ഞായറാഴ്ച മുതൽ മാറ്റങ്ങൾ പലത്; സൗജന്യ ആധാർ അപ്‌ഡേറ്റ് മുതല്‍ ഇ.പി.എഫ്.ഒ 3.0 വരെ

എല്ലാ ഓൺലൈൻ ആധാര്‍ അപ്‌ഡേറ്റുകൾക്കും ചാര്‍ജ് ഈടാക്കുന്നതാണ്
Updation for Aadhaar details extended
Published on

2025 ജൂൺ 1 മുതൽ ഒട്ടേറെ സാമ്പത്തിക നിയമങ്ങളാണ് പുതുതായി അവതരിപ്പിക്കുന്നത്. സാമ്പത്തിക മേഖലയിൽ സജീവമായി ഏർപ്പെടുന്ന വ്യക്തികളെയും ബിസിനസുകളെയും ബാധിക്കുന്നതാണ് ഈ മാറ്റങ്ങള്‍. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) 3.0 സംവിധാനം അവതരിപ്പിക്കല്‍, ടി.ഡി.എസ് സമയപരിധി, ഓവർനൈറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കായുള്ള സെബിയുടെ പുതിയ കട്ട്-ഓഫ് സമയക്രമങ്ങൾ തുടങ്ങിയവയാണ് ഇവയില്‍ ചിലത്.

ഇ.പി.എഫ്.ഒ 3.0

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 3.0 അവതരിപ്പിക്കാൻ സാധ്യതയുളളത് ജൂണ്‍ 1 മുതലാണ്. ഇ.പി.എഫ് അംഗങ്ങൾക്ക് യു.പി.ഐ, എടിഎമ്മുകൾ വഴി തൽക്ഷണം പി.എഫ് ഫണ്ടുകൾ പിൻവലിക്കാൻ അനുവദിക്കുക തുടങ്ങിയവ 3.0 യുടെ സവിശേഷതകളാണ്. പി.എഫ് തുക പിൻവലിക്കലിന്റെ ദൈർഘ്യമേറിയ പ്രക്രിയ ഇല്ലാതാക്കുക ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ 3.0 സംവിധാനം ഇപിഎഫ് അംഗങ്ങൾക്ക് യുപിഐ പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് അവരുടെ പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പരിശോധിക്കാനും അവരുടെ ഇഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനും അനുവദിക്കുന്നതാണ്.

ആദായ നികുതി അവസാന തീയതി

ഫോം 16 പ്രകാരം നികുതി കിഴിവ് ( TDS ) സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അവസാന തീയതി 2025 ജൂൺ 15 ആണ്. ശമ്പളക്കാരായ ജീവനക്കാർക്ക് തൊഴിലുടമകൾ നൽകുന്ന ഒരു സർട്ടിഫിക്കറ്റാണ് ഫോം 16. അവരുടെ ശമ്പളത്തിൽ നിന്ന് നികുതി കുറച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖയാണ് ഇത്. കുറച്ച നികുതി ആദായനികുതി വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നതിന്റെ തെളിവായി ഇത് ഉപയോഗിക്കാവുന്നതാണ്. ഈ സർട്ടിഫിക്കറ്റ് എല്ലാ വർഷവും ജൂൺ 1 നകമാണ് നൽകേണ്ടത്.

ആധാർ വിശദാംശങ്ങളുടെ അപ്‌ഡേറ്റ്

myAadhaar പോർട്ടലിൽ ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂൺ 14 ആണ് . ഈ തീയതിക്ക് ശേഷം എല്ലാ ഓൺലൈൻ അപ്‌ഡേറ്റുകൾക്കും 25 രൂപയും ആധാർ കേന്ദ്രങ്ങളില്‍ നേരിട്ട് ചെന്ന് വരുത്തുന്ന അപ്‌ഡേറ്റുകൾക്ക് 50 രൂപയും ഫീസ് ബാധകമാണ്.

സെബി നിയമങ്ങൾ

2025 ജൂൺ 1 മുതൽ ഓവർനൈറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കായി ഓഹരി വിപണി നിയന്ത്രകരായ സെബി പുതിയ കട്ട്-ഓഫ് സമയം അവതരിപ്പിച്ചിട്ടുണ്ട്. ആസ്തി മൂല്യം (NAV) കണക്കുകൂട്ടുന്ന പ്രക്രിയയിൽ സുതാര്യത കൊണ്ടുവരാൻ ലക്ഷ്യമിട്ടുളളതാണ് പുതുക്കിയ കട്ട്-ഓഫ് സമയം. 2025 ജൂൺ 1 മുതൽ, ഓവർനൈറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കുള്ള കട്ട്-ഓഫ് സമയം ഓഫ്‌ലൈൻ ഇടപാടുകൾക്ക് ഉച്ചകഴിഞ്ഞ് 3 മണിയും ഓൺലൈൻ ഇടപാടുകൾക്ക് വൈകിട്ട് 7 മണിയും ആണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക് പോലുളള ചില ബാങ്കുകൾ ജൂൺ മുതൽ ക്രെഡിറ്റ് കാർഡ് ഫീസില്‍ മാറ്റങ്ങള്‍ ഏർപ്പെടുത്തുന്നുണ്ട്. ചില പ്രത്യേക ക്രെഡിറ്റ് കാർഡുകള്‍ക്കുള്ള ലോഞ്ച് ആക്‌സസ് നയം ജൂൺ മുതൽ എച്ച്‌ഡിഎഫ്‌സി, ആക്സിസ് ബാങ്ക് പോലുളള ബാങ്കുകള്‍ പരിഷ്കരിക്കുന്നുണ്ട്.

Money rule changes effective from June 1 include EPFO 3.0 launch, Aadhaar update deadline, and SEBI's new NAV cutoff timings.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com