ആകര്‍ഷക പലിശയുമായി മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്ര വില്‍പന അടുത്തയാഴ്ച; ലക്ഷ്യം ₹1,000 കോടി

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) സ്വര്‍ണ വായ്പാ വിതരണ രംഗത്തെ മുന്‍നിരക്കാരുമായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ 1,000 കോടി രൂപ സമാഹരിക്കുന്നു. ജനുവരി 8ന് ആരംഭിക്കുന്ന ഇഷ്യു 19ന് അവസാനിക്കും. ബോര്‍ഡിന്റെ തീരുമാനമനുസരിച്ച് ഇഷ്യു കാലാവധി നീട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

കടപ്പത്രത്തിന്റെ മുഖവില 1,000 രൂപ. അടിസ്ഥാന ഇഷ്യു വലിപ്പം 100 കോടി രൂപയാണെങ്കിലും 900 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുവാദം കമ്പനിക്കുണ്ട്. കടപ്പത്രം ബി.എസ്.ഇ.യില്‍ ലിസ്റ്റ് ചെയ്യും.
റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ (ICRA) ഡബിള്‍ എ പ്ലസ് സ്‌റ്റേബിള്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. കടപ്പത്രത്തിന്റെ സുരക്ഷിതത്വത്തെയാണ് റേറ്റിംഗ് സൂചിപിക്കുന്നത്.
9 ശതമാനം വരെ പലിശ
പ്രതിമാസ, വാര്‍ഷിക പലിശ, കാലാവധി റിഡംപ്ഷന്‍ ഉള്‍പ്പെടെ ഏഴ് നിക്ഷേപക ഓപ്ഷനുകള്‍ കടപ്പത്രത്തിന് ലഭ്യമാക്കിയിട്ടുണ്ട്. പലിശ നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 8.75 ശതമാനം മുതല്‍ 9 ശതമാനം വരെയാണ്.
കമ്പനിയുടെ 33-ാമത് കടപ്പത്ര സീരീസാണിത്. കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പ നല്‍കാനാണ് വിനിയോഗിക്കുകയെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
എന്താണ് എന്‍.സി.ഡികള്‍?
പബ്ലിക് ഇഷ്യു അഥവാ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി ധനസമാഹരണം നടത്താന്‍ ഒരു പ്രത്യേക കാലാവധിയിലേക്ക് ഇഷ്യു ചെയ്യുന്ന സാമ്പത്തിക ഉപകരണങ്ങളാണ് നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ അഥവാ എന്‍.സി.ഡി. ബാങ്ക് സ്ഥിര നിക്ഷേപത്തിനു സമാനമാണിവയും. എന്നാല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശനിരക്കാണ് എന്‍.സി.ഡികള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇവ ആകര്‍ഷകമാണ്.

എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എന്‍.സി.ഡികള്‍ക്ക് ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യാനാകും. അതുവഴി ആവശ്യമുള്ളപ്പോള്‍ വിറ്റുപിന്മാറാമെന്നതും എന്‍.സി.ഡികളുടെ ഗുണമാണ്.

എന്നാല്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്‍.സി.ഡികളില്‍ നിന്നുള്ള നേട്ടത്തിന് (Return) ഉറപ്പില്ല. കമ്പനി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ അകപ്പെട്ടാല്‍ എന്‍.സി.ഡിയിലെ നിക്ഷേപതുക തിരികെ ലഭിച്ചെന്നു വരില്ല. അതിനാല്‍ ഓരോ എന്‍.സി.ഡിയുടെയും ക്രെഡിറ്റ് റേറ്റിംഗ് നോക്കി വേണം നിക്ഷേപം.
എന്‍.സി.ഡികളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ബാധകമാണ്. നിക്ഷേപകന്റെ ആദായ സ്ലാബനുസരിച്ച് നികുതി നല്‍കണം.
ഓഹരിയില്‍ ഉണര്‍വ്
ഇന്നലെയാണ് കടപ്പത്ര വില്‍പ്പനയെ കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്. ഇന്ന് വ്യാപാരത്തിനിടെ ഒരുവേള മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 1492.50 രൂപ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ (ഉച്ചയ്ക്ക് 12.40ന്) ഒന്നര ശതമാനത്തിലധികമുയര്‍ന്ന് 1479.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
60,000 കോടിരൂപയോളം വിപണിമൂല്യമുള്ള കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 36 ശതമാനത്തിലധികവും കഴിഞ്ഞ മൂന്ന് മാസത്തില്‍ 20 ശതമാനത്തിലധികവും നേട്ടം നിക്ഷേപകര്‍ക്ക് ഓഹരി നല്‍കിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it