മ്യൂച്വല്‍ഫണ്ടില്‍ മലയാളികളുടെ നിക്ഷേപം ₹56,000 കോടി; മുക്കാലും ഇക്വിറ്റിയില്‍

മ്യൂച്വല്‍ഫണ്ടുകളില്‍ കേരളീയര്‍ ഇതിനകം നിക്ഷേപിച്ചത് 56,050.36 കോടി രൂപ. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (Amfi/ആംഫി) ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. മലയാളികള്‍ക്ക് ഓഹരി വിപണിയിലും മ്യൂച്വല്‍ഫണ്ടുകളിലും താത്പര്യമില്ലെന്ന പൊതുവേയുള്ള ധാരണയെ തകര്‍ക്കുന്നതാണ് ഈ കണക്കുകളെന്ന് ടാറ്റാ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഫണ്ട് മാനേജര്‍ മീത ഷെട്ടി പറഞ്ഞു.

മൊത്തം 46.63 ലക്ഷം കോടി രൂപയാണ് ഓഗസ്റ്റ് പ്രകാരം ഇന്ത്യയിലെ എല്ലാ അസറ്റ് മാനേജ്‌മെന്റ് കമ്പനികളും കൂടി കൈകാര്യം (AUM) ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള നിക്ഷേപത്തില്‍ 69 ശതമാനവും ഓഹരി അധിഷ്ഠിത (ഇക്വിറ്റി ഫണ്ട്) പദ്ധതികളിലാണ്. ബാക്കി ഡെറ്റ്, ലിക്വിഡ്, ബാലന്‍സ്ഡ് ഫണ്ടുകളിലും.
എസ്.ഐ.പിക്കും പ്രിയം
കേരളീയര്‍ക്കിടയില്‍ എസ്.ഐ.പിക്കും വലിയ പ്രിയമുണ്ടെന്ന് മീത ഷെട്ടി പറഞ്ഞു. ഓഗസ്റ്റിൽ 300-320 കോടി രൂപ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) വഴി കേരളത്തില്‍ നിന്ന് മ്യൂച്വല്‍ഫണ്ടുകളിലേക്കെത്തി. മാസം, ത്രൈമാസം തുടങ്ങി തവണവ്യവസ്ഥകളിലൂടെ മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്ന മാര്‍ഗമാണ് എസ്.ഐ.പികള്‍. ആഗ്‌സറ്റില്‍ 15,800 കോടി രൂപയായിരുന്നു ഇന്ത്യയിലെ ആകെ എസ്.ഐ.പി നിക്ഷേപം.
ടാറ്റാ എ.എം.സിയുടെ വിപണി
ടാറ്റാ അസറ്റ് മാനേജ്‌മെന്റ് കമ്പനി മൊത്തം 1.3 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് (AUM) കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ നിന്ന് ടാറ്റാ മ്യൂച്വല്‍ഫണ്ട് നേടിയ നിക്ഷേപത്തിലും 76 ശതമാനം ഇക്വിറ്റി ഫണ്ടുകളിലാണ്. 15 ശതമാനം ഡെറ്റ്, ലിക്വിഡ് ഫണ്ടുകളിലും 9 ശതമാനം ബാലന്‍സ്ഡ് ഫണ്ടുകളിലുമാണെന്നും മീത ഷെട്ടി പറഞ്ഞു.
ഇനി വലിയ വളര്‍ച്ചയുടെ കാലം
ബാങ്കിംഗ്, ഐ.ടി., ഊര്‍ജം (Power), അടിസ്ഥാനസൗകര്യം (Infra), ഫാര്‍മ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിക്കാനാണ് നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം കാട്ടുന്നതെന്ന് മീത ഷെട്ടി വ്യക്തമാക്കി.
ആശുപത്രി, ചികിത്സാസൗകര്യം, രോഗനിര്‍ണയം, മരുന്ന് ഉത്പാദനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ ഇനിയും വളരാനിരിക്കുന്നതേയുള്ളൂ. ഡിജിറ്റലൈസേഷന്‍, പുതിയ സാങ്കേതികവിദ്യകളുടെ സ്വായത്തമാക്കല്‍ തുടങ്ങിയവ ഐ.ടി അധിഷ്ഠിത ഓഹരികള്‍ക്കും കുതിപ്പാകും. അടിസ്ഥാനസൗകര്യ മേഖലയുടെ മുന്നേറ്റത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ അധിക മൂലധനച്ചെലവ്, സ്വകാര്യ നിക്ഷേപത്തിലെ വര്‍ദ്ധന (Private Capex) തുടങ്ങിയവ അടിസ്ഥാനസൗകര്യം, ഊര്‍ജ മേഖലയിലെ കമ്പനികള്‍ക്കും കരുത്താകും.
മാത്രമല്ല, വരുംവര്‍ഷങ്ങളില്‍ ഇന്ത്യ 6 ശതമാനത്തില്‍ കുറയാത്ത ജി.ഡി.പി വളര്‍ച്ച നേടുമെന്നതും ഓഹരി നിക്ഷേപകര്‍ക്ക് നല്‍കുന്നത് മികച്ച പ്രതീക്ഷകളാണെന്നും അവര്‍ പറഞ്ഞു.
ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന ടാറ്റ ഇന്ത്യ ഫാര്‍മ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ ഫണ്ട്, ഐ.ടി ഓഹരകളുടെ ടാറ്റ ഡിജിറ്റല്‍ ഇന്ത്യ ഫണ്ട്, വിവിധ മേഖലകളിലെ ഓഹരികളുള്ള ടാറ്റ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് എന്നിവയാണ് മീത ഷെട്ടി മേല്‍നോട്ടം വഹിക്കുന്ന ഫണ്ടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ശരാശരി 20 ശതമാനത്തിലധികം റിട്ടേണ്‍ നിക്ഷേപകര്‍ക്ക് നല്‍കിയവയാണ് ഈ ഫണ്ടുകള്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it