് ഓഫീസ് വഴിയോ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് കുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ പിപിഎഫ് എക്കൗണ്ട് തുറക്കാം. മറ്റൊരു ശാഖയിലേക്ക് പിപിഎഫ് എക്കൗണ്ട് മാറ്റാനുള്ള സൗകര്യവുമുണ്ട്.
സ്ഥിരവരുമാനത്തിന് പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീം
മൂലധനം സംരക്ഷിച്ചുകൊണ്ട് സ്ഥിര വരുമാനം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപമാര്‍ഗമാണിത്. നിലവില്‍ പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീമിന്റെ (പിഒഎംഎസ്എസ്) പലിശ നിരക്ക് 7.7 ശതമാനമാണ്. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകള്‍ വഴിയും പദ്ധതിയില്‍ നിക്ഷേപിക്കാം. അഞ്ചു വര്‍ഷമാണ് കാലാവധി. മാസാമാസം പലിശ ലഭിക്കും. വ്യക്തികള്‍ക്കോ ജോയിന്റായോ എക്കൗണ്ട് തുറക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1500 രൂപയാണ്. പരമാവധി തുക സിംഗിള്‍ എക്കൗണ്ടുകള്‍ക്ക് നാലു ലക്ഷം രൂപയും ജോയ്ന്റ് എക്കൗണ്ടുകള്‍ക്ക് ഒന്‍പത് ലക്ഷം രൂപയുമാണ്. നികുതി ദായകന്റെ നികുതി ബ്രാക്കറ്റ് അനുസരിച്ച് പലിശയ്ക്ക് നികുതി നല്‍കണം. എന്നാല്‍ പലിശയ്ക്ക് സ്രോതസില്‍ നികുതി കിഴിക്കില്ല. നിക്ഷേപ തുകയ്ക്ക് 80 സി വകുപ്പ് പ്രകാരമുള്ള ഇളവ് ലഭിക്കും. ഒരു വര്‍ഷത്തിനു ശേഷം കാലവധിക്കു മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നതാണ്. എന്നാല്‍ അതിന് പെനാല്‍റ്റി നല്‍കേണ്ടി വരും.
സുരക്ഷിതം എന്‍എസ്‌സി
അടുത്തിടെ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ (എന്‍എസ്‌സി) പലിശ നിരക്ക് എട്ടു ശതമാനമായി.
പദ്ധതിയില്‍ ചേരാനുള്ള മിനിമം തുക 100 രൂപയാണ്. പിന്നെ നൂറിന്റെ ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. അഞ്ചു വര്‍ഷമാണ് ലോക്ക് ഇന്‍ പീരിയഡ്. നിക്ഷേപത്തിന്റെ പലിശ കണക്കാക്കുന്നത് വാര്‍ഷിക അടിസ്ഥാനത്തിലാണെങ്കിലും കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമാണ് തുക ലഭിക്കുക.
എന്‍എസ്‌സിയില്‍ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി നിയമത്തിന്റെ 80 സി വകുപ്പ് പ്രകാരം കിഴിവ് ലഭിക്കും. എന്‍എസ്‌സിയിലൂടെ ലഭിക്കുന്ന പലിശ പുനര്‍നിക്ഷേപിക്കുന്നതായി കണക്കാക്കി അതിനും നികുതി കിഴിവ് നല്‍കുന്നുണ്ട്. ഉറവിടത്തിലുള്ള നികുതി കിഴിവ് എന്‍എസ്‌സിക്ക് ബാധകമല്ല. എന്നിരുന്നാലും അവസാന വര്‍ഷത്തെ പലിശ തിരിച്ചു നിക്ഷേപിക്കാതെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്‍കുന്നതാണ്. ആ തുകയ്ക്ക് നികുതി നല്‍കേണ്ടതുണ്ട്.
