

മോഹങ്ങള്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്കുമിടയില്‍ പണം ലാഭിക്കുന്നത് ഒട്ടും എളുപ്പമല്ല. നിങ്ങള്‍ സമ്പാദിക്കുകയും വിവേകപൂര്‍വ്വം നിക്ഷേപിക്കുകയും ചെയ്യുമ്പോള്‍, പണം നിങ്ങളെ നിയന്ത്രിക്കുന്ന ഒന്നല്ല. മറിച്ച് അത് നിങ്ങളെ ശാക്തീകരിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു ജോലിയില്‍ നിന്ന് മാറിനില്‍ക്കാനും, പരിഭ്രാന്തിയില്ലാതെ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും, സ്വന്തമായി ഒരു സ്ഥലം വാങ്ങാനും, അഭിലാഷങ്ങളെ പിന്തുടരാനും സ്വന്തം നിബന്ധനകള്‍ക്ക് അനുസൃതമായി ജീവിതം നയിക്കാനും ഇത് നിങ്ങള്‍ക്ക് അവസരം നല്‍കുന്നു.
നിങ്ങള്‍ എന്തിനാണ് സമ്പാദിക്കുന്നതെന്ന് കൃത്യമായി അറിയുക. 'കൂടുതല്‍ ലാഭിക്കുക' പോലുള്ള ആശയങ്ങള്‍ അവ്യക്തമാണ്. അവ്യക്തമായ ആശയം അപൂര്‍വ്വമായി മാത്രമേ പ്രവര്‍ത്തിക്കൂ. എന്നാല്‍ വീട്, യാത്ര എന്നിങ്ങനെ ഒരു പ്രത്യേക ലക്ഷ്യത്തിനായി സമ്പാദിക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഒരു ലക്ഷ്യം നല്‍കുന്നു.
ഹ്രസ്വകാലം: 3 വര്‍ഷത്തില്‍ താഴെ (ഒരു യാത്ര പോലെ). ഇടക്കാലം: 3-10 വര്‍ഷം (ഉന്നത പഠനം, ഭവനവായ്പ അടച്ചു തീര്‍ക്കല്‍). ദീര്‍ഘകാലം: 10 വര്‍ഷത്തില്‍ കൂടുതല്‍ (വിരമിക്കല്‍ കാലം). രൂപയുടെ മൂല്യശോഷണം കൂടി കണക്കിലെടുത്ത് ഭാവിയില്‍ ഇതിന് ഓരോന്നിനും നിങ്ങള്‍ക്ക് എത്ര ചിലവ് വരുമെന്ന് കണക്കാക്കുക.
യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലളിതമായ ബജറ്റ് നിയമമാണ് 50:30:20. അതായത് 50% - അവശ്യകാര്യങ്ങള്‍ക്ക് (വാടക, ബില്ലുകള്‍, പലചരക്ക് സാധനങ്ങള്‍), 30% - നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ (ഔട്ടിംഗ്, വിനോദം), 20% - സമ്പാദ്യത്തിനും നിക്ഷേപങ്ങള്‍ക്കും. വാടക അല്ലെങ്കില്‍ ഫോണ്‍ ബില്‍ പോലെ നിങ്ങളുടെ സമ്പാദ്യത്തില്‍ വിട്ടുവീഴ്ച പാടില്ല. മറ്റെന്തിനും ചെലവഴിക്കുന്നതിന് മുമ്പ് ആദ്യം അത് അടയ്ക്കുക.
പണം കുറഞ്ഞ പലിശയുള്ള ഒരു ബാങ്ക് അക്കൗണ്ടില്‍ അത് ഇരിക്കുകയാണെങ്കില്‍, പണപ്പെരുപ്പത്തെ മറികടക്കാന്‍ തക്ക വേഗത്തില്‍ അത് വളരില്ല. മികച്ച റിട്ടേണ്‍ കിട്ടുന്ന നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക. എന്നാല്‍ ഉയര്‍ന്ന വരുമാനം എല്ലായ്‌പ്പോഴും മികച്ച തിരഞ്ഞെടുപ്പല്ല. നിക്ഷേപങ്ങള്‍ വ്യത്യസ്ത ലക്ഷ്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നത് നിങ്ങളുടെ സാമ്പത്തിക പദ്ധതിയെ കൂടുതല്‍ ശക്തമാക്കും.
സമ്പാദ്യം ഓട്ടോമേറ്റ് ചെയ്യുക: ആദ്യം ചെലവഴിക്കാനുള്ള പ്രേരണ അതിലൂടെ ഒഴിവാകും.
EPF/SIP പരമാവധിയാക്കുക: ശമ്പളം ലഭിക്കുമ്പോള്‍ തന്നെ നിക്ഷേപങ്ങളിലേക്ക് മാറ്റുക.
വലിയ പര്‍ച്ചേസിംഗിനു മുമ്പ് ഒരു മാസം കാത്തിരിക്കുക. അതിനിടയില്‍ വേണ്ടെന്നു വെക്കാനും സാധ്യതയുണ്ട്!
അത്യാവശ്യമല്ലാത്ത ഒന്നും നിങ്ങള്‍ വാങ്ങാത്ത ഒരു ദിവസമോ ആഴ്ചയോ തിരഞ്ഞെടുക്കുക.
ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ ഡെബിറ്റ്/UPI ഉപയോഗിക്കുക. നിങ്ങളുടെ പക്കലുള്ളത് മാത്രം ചെലവഴിക്കുക.
ഷോപ്പിംഗ് ലിസ്റ്റ് തയാറാക്കുക. ഓണ്‍ലൈനായി വാങ്ങുന്നതിന്റെ കാര്യത്തില്‍ പോലും അതില്‍ ഉറച്ചു നില്‍ക്കുക.
കിഴിവുകളും ഓഫറുകളും വിവേകത്തോടെ ഉപയോഗിക്കുക.
വായ്പകള്‍ നേരത്തെ അടയ്ക്കുക, കടത്തിന്റെ സമയപരിധി കുറക്കുക.
ചെറുപ്പത്തില്‍ തന്നെ ഇന്‍ഷുറന്‍സ് എടുക്കുക: കുറഞ്ഞ പ്രീമിയവും ദൈര്‍ഘ്യമേറിയ കവറേജും ഭാവിയെ സംരക്ഷിക്കും.
പണം നമ്മുടെ ജീവിത യാത്രയിലെ ഒരു കൂട്ടാളിയാണ്. നിങ്ങള്‍ അത് മനസ്സിലാക്കി പണമിടപാടുകള്‍ ആസൂത്രണം ചെയ്യുക. പണത്തെ നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളുടെ ഭാഗമാക്കുക. അതോടെ പണത്തെക്കുറിച്ച ആശങ്കകള്‍ നീങ്ങും. അത് നിങ്ങളെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ അനുവദിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine