മുദ്രാ വായ്പ: കേരളത്തിലെ സംരംഭകര്‍ക്ക് ഇഷ്ടം 'കിഷോറിനോട്'

മലയാളി സംരംഭകര്‍ ഈ വര്‍ഷം ഇതുവരെ വാങ്ങിയ വായ്പ 2,940 കോടി
Mudra logo
Image : Canva and Mudra.org.in
Published on

ചെറുകിട സംരംഭകര്‍ക്ക് മൂലധനം ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതി (പി.എം.എം.വൈ/PMMY) പ്രകാരം കേരളത്തിലെ സരംഭകര്‍ നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ വാങ്ങിയ വായ്പ 2,943.56 കോടി രൂപ.

ആകെ 3.23 ലക്ഷം അക്കൗണ്ടുകളിലായി 3,055.41 കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ വിതരണം ചെയ്ത തുകയാണ് 2,943.56 കോടി രൂപയെന്ന് 'മുദ്ര'യിലെ (Mudra) പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്ന് തരം വായ്പ

മുദ്രാ വായ്പയില്‍ മൂന്ന് വിഭാഗങ്ങളാണുള്ളത്. 50,000 രൂപവരെ ലഭിക്കുന്ന ശിശു (Shishu), 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന കിഷോര്‍ (Kishor), 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ ലഭിക്കുന്ന തരുണ്‍ (Tarun) എന്നിവയാണവ.

ഇതില്‍ മലയാളി സംരംഭകര്‍ക്ക് ഏറെ താത്പര്യം കിഷോര്‍ വായ്പകളോടാണ്. ഈ വര്‍ഷം ഏപ്രില്‍-ജൂണില്‍ കേരളത്തില്‍ വിതരണം ചെയ്ത മൊത്തം മുദ്രാ വായ്പയില്‍ 1,529.96 കോടി രൂപയും കിഷോര്‍ വിഭാഗത്തിലാണ്. 1.47 ലക്ഷം സംരംഭകരാണ് ഈ വായ്പ നേടിയത്.

ശിശു വിഭാഗത്തിലെ 1.67 ലക്ഷം സംരംഭകര്‍ ആകെ 613.25 കോടി രൂപ വായ്പ നേടി. തരുണ്‍ വിഭാഗത്തില്‍ വിതരണം ചെയ്തത് 800.35 കോടി രൂപ; ഈ വിഭാഗത്തിലെ സംരംഭകര്‍ 8,445 പേരാണ്.

ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി/NBFC), മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ (MFIs) എന്നിവ വഴിയാണ് മുദ്രാ വായ്പകളുടെ വിതരണം.

ദേശീയതലത്തിലും റെക്കോഡ്

നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ ദേശീയതലത്തില്‍ വിതരണം ചെയ്ത മുദ്രാ വായ്പകള്‍ 81,597 കോടി രൂപയാണ്. ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വിതരണം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന വായ്പാത്തുകയാണിത്. 2022-23ലെ സമാനപാദത്തിലെ 62,650 കോടി രൂപയേക്കാള്‍ 23 ശതമാനം അധികവുമാണിത്.

ആദ്യപാദത്തില്‍ 1.03 കോടി അക്കൗണ്ടുകളിലായി 86,513.86 കോടി രൂപയുടെ മുദ്രാ വായ്പകളാണ് അനുവദിച്ചത്. ഇതില്‍ 81,597 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ 37,600 കോടി രൂപയും തരുണ്‍ വിഭാഗത്തിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 34.7 ശതമാനം വര്‍ദ്ധനയോടെ 4.50 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. 2021-22ല്‍ വായ്പ 3.31 ലക്ഷം കോടി രൂപയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com