രാജ്യത്തെവിടെയുമുള്ള പോസ്റ്റ് ഓഫീസുകള്‍ വഴി നിക്ഷേപിക്കാം. പലതരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇതില്‍ വരുന്നുണ്ട്. സിംഗിള്‍ ഹോള്‍ഡര്‍ സര്‍ട്ടിഫിക്കറ്റ്- സ്വന്തമായോ അല്ലെങ്കില്‍ മൈനര്‍ക്കു വേണ്ടിയോ നടത്തുന്നത്, ജോയ്ന്റ് എ ടൈപ്പ് സര്‍ട്ടിഫിക്കറ്റ്- രണ്ട് പേര്‍ ചേര്‍ന്ന് തുല്യമായി മച്യുരിറ്റി തുക പങ്കിടുന്നത്, പിന്നെ ജോയ്ന്റ് ബി ടൈപ്പ് സര്‍ഫിക്കറ്റ്- നിക്ഷേപകരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം മച്യുരിറ്റി തുക നല്‍കുന്നത് എന്നിവയാണത്.
മകള്‍ക്കായി സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). പെണ്‍കുട്ടിയുടെ രക്ഷിതാവിനോ മാതാപിതാക്കള്‍ക്കോ എസ്.എസ്.വൈ എക്കൗണ്ട് തുടങ്ങാം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ പദ്ധതിയില്‍ ചേരണം.
എസ്.എസ്.വൈ എക്കൗണ്ട് ആരംഭിക്കുന്നതിനുള്ള കുറഞ്ഞ നിക്ഷേപം 250 രൂപയാണ് (മുന്‍പ് ഇത് 1,000 രൂപയായിരുന്നു). നൂറി ന്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താവുന്നതാണ്. പരമാവധി വാര്‍ഷിക നിക്ഷേപം 1.50 ലക്ഷം
രൂപയാണ്. 14 വര്‍ഷം വരെ നിക്ഷേപം നടത്താം.
ഒരു കുട്ടിക്ക് ഒരു എക്കൗണ്ട് മാത്രമേ തുറക്കാന്‍ സാധിക്കുകയുള്ളൂ. പെണ്‍കുട്ടിക്ക് 21 വയസ്സ് ആകുമ്പോള്‍ പണം തിരിച്ചെടുക്കാം. 18 വയസ് കഴിഞ്ഞാല്‍ 50 ശതമാനം പണം പിന്‍വലിക്കാന്‍ സാധിക്കും. പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയായിട്ടും എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടില്ലെങ്കില്‍ അതിനുശേഷമുള്ള കാലയളവിലെ പലിശ നിക്ഷേപിക്കുന്നതല്ല.
ഈ പദ്ധതിയില്‍ നിക്ഷേപിക്കുമ്പോള്‍ 1.50 ലക്ഷം രൂപയ്ക്കു വരെ ആദായനികുതി ഇളവ് ലഭിക്കും. 21 വയസിനു ശേഷം പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ എക്കൗണ്ട് തുടങ്ങാം.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം
അറുപതു വയസോ അതില്‍ കൂടുതലോ പ്രായമുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്). നിലവില്‍ 8.7 ശതമാനമാണ് പലിശ നിരക്ക്. 15 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാം. നഷ്ടസാധ്യത കുറവാണെന്നതും ഓരോ പാദത്തിലും പലിശ ലഭിക്കുമെന്നതും പദ്ധതിയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി നല്‍കേണ്ടതില്ല. അഞ്ചുവര്‍ഷം വരെ പണം പിന്‍വലിക്കാന്‍ സാധിക്കില്ല.
അറുപതു വയസോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികള്‍ക്ക് വിവിധ കാലായളവുകളിലായി ഒന്നിലധികം എസ്‌സിഎസ്എസ് എക്കൗണ്ടുകള്‍ തുറക്കാവുന്നതാണ്. എന്നാല്‍ മൊത്തം നിക്ഷേപ തുക 15 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മൂന്നു വര്‍ഷത്തേക്കു കൂടി നിക്ഷേപം ദീര്‍ഘിപ്പിക്കുവാനും സാധിക്കും.
പോസ്റ്റ് ഓഫീസ്, പൊതുമേഖലാ ബാങ്കുകള്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പ്രൈവറ്റ് ബാങ്കുകള്‍ വഴിയും നിക്ഷേപം നടത്താം.