

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി പോസിറ്റീവ് വാർത്തകളാണ് ടെക്‌സ്റ്റൈൽ മേഖലയെ തേടിയെത്തിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യ - ഇ.യു സ്വതന്ത്ര വ്യാപാര കരാർ, ഇന്ത്യ - യു.എസ് ഉഭയകക്ഷി വ്യാപാര കരാർ, കേന്ദ്ര ബജറ്റ് 2026-ലെ അനുകൂല നിർദേശങ്ങൾ എന്നിവയാണ്. ഇതോടെ ഏറെക്കാലമായി തിരിച്ചടി നേരിട്ടിരുന്ന ടെക്‌സ്റ്റൈൽ മേഖലയിൽ നിന്നുള്ള ഓഹരികളിൽ പൊടുന്നനേ നിക്ഷേപക താത്പര്യം വർധിച്ചു. ഈയൊരു പശ്ചാത്തലത്തിൽ ടെക്‌സ്റ്റൈൽ ഓഹരികളിൽ ഗണ്യമായ നിക്ഷേപമുള്ള 5 തീമാറ്റിക് മ്യൂച്വൽ ഫണ്ടുകളെ (Thematic funds) പരിചയപ്പെട്ടിരിക്കാം.
യൂറോപ്യൻ യൂണിയനുമായുള്ള (ഇ.യു) വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ ഇന്ത്യൻ ടെക്‌സ്റ്റൈൽ ഉത്പന്നങ്ങൾക്ക് നേരിട്ടിരുന്ന ഇറക്കുമതി തീരുവ 12 ശതമാനത്തിൽ നിന്നും പൂജ്യമായി താഴ്ന്നു. അതുപോലെ ഇന്ത്യൻ ടെക്‌സ്റ്റൈൽ കമ്പനികൾക്കുമേൽ യു.എസ് ചുമത്തിയിരുന്ന 50 ശതമാനം ചുങ്കം 18 ശതമാനത്തിലേക്കും കുറയും. ഈ രണ്ട് വ്യാപാര കരാറുകളും ഇന്ത്യൻ ടെക്‌സ്റ്റൈൽ കമ്പനികൾക്ക് ദീർഘകാലയളവിൽ നേട്ടം സമ്മാനിക്കുന്നതാണ്.
ഇത്തവണത്തെ പൊതുബജറ്റിൽ ടെക്‌സ്റ്റൈൽ മേഖലയ്ക്ക് 5,280 കോടി രൂപ മാറ്റിവെച്ചു. കൂടാതെ ദേശീയ ഫൈബർ പദ്ധതി, ടെക്‌സ്റ്റൈൽ വികസന തൊഴിൽ പദ്ധതി, ദേശീയ കൈത്തറി കരകൗശല പദ്ധതി, ടെക്സ്-ഇക്കോ സംരംഭം, സമർഥ് രണ്ടാം പതിപ്പ് എന്നിങ്ങനെയുള്ള അഞ്ച് പ്രധാന പ്രഖ്യാപനങ്ങളുമുണ്ട്. ചുരുക്കത്തിൽ ഇറക്കുമതി തീരുവ കുറയുന്ന സാഹചര്യവും സർക്കാരിന്റെ പുതിയ പദ്ധതികളും ടെക്‌സ്റ്റൈൽ മേഖലയ്ക്ക് ഉണർവേകുമെന്നാണ് വിലയിരുത്തൽ.
1. കൊട്ടക് ഫ്ലെക്സിക്യാപ് ഫണ്ട്: 2013 ജനുവരിയിൽ ലോഞ്ച് ചെയ്ത ഓപ്പൺ-എൻഡഡ് ഡൈനാമിക് ഇക്വിറ്റി സ്കീമാണിത്. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗം ഓഹരികളിൽ തന്ത്രപരമായി നിക്ഷേപിക്കുന്ന ശൈലിയായ ഡൈനാമിക് അലോക്കേഷനാണ് ഈ ഫണ്ട് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിപണിയിലെ വ്യത്യസ്ത സാഹചര്യത്തിന് അനുസൃതമായി അവസരം മുതലെടുക്കാനുള്ള സാധ്യത തുറന്നിടുന്നു.
2026 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം, ഈ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിമൂല്യം (AUM) 56,478 കോടി രൂപയാണ്. ഇതിന്റെ എക്സ്പെൻസ് റേഷ്യോ (ഡയറക്ട് പ്ലാൻ) 0.6 ശതമാനമാണ്. നിലവിൽ 97.46 ശതമാനം നിക്ഷേപവും ഓഹരികളിൽ വിന്യസിച്ചിരിക്കുന്നു. ഇതിൽ 68.83 ശതമാനം ലാർജ് ക്യാപ് ഓഹരികളും 22.98 ശതമാനം മിഡ് ക്യാപ് ഓഹരികളുമാണ്. എല്ലാ സെക്ടറിൽ നിന്നുമായി 59 ഓഹരികളിലാണ് ഇപ്പോൾ നിക്ഷേപമുള്ളത്.
