Begin typing your search above and press return to search.
യുവത്വം നിറഞ്ഞ് മ്യൂച്വല്‍ഫണ്ടുകള്‍; പുതുനിക്ഷേപകരില്‍ പാതിയും യുവാക്കള്‍
രാജ്യത്ത് 2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപ മേഖലയിലേക്ക് ചുവടുവച്ച 1.57 കോടി പുതിയ നിക്ഷേപകരില്‍ 54 ശതമാനവും യുവാക്കള്‍ അഥവാ മില്ലേനിയല്‍സ്. 1981നും 1996നും ഇടയില്‍ ജനിച്ചവരെയാണ് മില്ലേനിയല്‍സ് (Millenials) എന്ന് വിശേഷിപ്പിക്കുന്നത്. 84.8 ലക്ഷം മില്ലേനിയല്‍സാണ് ഇക്കാലയളവില്‍ മ്യൂച്വല്‍ഫണ്ടുകളില്‍ പുതുതായി നിക്ഷേപം നടത്തിയത്.
മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ (എസ്.ഐ.പി) 1.54 കോടി പുതിയ രജിസ്‌ട്രേഷനും ഈ പ്രായക്കാരില്‍ നിന്നാണ്. മൊത്തം 5.34 കോടി പുതിയ എസ്.ഐ.പി രജിസ്‌ട്രേഷന്റെ 29 ശതമാനമാണിതെന്ന് സി.ഐ.ഐ-സി.എ.എം.എസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.
വനിതകള്‍ 26 ശതമാനം
യുവ നിക്ഷേപകരില്‍ 26 ശതമാനം പേര്‍ വനിതകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മില്ലേനിയല്‍സ് സംയുക്തമായി ഒഴുക്കിയ നിക്ഷേപം 1.04 ലക്ഷം കോടി രൂപ. ഈ വിഭാഗത്തില്‍, കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM/ Asset Under Management) 96,425 കോടി രൂപയാണ്.
നിക്ഷേപകരിലും ചാഞ്ചാട്ടം
കൊവിഡിന് മുമ്പ് 2018-19ല്‍ മൊത്തം 29.1 ലക്ഷം പുതിയ നിക്ഷേപകരെയാണ് മ്യൂച്വല്‍ഫണ്ടുകള്‍ നേടിയത്; ഇതില്‍ 54.6 ശതമാനം പേരായിരുന്നു മില്ലേനിയല്‍സ്. കൊവിഡ് പശ്ചാത്തലത്തില്‍ പുതുനിക്ഷേപകര്‍ 2019-20ല്‍ 21.2 ലക്ഷമായി കുറഞ്ഞു. ഇവരില്‍ മില്ലെനിയല്‍സ് 56.6 ശതമാനമായിരുന്നു. 2020-21ല്‍ പുതുനിക്ഷേപകര്‍ 21.8 ലക്ഷം, മില്ലേനിയല്‍സ് 55.9 ശതമാനം.
2021-22ല്‍ പുതുനിക്ഷേപകര്‍ 48 ലക്ഷമായി ഉയര്‍ന്നപ്പോള്‍ മില്ലേനിയല്‍സ് 53.3 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37.1 ലക്ഷം പേരാണ് പുതുതായി മ്യൂച്വല്‍ഫണ്ടിലേക്ക് വന്നത്. ഇവരില്‍ മില്ലേനിയല്‍സ് 51.2 ശതമാനം.
ഓഹരിയാണ് ഇഷ്ടം
2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് പുതുതായി എത്തിയ നിക്ഷേപകരില്‍ 50 ശതമാനം പേരും 1991നും 1996നും ഇടയില്‍ ജനിച്ചവരാണ്. 30 ശതമാനം പേര്‍ 1986നും 1990നും മദ്ധ്യേ പിറന്നവര്‍. ബാക്കി 1981-85 കാലയളവില്‍ ജനിച്ചവരാണ്. മില്ലേനിയല്‍സില്‍ 90 ശതമാനം പേരും നിക്ഷേപത്തിന് തിരഞ്ഞെടുത്തത് ഇക്വിറ്റി ഫണ്ടുകളാണ്. മൂന്ന് ശതമാനം വിഹിതവുമായി ഡെറ്റ് ഫണ്ടുകളാണ് രണ്ടാമത്. 2021ന് ശേഷം ഓഹരി സൂചികകള്‍ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇതിന് കാരണം.
2020-21ല്‍ ഇക്വിറ്റി ഫണ്ടുകളുടെ വിഹിതം 66 ശതമാനമായിരുന്നത് 2021-22ല്‍ 89 ശതമാനവും കഴിഞ്ഞവര്‍ഷം 90 ശതമാനവും ആയി ഉയര്‍ന്നു. മില്ലേനിയല്‍സില്‍ കൂടുതല്‍ പേരും തിരഞ്ഞെടുത്തിട്ടുള്ളത് 1,000 രൂപ വരെയുള്ള തവണവ്യവസ്ഥകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മൊത്തം മില്ലേനിയല്‍സില്‍ 85 ശതമാനം പേരും നഗരങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Next Story
Videos