

പേഴ്സണല്‍ ലോണ്‍ എടുക്കുന്നത് സംബന്ധിച്ച് ഉപയോക്താക്കളുടെ ഇടയില്‍ പല അബദ്ധ ധാരണകളും ഉണ്ട്. വ്യക്തിഗത വായ്പകൾ ധനകാര്യ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ കാലഘട്ടത്തില്‍ വളരെ വേഗത്തില്‍ അംഗീകരിച്ച് വിതരണം ചെയ്യുന്നുണ്ട്. വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പണത്തിന്റെ അന്തിമ ഉപയോഗത്തെക്കുറിച്ച് ഉപയോക്താവ് ധനകാര്യ സ്ഥാപനത്തോട് വ്യക്തമാക്കേണ്ടതില്ല.
വ്യക്തിഗത വായ്പകള്‍ എടുക്കുന്നത് സംബന്ധിച്ച പ്രധാന തെറ്റിധാരണകള്‍ ഇവയാണ്.
ചികിത്സ പോലുളള അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമാണ് വ്യക്തിഗത വായ്പകൾ എടുക്കാവൂ എന്നൊരു ധാരണ പൊതുവായി ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെ കൂടാതെ മറ്റു ആവശ്യങ്ങള്‍ക്കും പേഴ്സണല്‍ ലോണുകള്‍ ഉപയോഗിക്കാം.
കടം തിരിച്ചു നല്‍കല്‍, വീട് പുതുക്കിപ്പണിയൽ, വിവാഹം അല്ലെങ്കിൽ മറ്റേതെങ്കിലും ചടങ്ങുകൾ, കുടുംബ അവധിക്കാലം, കൺസ്യൂമർ ഡ്യൂറബിൾസ് വാങ്ങൽ, വിദ്യാഭ്യാസ ചെലവുകൾ, പുതിയതോ സെക്കൻഡ് ഹാൻഡോ ആയ വാഹനങ്ങള്‍ വാങ്ങൽ, ബിസിനസ് ആരംഭിക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വായ്പകൾ എടുക്കാവുന്നതാണ്.
വ്യക്തിഗത വായ്പ ലഭിക്കുന്നതിന് ഒരു വ്യക്തിക്ക് 750 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന പൊതുധാരണ ആളുകളുടെ ഇടയിലുണ്ട്. എന്നാല്‍ പല ധനകാര്യ സ്ഥാപനങ്ങളും 750 ൽ താഴെ ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് വ്യക്തിഗത വായ്പകളും മറ്റ് വായ്പകളും നൽകുന്നുണ്ട്.
അപേക്ഷകന്റെ സ്ഥിരമായ വരുമാന സ്രോതസ് അല്ലെങ്കില്‍ സ്ഥിരമായ ജോലി, മുൻകാലങ്ങളിൽ വായ്പ/ ക്രെഡിറ്റ് കാർഡ് വീഴ്ചകൾ ഇല്ലാതിരിക്കൽ, കുറഞ്ഞ കടം-വരുമാന അനുപാതം, സഹ-അപേക്ഷകന്റെയോ ഗ്യാരണ്ടറുടെയോ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് ചില ധനകാര്യ സ്ഥാപനങ്ങൾ വ്യക്തിഗത വായ്പകൾ നൽകുന്നതിന് 700 ൽ താഴെയുള്ള ക്രെഡിറ്റ് സ്കോറും പരിഗണിക്കുന്നുണ്ട്.
ശമ്പളക്കാരായ വ്യക്തികള്‍ മാത്രമല്ല വ്യക്തിഗത വായ്പകൾ നേടാന്‍ അര്‍ഹരായവര്‍. സ്വയംതൊഴിൽ ചെയ്യുന്നവർ, കൺസൾട്ടന്റുകൾ, ബിസിനസുകാർ തുടങ്ങിയവര്‍ക്കും വ്യക്തിഗത വായ്പകള്‍ ലഭിക്കും. നല്ല ക്രെഡിറ്റ് സ്കോർ, കുറഞ്ഞ കടം-വരുമാന അനുപാതം, അക്കൗണ്ടില്‍ നല്ല രീതിയുളള പണമിടപാടുകള്‍ നടക്കുക മുതലായവ ഉള്ളവര്‍ക്കും വ്യക്തിഗത വായ്പാ അപേക്ഷാ പ്രോസസിംഗ് സുഗമമായിരിക്കും.
ഭവന വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയ സുരക്ഷിത വായ്പകളുടെ പലിശ നിരക്കുകളുമായി വ്യക്തിഗത വായ്പ പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് ഉചിതമല്ല. അതേസമയം പ്രതിവർഷം 36 ശതമാനം മുതൽ 45 ശതമാനം വരെ ഈടാക്കുന്ന ക്രെഡിറ്റ് കാർഡ് വായ്പകള്‍ പോലുളളവയുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത വായ്പ പലിശ നിരക്കുകൾ വളരെ കുറവാണ്. മിക്ക ബാങ്കുകളും എൻബിഎഫ്‌സികളും 10 ശതമാനം മുതൽ 15 ശതമാനം വരെ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകൾ നല്‍കുന്നു.
നിലവില്‍ ഏതെങ്കിലും വായ്പ ഉണ്ടെങ്കില്‍, അത് പൂർണ്ണമായും തിരിച്ചടയ്ക്കുന്നതുവരെ വ്യക്തിഗത വായ്പ എടുക്കാൻ കഴിയില്ലെന്ന് ചിലർ കരുതുന്നുണ്ട്. വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ബാങ്ക് ഉപയോക്താവിന്റെ കടം-വരുമാന അനുപാതം (DTI) വിലയിരുത്തുന്നുണ്ട്. നിങ്ങളുടെ ഡി.ടി.ഐ അനുപാതം ബാങ്കിന്റെ നിശ്ചിത പരിധിക്കുള്ളിലാണെങ്കിൽ നിലവില്‍ വായ്പ ഉണ്ടെങ്കിലും നിങ്ങൾക്ക് വ്യക്തിഗത വായ്പ എടുക്കാം.
ലഭിക്കാൻ ഏറ്റവും എളുപ്പവും വേഗമേറിയതുമായ വായ്പകളിൽ ഒന്നാണ് വ്യക്തിഗത വായ്പകൾ. അതിനാൽ ഉപയോക്താവ് അവ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, കടക്കെണിയിൽ വീഴാനുള്ള സാധ്യതകളുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine