ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് ആര്‍ ബി ഐ യുടെ 10 മാനദണ്ഡങ്ങള്‍

ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) പുതിയ ഉത്തരവില്‍ പറയുന്നു. ആര്‍ബിഐ പുറത്തിറക്കിയ പുതിയ മാനദ്ണ്ഡങ്ങള്‍ കാണാം.

1. ക്രെഡിറ്റ് കാര്‍ഡ് അപേക്ഷയോടൊപ്പം ക്രെഡിറ്റ് കാര്‍ഡിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വസ്തുതകള്‍ അടങ്ങുന്ന ഒരു പേജ് പ്രസ്താവന ഉണ്ടാവണം- പലിശ നിരക്ക്, വിവിധ ചാര്‍ജുകള്‍, ബില്ലിംഗ് വിവരങ്ങള്‍ തുടങ്ങിയവ. ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിക്കുന്ന പക്ഷം അതിന്റെ കാരണങ്ങള്‍ അപേക്ഷകനെ അറിയിക്കണം.

2. അപേക്ഷകന് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്ന വേളയില്‍ ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും, കാര്‍ഡ് അപേക്ഷകനും ബാങ്കും തമ്മിലുള്ള കരാറിന്റെ പകര്‍പ്പും സ്വാഗത കിറ്റിനൊപ്പം രജിസ്റ്റേഡ് ഇമെയില്‍ വിലാസത്തിലോ പോസ്റ്റല്‍ വിലാസത്തിലോ നല്‍കിയിരിക്കണം. നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വേളയില്‍ അത് സംബന്ധിച്ച അറിയിപ്പ് കാര്‍ഡ് ഉടമക്ക് നല്‍കിയിരിക്കണം.

3. കാര്‍ഡ് നഷ്ടപ്പെടുകയോ, വഞ്ചനയിലൂടെയോ ഉണ്ടാകുന്ന നഷ്ടസാധ്യതയില്‍ നിന്ന് സംരക്ഷണം നല്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമക്ക് നല്‍കുന്നതിനെ കുറിച്ച് പരിഗണിക്കണം.

4. ഉപഭോക്താവിന്റെ സമ്മതം ഇല്ലാതെ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ അവരുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുകയോ നിലവിലുള്ള കാര്‍ഡ് നവീകരിക്കുകയോ ചെയ്താല്‍, കൂടാതെ അതിന്റെ ബില്ലും നല്‍കിയാല്‍ ബില്ല് തുക റദ്ദാക്കുകയും അടച്ച തുക തിരികെ നല്‍കുകയും വേണം. ഇത് കൂടാതെ ബില്ല് തുകയുടെ ഇരട്ടി പിഴയായി ബാങ്കില്‍ നിന്ന് ഈടാക്കും.

5. അപേക്ഷിച്ചിട്ടോ അപേക്ഷികതയോ ഉപഭോക്താവിന് ക്രെഡിറ്റ് കാര്‍ഡ് നല്‍കിയിട്ട് അത് ഉപഭോക്താവിന് ലഭിക്കുന്നതിന് മുന്‍പ് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്ത്വം കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കിനാവും.

6 . കാര്‍ഡ് കാര്‍ഡ് ഉപയോഗക്ഷമമാക്കുന്നതിനു വേണ്ടി ഒറ്റ തവണ ഉപയോഗിക്കാവുന്ന പാസ്സ്വേര്‍ഡ് (OTP) നല്‍കേണ്ടതാണ്. അത് നല്‍കി 30 ദിവസത്തിനകം അത് ഉപയോഗപെടുത്തിയില്ലെങ്കില്‍ കാര്‍ഡ് ഏഴു ദിവസത്തിനുളള്ളില്‍ ഉപഭോക്താവില്‍ നിന്ന് പണം ഒന്നും ഈടാക്കാതെ റദ്ദ് ചെയ്യാം.

7. ഒരു കാരണവശാലും കാര്‍ഡ് ഉപയോഗക്ഷമമാക്കുന്നതിന് മുന്‍പ് ഉപഭോക്താവിനെ സംബന്ധിക്കുന്ന വായ്പ(credit) സംബന്ധമായ വിവരങ്ങള്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് നല്‍കാന്‍ പാടില്ല. അഥവാ അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍, 30 ദിവസത്തിനുള്ളില്‍ അത് പിന്‍വലിക്കണം.

8. ഉപഭോക്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിച്ചതിനു ശേഷമേ ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ പാടുള്ളു. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ സമ്മതം വാങ്ങാം.

9. ടെലി മാര്‍ക്കെറ്റിംഗിലൂടെ കാര്‍ഡ് പ്രചരിപ്പിക്കുന്ന ബാങ്കുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണിക്ക് ഇടയില്‍ മാത്രമേ ബന്ധപ്പെടാന്‍ പാടുള്ളു.

10. കാര്‍ഡ് നല്‍കുന്ന ബാങ്കിനാണ് അതിനെ സംബന്ധിക്കുന്ന പൂര്‍ണ ഉത്തരവാദിത്ത്വം. ഡയറക്ട് സെയില്‍സ് ഏജന്റുമാര്‍ക്കും, മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ക്കും വില്‍ക്കാനുള്ള കടമ മാത്രമാണ് ഉള്ളത്.

ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിലൂടെ ഉപഭോക്താവിന് ലഭ്യമാക്കാവുന്ന ക്രെഡിറ്റ് വര്‍ധിക്കുന്നതിനാല്‍ നിലവില്‍ എടുത്തിരിക്കുന്ന വായ്പകളും തിരിച്ചടവും വിലയിരുത്തിയിട്ടാകണം ക്രെഡിറ്റ് കാര്‍ഡ് നല്‍കേണ്ടത്. ഉപഭോക്താവ് കാര്‍ഡില്‍ ചെലവാക്കിയ തുകയെ ഇ എം എ യായിട്ട് പരിവര്‍ത്തനം നടത്തുമ്പോള്‍ അത് സംബന്ധിക്കുന്ന പലിശ, ചാര്‍ജ്ജുകള്‍ എന്നി വിവരങ്ങള്‍ സുതാര്യമായിരിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it