2. മഹീന്ദ്ര മാനുലൈഫ് ഫോക്കസ്ഡ് ഫണ്ട്: 2020 നവംബറിൽ ലോഞ്ച് ചെയ്ത ഓപ്പൺ-എൻഡഡ് ഫോക്കസ്ഡ്/ മൾട്ടി-ക്യാപ് ഇക്വിറ്റി സ്കീമാണിത്. വിവിധ മാർക്കറ്റ് ക്യാപിറ്റലൈസേഷനിലുള്ള മൊത്തം 30 ഓഹരികളിലാണ് ഈ ഫണ്ട് നിക്ഷേപിച്ചിട്ടുള്ളത്. ഈ ജനുവരിയിലെ ഡേറ്റ പ്രകാരം ഈ ഫണ്ടിന്റെ കൈവശമുള്ള മൊത്തം ആസ്തിമൂല്യം 22,280 കോടി രൂപയാണ്. ഇതിന്റെ എക്സ്പെൻസ് റേഷ്യോ (ഡയറക്ട് പ്ലാൻ) 0.42 ശതമാനമാണ്. നിലവിൽ 98.28 ശതമാനം നിക്ഷേപവും ഓഹരികളിൽ വിന്യസിച്ചിരിക്കുന്നു.
3. എച്ച്എസ്ബിസി ഇന്ത്യ എക്സ്പോർട്ട് ഓപ്പർച്യൂണിറ്റീസ് ഫണ്ട്: 2024 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത തീമാറ്റിക് സ്കീമാണിത്. ചുരുങ്ങിയത് 20 ശതമാനം വരുമാനം എങ്കിലും കയറ്റുമതിയിൽ നിന്നും കണ്ടെത്തുന്ന കമ്പനികളുടെ ഓഹരികളിലാണ് ഈ ഫണ്ടിന്റെ മുഖ്യ നിക്ഷേപം. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം, ഈ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിമൂല്യം (AUM) 1,414 കോടി രൂപയാണ്. ഇതിന്റെ എക്സ്പെൻസ് റേഷ്യോ (ഡയറക്ട് പ്ലാൻ) 2.09 ശതമാനമാണ്. മൊത്തം നിക്ഷേപത്തിന്റെ 98.68 ശതമാനവും ഓഹരികളിലാണുള്ളത്. ഇതിന്റെ 71.49 ശതമാനവും ലാർജ് ക്യാപ് ഓഹരികളുമാകുന്നു.
4. ആദിത്യ ബിർള സൺ ലൈഫ് കൺഗ്ലോമറേറ്റ് ഫണ്ട്: 2024 ഡിസംബറിൽ ലോഞ്ച് ചെയ്ത തീമാറ്റിക് ഇക്വിറ്റി സ്കീമാണിത്. നിലവിൽ ഈ ഫണ്ടിന്റെ കൈവശമുള്ള മൊത്തം ആസ്തിമൂല്യം 1,776 കോടി രൂപയാണ്. ഇതിന്റെ എക്സ്പെൻസ് റേഷ്യോ (ഡയറക്ട് പ്ലാൻ) 0.86 ശതമാനമാണ്. ഈ സ്കീമിന്റെ 99.36 ശതമാനം നിക്ഷേപവും ഓഹരികളിലാണ്.
5. ഐസിഐസിഐ പ്രൂഡൻഷ്യൽ കൺഗ്ലോമറേറ്റ് ഫണ്ട്: 2025 ഒക്ടോബറിലാണ് ഈ സ്കീം ലോഞ്ച് ചെയ്തത്. 2026 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഫണ്ടിന്റെ കീഴിൽ കൈകാര്യം ചെയ്യുന്ന ആസ്തിമൂല്യം 877 കോടി രൂപയാണ്. ഇതിന്റെ എക്സ്പെൻസ് റേഷ്യോ (ഡയറക്ട് പ്ലാൻ) 1.20 ശതമാനമാണ്. ഈ സ്കീമിന്റെ 94.62 ശതമാനം നിക്ഷേപവും ഓഹരികളിലാണ്. ഇതിന്റെ 61 ശതമാനം നിക്ഷേപം ലാർജ് ക്യാപ് ഓഹരികളിലുമാണുള്ളത്.
മേൽസൂചിപ്പിച്ച മ്യൂച്വൽ ഫണ്ടുകളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാർഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine