

കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കുന്നതിനോ അടിയന്തര ചികിത്സ നേടുന്നതിനായോ അല്ലെങ്കിൽ ഒരു സൈഡ് ബിസിനസ് തുടങ്ങുന്നതിനായോ ഇത്തിരി പണം വേണം. പക്ഷേ കയ്യിലാണേൽ ഒന്നുമില്ല. ബാങ്ക് ലോണിന് ശ്രമിക്കാമെന്ന് കരുതിയാൽ ജാമ്യം നിൽക്കാനാളില്ല, ഈട് നൽകുന്നതിനുള്ള സ്വത്തോ ഇല്ല. രാജ്യത്തെ കോടിക്കണക്കിനായ സാധാരണക്കാരുടെ ദുരവസ്ഥയാണിത്. എന്നാൽ ഇത്തരമൊരു സ്ഥിതിവിശേഷം തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളിലൊന്നാണ് മൈക്രോഫിനാൻസ് ലോൺ.
വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ (പ്രതിമാസം ₹25,000) താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള ജാമ്യമോ ഈടോ ഇല്ലാതെ, ലളിതമായ രേഖകൾ മാത്രം സമർപ്പിച്ചുകൊണ്ട് ലഭിക്കുന്ന ചെറുകിട വായ്പയാണിത്. റിസർവ് ബാങ്കിന്റെ നിർവചനം അനുസരിച്ച്, എന്തെങ്കിലും വിധത്തിലുള്ള നിക്ഷേപമോ ഈടോ വാങ്ങിയാൽ അതിനെ മൈക്രോഫിനാൻസ് ലോണിന്റെ പരിധിൽ ഉൾപ്പെടുത്തില്ല. പരമ്പരാഗത ബാങ്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലാത്തെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കാണ് മൈക്രോഫിനാൻസ് ലോൺ കിട്ടുക.
സ്വയംതൊഴിൽ ചെയ്യുന്നവർ, കർഷകർ, മത്സ്യബന്ധനം, കൈത്തൊഴിൽ, ചെറുകിട കച്ചവടം എന്നിങ്ങനെ സ്വന്തം നിലയിൽ വരുമാനം കണ്ടെത്തുന്ന ഏതൊരാൾക്കും മൈക്രോഫിനാൻസ് ലോൺ ലഭ്യമാണ്. 18-നും 60-നും ഇടയിലായിരിക്കണം പ്രായം. നേരത്തെ വായ്പ കുടിശിക വരുത്തിയിട്ടുള്ളവർ ആകരുത്. 10,000 രൂപ മുതൽ 1.25 ലക്ഷം രൂപ വരെയാണ് പൊതുവേ മൈക്രോഫിനാൻസ് വായ്പ ലഭിക്കുക. ചില ധനകാര്യ സ്ഥാപനങ്ങൾ 2 ലക്ഷം രൂപ വരെ അനുവദിക്കാറുണ്ട്. ഓരോ വ്യക്തിയുടെ വരുമാനത്തിനും തിരിച്ചടവ് ശേഷിക്കനുസരിച്ചും മൈക്രോഫിനാൻസ് ലോണിന്റെ തിരിച്ചടവ് കാലാവധി 12 മുതൽ 36 മാസം വരെയാകാം. കാലാവധിക്ക് മുൻപേ തിരിച്ചടയ്ക്കുന്നതിന് (പ്രീപേയ്മെന്റ്) പിഴ ഈടാക്കുന്നതല്ല.
മാസംതോറുമോ രണ്ടാഴ്ച കൂടുമ്പോഴോ അല്ലെങ്കിൽ പ്രതിവാരമോ എന്നിങ്ങനെ സൗകര്യപ്രദമായി തിരിച്ചടവ് നിശ്ചയിക്കാം. എന്തായാലും ലോണിന്റെ പ്രതിമാസ തിരിച്ചടവ് തുക മാസവരുമാനത്തിന്റെ 50 ശതമാനത്തിന് മുകളിലാകരുതെന്ന് റിസർവ് ബാങ്ക് (ആർബിഐ) വ്യവസ്ഥയുണ്ട്. അതേസമയം മൈക്രോഫിനാൻസ് ലോണിന്റെ പലിശ നിരക്ക് മറ്റ് ബാങ്ക് വായ്പകളേക്കാൾ ഉയർന്നതാണ്. തിരിച്ചടവ് ശേഷിക്ക് അനുസരിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കപ്പെടുക. എന്നിരുന്നാലും അമിത പലിശ ഈടാക്കരുതെന്ന വ്യവസ്ഥയുണ്ട്.
റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിന് കീഴിലുള്ള സ്ഥാപനങ്ങൾക്കാണ് മൈക്രോഫിനാൻസ് ലോൺ വിതരണം ചെയ്യാൻ അധികാരമുള്ളത്. ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്സി), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, സൊസൈറ്റികൾ, സ്വയംസഹായ സംഘങ്ങൾ, എൻജിഒ, പേയ്മെന്റ് ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ മൈക്രോഫിനാൻസ് വായ്പ നൽകുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അടിയന്തര ഘട്ടത്തിൽ ലഭിക്കുന്ന ധനസഹായമെന്ന നിലയിലും ജാമ്യമോ ഈടാ നൽകാനില്ലാത്തവർക്കും സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താനും സഹായിക്കുന്നതിനാൽ മൈക്രോഫിനാൻസ് ലോണിന് ഇന്ത്യയിൽ സവിശേഷ പ്രാധാന്യമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine