മ്യൂച്വൽ ഫണ്ട് SIP: 3, 5, 10, 15 വർഷം — മികച്ച നേട്ടത്തിന് ഏതാണ് അനുയോജ്യം?

കാലയളവ് കൂടുമ്പോൾ വരുമാനത്തിന്റെ സ്ഥിരത വർദ്ധിക്കുമെങ്കിലും ശരാശരി റിട്ടേൺ തുടർച്ചയായി ഉയർന്നു കൊള്ളണമെന്നില്ല
mutual-fund-sip
Image courtesy: Canva
Published on: 

ഈക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ദീർഘകാല നിക്ഷേപം നടത്താൻ സാധാരണയായി ഉപദേശിക്കാറുണ്ട്, എന്നാൽ വിപണിയിലെ അസ്ഥിരതകളെ മറികടന്ന് മികച്ച വരുമാനം ലഭിക്കാൻ എത്ര വർഷത്തെ നിക്ഷേപ കാലയളവാണ് അനുയോജ്യം എന്ന സംശയം പല നിക്ഷേപകർക്കുമുണ്ട്. 1996 ഓഗസ്റ്റ് മുതൽ 2026 ഒക്ടോബർ വരെയുള്ള ബി.എസ്.ഇ സെൻസെക്സ് ടി.ആർ.ഐ (BSE Sensex TRI) സൂചികയിലെ 3, 5, 8, 10, 12, 15 വർഷത്തെ പ്രതിമാസ റോളിംഗ് എസ്.ഐ.പി (SIP) റിട്ടേണുകൾ സംബന്ധിച്ച് വൈറ്റ്‌ഓക്ക് ക്യാപിറ്റൽ മ്യൂച്വൽ ഫണ്ട് (WhiteOak Capital Mutual Fund) നടത്തിയ പഠനത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ഉളളത്.

നിക്ഷേപ കാലയളവും നഷ്ട സാധ്യത കുറയ്ക്കലും:

നിക്ഷേപ കാലയളവ് കൂടുന്തോറും പോസിറ്റീവ് റിട്ടേൺ ലഭിക്കാനുള്ള സാധ്യതയാണ് ഉളളത്.

  • 3 വർഷത്തെ എസ്.ഐ.പി: 87% തവണ മാത്രമാണ് പോസിറ്റീവ് റിട്ടേൺ നൽകിയത്, 13% തവണയും നഷ്ടം (Negative return) ഉണ്ടാക്കി. ഇതിൽ പരമാവധി റിട്ടേൺ 55.56%-ഉം കുറഞ്ഞ റിട്ടേൺ -24.59%-ഉം ആയിരുന്നു.

  • 5 വർഷത്തെ എസ്.ഐ.പി: പോസിറ്റീവ് റിട്ടേൺ ലഭിക്കാനുള്ള സാധ്യത 92% ആയി ഉയർന്നുവെങ്കിലും കുറഞ്ഞ റിട്ടേൺ -9.48% ആയിരുന്നു.

  • 8 വർഷവും അതിൽ കൂടുതലും: 8 വർഷം മുതൽ 15 വർഷം വരെയുള്ള നിക്ഷേപ കാലയളവുകളിൽ 100% തവണയും പോസിറ്റീവ് റിട്ടേണുകൾ രേഖപ്പെടുത്തി. 8 വർഷത്തെ റോളിംഗ് കാലയളവിൽ കുറഞ്ഞ റിട്ടേൺ 3.03% ആയി മെച്ചപ്പെട്ടു. 10 വർഷത്തിൽ കുറഞ്ഞ റിട്ടേൺ 4.57%-ഉം 15 വർഷത്തിൽ 7.30%-ഉം ആയിരുന്നു.

ദീർഘകാല നിക്ഷേപം ഉയർന്ന വരുമാനം നൽകുമോ?

കാലയളവ് കൂടുമ്പോൾ വരുമാനത്തിന്റെ സ്ഥിരത (Consistency) വർദ്ധിക്കുമെങ്കിലും ശരാശരി റിട്ടേൺ തുടർച്ചയായി ഉയർന്നു കൊള്ളണമെന്നില്ല. പഠനത്തിൽ ഏറ്റവും ഉയർന്ന ശരാശരി റിട്ടേൺ ലഭിച്ചത് 8 വർഷത്തെ എസ്.ഐ.പിയിലാണ് (15.85%). 10 വർഷത്തിൽ ശരാശരി റിട്ടേൺ 15.46%-ഉം 15 വർഷത്തിൽ 14.11%-ഉം ആയിരുന്നു. വിപണിയിലെ പെട്ടെന്നുള്ള മുന്നേറ്റങ്ങൾ ഹ്രസ്വകാലയളവിൽ ഉയർന്ന റിട്ടേൺ നൽകുമെന്നതിനാൽ പരമാവധി റിട്ടേൺ 3 വർഷത്തിലെ 55.56%-ൽ നിന്ന് 15 വർഷത്തിൽ 18.18% ആയി കുറഞ്ഞു. എങ്കിലും എല്ലാ കാലയളവുകളിലും മീഡിയൻ റിട്ടേൺ 13.27% മുതൽ 14.17% വരെ എന്ന നിലയിൽ സ്ഥിരത പുലർത്തി.

മികച്ച നിക്ഷേപ കാലയളവ് ഏതാണ്? 8 വർഷമോ അതിൽ കൂടുതലോ ഉള്ള കാലയളവാണ് ഈക്വിറ്റി ഫണ്ട് എസ്.ഐ.പികൾക്ക് ഏറ്റവും അനുയോജ്യം. ഈ കാലയളവ് വിപണിയിലെ ഹ്രസ്വകാല അസ്ഥിരതകളെ മറികടക്കാനും നഷ്ടസാധ്യത ഒഴിവാക്കാനും സഹായിക്കും. എന്നാൽ വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങൾ, അപകടസാധ്യത ഏറ്റെടുക്കാനുള്ള ശേഷി (Risk appetite), പണത്തിന്റെ ആവശ്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോരുത്തരും കാലയളവ് നിശ്ചയിക്കേണ്ടത്.

(Disclaimer: Mutual fund investments market risks-ന് വിധേയമാണ്; സ്കീം തിരഞ്ഞെടുപ്പ് വ്യക്തിയുടെ ലക്ഷ്യം, സമയപരിധി, റിസ്ക് എടുക്കാനുള്ള ശേഷി എന്നിവയെ ആശ്രയിച്ചിരിക്കും. ആവശ്യമെങ്കിൽ SEBI-registered investment adviserന്റെ സഹായം തേടാം.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```