

ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിടുമ്പോൾ, മിക്ക ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപകരും പരിഭ്രാന്തരായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ അഥവാ എസ്.ഐ.പി നിർത്തിവെക്കും. ചിലർ ഫണ്ടുകൾ റെഡീം ചെയ്തു പണം പുറത്തെടുക്കുകയും ചെയ്യുന്നു. പക്ഷേ ഇങ്ങനെ ചെയ്യുന്നത് വലിയൊരു അബദ്ധമാണ്. കാരണം തിരിച്ചടിയുടെ പിന്നാലെ വിപണിയിലുണ്ടാകാവുന്ന റിക്കവറി റാലി നഷ്ടമാകും. ഇതോടെ താത്കാലികമായി നേരിട്ടിരുന്ന നഷ്ടം എന്നന്നേക്കുമായി മാറുന്നു.
എന്നാൽ വാസ്തവത്തിൽ വിപണിയിലുണ്ടാകുന്ന തിരുത്തൽ ഒരു ഭീഷണിയല്ല. മറിച്ച് ക്രമബദ്ധമായ രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാവുന്ന ഒരു അവസരമാണത്. ദീർഘമായ കാലയളവിൽ സമ്പത്ത് കെട്ടിപ്പടുക്കാൻ കിട്ടുന്ന അനുകൂല സന്ദർഭം. ഇപ്പോൾ ആഭ്യന്തര ഓഹരി വിപണിയിൽ തിരുത്തൽ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടമായതിനാൽ, നിങ്ങളുടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ സംരക്ഷിക്കാൻ ഉപകരിക്കാവുന്ന ശക്തമായ നാല് ഘട്ട നിക്ഷേപതന്ത്രം അറിയാം.
വിപണി ശക്തമായ കുതിപ്പ് കാണിക്കുന്ന വേളയിൽ നിക്ഷേപകർ അറിയാതെയാണെങ്കിലും കൂടുതൽ റിസ്ക് എടുക്കാൻ തയ്യാറാകും. ഇതോടെ പോർട്ട്ഫോളിയോയിൽ ഇക്വിറ്റിയുടെ അനുപാതവും വർധിക്കാം. എന്നാൽ വിപണിയിൽ തിരുത്തൽ വരുന്ന വേളയിലായിരിക്കും ഇതിന്റെ പ്രത്യാഘാതം മനസ്സിലാക്കുക. ഓരോ നിക്ഷേപകരുടേയും പ്രായം/ റിസ്ക് എടുക്കാനുള്ള ശേഷി/ മറ്റ് വരുമാനം/ സാമ്പത്തിക ലക്ഷ്യം എന്നിവയൊക്കെ മുൻനിർത്തി അനാവശ്യമായ റിസ്ക് ഒഴിവാക്കാൻ കൃത്യമായൊരു അസറ്റ് അലോക്കേഷൻ പദ്ധതി തയ്യാറാക്കണം.
വിപണി ഇടിയുമ്പോൾ ഫണ്ടിന്റെ എൻ.എ.വി.യും താഴുന്നതാണ്. അതുകൊണ്ട് വിപണി തിരുത്തൽ നേരിടുന്ന വേളയിലും എസ്.ഐ.പി വഴിയുള്ള നിക്ഷേപം മുടക്കമില്ലാതെ തുടരുകയാണെങ്കിൽ കൂടുതൽ യൂണിറ്റുകൾ ലഭിക്കുന്നതായിരിക്കും. പിന്നീട് വിപണി കരകയറുമ്പോൾ കൂടുതൽ നേട്ടം സ്വന്തമാക്കാൻ ഇതു സഹായിക്കുന്നു. ഇതിലൂടെ ദീർഘകാലയളവിൽ സമ്പത്ത് കെട്ടിപ്പടുക്കാനുള്ള വഴിതെളിയുന്നു. ചുരുക്കത്തിൽ വിപണിയിൽ ഇടിവ് നേരിടുമ്പോൾ എസ്.ഐ.പി നിർത്തിവെച്ചാൽ ഈ സന്ദർഭാനുകൂല്യം നഷ്ടപ്പെടും.
വിപണി താഴേക്ക് പോകുമ്പോൾ ഇക്വിറ്റി വിലയും കുറയും. അപ്പോൾ കടപ്പത്രം പോലെയുള്ള ഡെറ്റ് നിക്ഷേപങ്ങളിൽ നിന്നും ഓഹരിയിലേക്ക് പണം മാറ്റിയാൽ താഴ്ന്ന വിലയിൽ ഓഹരി വാങ്ങാൻ കഴിയുന്നു. വിപണി കരകയറുമ്പോൾ ഇത് വലിയ നേട്ടം സമ്മാനിക്കുകയും ചെയ്യാം. എന്നിരുന്നാലും നിങ്ങൾ ആദ്യം കണ്ടുവെച്ചിരുന്ന സാമ്പത്തിക ലക്ഷ്യം അടുത്ത് എത്തിയാൽ, ഓഹരിയിൽ നിന്നും കടപ്പത്രങ്ങളിലേക്ക് നിക്ഷേപം മാറ്റണം. ഇത് പോർട്ട്ഫോളിയോയിൽ നേരിടാവുന്ന ചാഞ്ചാട്ടം കുറയ്ക്കാൻ സഹായിക്കും.
വിപണി താഴേക്ക് പോകുന്നത് കാണുമ്പോൾ പരിഭ്രാന്തരായി ഇക്വിറ്റി നിക്ഷേപം വിറ്റൊഴിവാക്കരുത്. കിട്ടുന്ന വിലയിൽ കയ്യിലുള്ളതൊക്കെ വിറ്റുമാറിയാൽ അതിലൂടെ നേരിടുന്ന നഷ്ടം എന്നന്നേക്കും ഉള്ളതായി മാറും. പകരം വിവരങ്ങളുടെയും മാർക്കറ്റ് ഡേറ്റയുടെയും അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം സ്വീകരിക്കുക. തെരഞ്ഞെടുത്ത നിക്ഷേപതന്ത്രത്തിൽ വിശ്വസിക്കുക.
വിപണിയുടെ ഏത് ഘട്ടത്തിലും നിക്ഷേപം തുടരുകയും അച്ചടക്കം പാലിക്കുകയും ചെയ്താൽ ദീർഘമായ കാലയളവിൽ സമ്പാദ്യം നേടാനാകും. വിപണിയുടെ മുൻകാല ചരിത്രം പറഞ്ഞുതരുന്നത് ഈ ലളിതമായ കാര്യമാണ്. സ്മാർട്ട് ആയിട്ടുള്ള നിക്ഷേപകർ വിപണിയിലെ തിരിച്ചടിയെ ഭയക്കുന്നില്ല, പകരം കൃത്യമായ നിക്ഷേപ തന്ത്രത്തിലൂടെ പോർട്ട്ഫോളിയോ കരുത്തുറ്റതാക്കി മാറ്റുന്നു. ചുരുക്കത്തിൽ വിപണിയിൽ തിരുത്തൽ നേരിടുമ്പോൾ മനോവികാരം നിയന്ത്രിച്ച് ഉചിതമായ നിക്ഷേപതന്ത്രം പരുവപ്പെടുത്തിയാൽ നേട്ടവും പിന്നാലെയെത്തും എന്നതാണ് ചരിത്രം.
Read DhanamOnline in English
Subscribe to Dhanam Magazine