സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, ഈ മാറ്റങ്ങള്‍ നിങ്ങളറിഞ്ഞോ?

സര്‍ക്കാരിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തുന്ന പദ്ധതിയാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം. നടപ്പ് സാമ്പത്തിക വര്‍ഷം (2023-24 ) സെപ്റ്റംബര്‍ പാദത്തില്‍ 76,675 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ നടത്തിയത്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 160 ശതമാനം വളര്‍ച്ച.

നവംബര്‍ 7ന് സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമില്‍ ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് ധനമന്ത്രാലയം.

പങ്കാളിക്ക് അക്കൗണ്ട് തുറക്കാം

സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ ജീവിതപങ്കാളിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം. അമ്പത്തിയഞ്ച് വയസ് പൂര്‍ത്തിയാകുകയും ജോലിയിലിരിക്കെ മരണപ്പെടുകയും ചെയ്ത സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളികള്‍ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി അക്കൗണ്ട് തുറക്കാം. റിട്ടയര്‍മെന്റ് ആനുകൂല്യം അല്ലെങ്കില്‍ മരണാനന്തര സഹായത്തിന് അര്‍ഹരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പദ്ധതിക്ക് കീഴില്‍ വരും. പ്രതിരോധ സേനാവിഭാഗങ്ങളില്‍ വരുന്ന ജീവനക്കാരുടെ നിബന്ധനകളില്‍ മാറ്റമില്ല. അവര്‍ക്ക് 50 വയസ് പൂര്‍ത്തിയായാല്‍ അക്കൗണ്ട് തുടങ്ങാം.

റിട്ടയര്‍മെന്റ് ആനുകൂല്യം ലഭിക്കുന്നതു മുതല്‍ അല്ലെങ്കില്‍ മരണാനന്തര സഹായം ലഭിച്ചതു മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ അക്കൗണ്ട് തുറക്കണം. നേരത്തെ ഈ പരിധി ഒരു മാസമായിരുന്നു. അതും ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമായിരുന്നു.

കാലാവധി പല തവണ നീട്ടാം

കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന തീയതിയില്‍ ഫോം-4ല്‍ അപേക്ഷ നല്‍കി അക്കൗണ്ട് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്നതാണ് മറ്റൊരു മാറ്റം. നേരത്തെ ഈ സൗകര്യം ഒരു തവണ മാത്രമേ ഉപയോഗിക്കാനാകുമായിരുന്നുള്ളു. ഇപ്പോള്‍ പല തവണ കാലാവധി ദീര്‍ഘിപ്പിക്കാം.

കാലാവധിക്കു ശേഷം വീണ്ടും അക്കൗണ്ട് കാലാവധി നീട്ടിയാല്‍ ഇതിലുള്ള നിക്ഷേപത്തിന് മച്യുരുറ്റി എത്തുമ്പോഴുള്ള പലിശ തന്നെ തുടര്‍ന്നും ലഭിക്കും. കാലാവധി ദീര്‍ഘിപ്പിച്ച് ഒരു വര്‍ഷത്തിനു മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ നിക്ഷേപത്തിന്റെ ഒരു ശതമാനത്തിന് തുല്യമായ തുക കുറച്ച് ബാക്കിയുള്ള തുകയായിരിക്കും അക്കൗണ്ട് ഉടമയ്ക്ക് നല്‍കുക.

1000 രൂപ മുതല്‍ നിക്ഷേപം

മുതലിനും പലിശയ്ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (Senior Citizen Savings Scheme /SCSS). പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍ എന്നിവ വഴി അക്കൗണ്ടു തുറക്കാം. 60 വയസിനോ അതിനു മുകളിലോ പ്രായമുള്ള വ്യക്തികള്‍ക്കും 55 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ള ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തികള്‍ക്കും അക്കൗണ്ട് തുടങ്ങാം. ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തിയത്. 2023 ഏപ്രില്‍ ഒന്നു മുതല്‍ പ്രബാല്യത്തിലുമായി. 8.2 ശതമാനമാണ് നിലവില്‍ ലഭിക്കുന്ന പലിശ. പണപ്പെരുപ്പം, വിപണി സാഹചര്യങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്ത് ഓരോ പാദത്തിലും പലിശ പരിഷ്‌കരിക്കും. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. അത് ദീര്‍ഘിപ്പിക്കാനാകും.

നികുതി ബാധ്യത

ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പ് പ്രകാരം ഒരാള്‍ക്ക് 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയില്ല. എന്നാല്‍ ഇതില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതിയുണ്ട്. പലിശ വരുമാനം 50,000 രൂപയ്ക്ക് മുകളിലായാല്‍ ഉറവിടത്തില്‍ നികുതി പിടിക്കും (Tax Deducted at Source/TDS).

Related Articles
Next Story
Videos
Share it