Begin typing your search above and press return to search.
ഫൈന്‍ ഈടാക്കുന്നതിന് ലോക്ഡൗണ്‍ ഇല്ല! റോഡിലിറങ്ങുമ്പോള്‍ ഈ നിയമങ്ങളും ഓര്‍ത്തോളൂ
ലോക്ഡൗണിലും കോടികളുടെ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്.
ലോക്ഡൗണ്‍ കാലത്തും കേരളത്തില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് കോടികളുടെ പിഴ. കഴിഞ്ഞ 10 മാസത്തിനിടെ മാത്രം മലപ്പുറം ജില്ലയിലെ 22,858 പേരില്‍ നിന്ന് മോട്ടര്‍ വാഹന നിയമം ലംഘിച്ചതിന് 2.54 കോടി രൂപയാണ്.
ലൈസന്‍സ് ഇല്ലാതെ നിരത്തില്‍ ഇറങ്ങിയവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് എംവിഡിയുടെ കണക്കുകള്‍ പറയുന്നത്. ഹെല്‍െമറ്റില്ലാതെ വണ്ടിയോടിക്കല്‍, ലൈസന്‍സില്ലാതെ വണ്ടിയോടിക്കല്‍, ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു കൂടുതല്‍ പേരില്‍ നിന്നു പിഴ ഈടാക്കിയത്. മോട്ടര്‍ വെഹിക്കിള്‍ നിയമഭേദഗതിയിലൂടെ ഈയിടെ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടിയിരുന്നു. മാത്രമല്ല അപകടങ്ങളൊഴിവാക്കുന്നതിന്റെ ഭാഗമായി ചെക്കിംഗുകളും കര്‍ശനമാക്കിയിരുന്നു.
കോവിഡ് ലോക്ഡൗണ്‍ കാരണം ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സമയം നീട്ടിനല്‍കിയിരുന്നു. എന്നാല്‍, വാഹന ഇന്‍ഷുറന്‍സ് പുതുക്കലിനു സമയം നീട്ടി നല്‍കിയിട്ടില്ലെന്നും കാലാവധി കഴിയുന്നതിനു മുന്‍പ് പുതുക്കണമെന്നും മോട്ടര്‍ വാഹന വകുപ്പു ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്‍ഷുറന്‍സ് പുതുക്കിയില്ലെങ്കില്‍ വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 2000 രൂപ പിഴയെങ്കിലും നല്‍കേണ്ടി വരും. മാത്രമല്ല, പിന്നീട് വാഹന ഇന്‍ഷുറന്‍സ് പുതുക്കലും പ്രയാസമാകും. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ മാത്രമല്ല, വിവിധ പരിശോധിനകളില്‍ നിയമം ലംഘിച്ചതായി കണ്ടാല്‍ കനത്ത പിഴയും ഈടാക്കും.
ഹെല്‍മറ്റില്ലാതെ വണ്ടിയോടിക്കുന്നവര്‍ക്ക് 500 രൂപയാണ് പിഴയായി ഈടാക്കുക. ലൈസന്‍സില്ലാതെ വണ്ടിയോടിക്കലിന് 10,000 രൂപ പിഴയും പിന്നീട് ലൈസന്‍സ് കിട്ടാന്‍ പ്രയാസവുമാകും. ഇന്‍ഷുറന്‍സ് പുതുക്കാതിരുന്നാല്‍ 2000 രൂപയാണ് പിഴയായി നല്‍കേണ്ടി വരുക.
അശ്രദ്ധമായ ഡ്രൈവിംഗിനും അശ്രദ്ധ അപകടത്തിനും ചുരുങ്ങിയത് 2000 രൂപ (ഇത്തരം കുറ്റങ്ങളില്‍ കോടതി നേരിട്ടാണു പിഴ വിധിക്കുന്നത്. ഭൂരിഭാഗം കേസുകളിലും ലൈസന്‍സ് റദ്ദാക്കും). മൊബൈല്‍ ഉപയോഗം മാത്രമല്ല, ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിക്കുന്നവര്‍ക്കും പണി വീഴും.
ഇ ചെലാന്‍ പദ്ധതി വന്നതോട് കൂടി ഓണ്‍ലൈന്‍ വഴിയാണു ശിക്ഷയും പിഴയുമെല്ലാം. ഇത് എംവിഡിക്ക് കീഴിലുള്ള വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. കേസ് രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ സ്വാധീനമുപയോഗിച്ച് ഒഴിവാക്കാനും കഴിയില്ല എന്നു സാരം. 3 മാസം വരെ പിഴ അടച്ചില്ലെങ്കില്‍ എറണാകുളത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കപ്പെടും. കോടതി പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും പിഴത്തുക ഇരട്ടിയാക്കിയാണു വിധിക്കുന്നത്.
Next Story
Videos