വസ്തു വിൽക്കാൻ നാട്ടിലെത്തിയ പ്രവാസിയാണോ? വിമാന ടിക്കറ്റ് തുക നികുതിയിൽ നിന്നും കുറയ്ക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വസ്തു വിൽപ്പനയുടെ രജിസ്ട്രേഷനുമായി നേരിട്ട് ബന്ധപ്പെട്ട യാത്രാച്ചെലവ് മൂലധനലാഭം കണക്കാക്കുമ്പോൾ കുറയ്ക്കാമെന്ന് ഐ.ടി.എ.ടി; പക്ഷേ ചെലവിന്റെ ആവശ്യകതയും വിൽപ്പനയുമായുള്ള ബന്ധവും രേഖകൾ സഹിതം തെളിയിക്കണം
NRI Land deal and Flight Tickets for tax dedctions
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

വസ്തു വിൽപ്പനയുടെ രജിസ്ട്രേഷൻ നടത്തുന്നതിനായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന പ്രവാസികൾക്ക്, ആ യാത്രാച്ചെലവ് മൂലധനലാഭ നികുതിയിൽ നിന്ന് കുറയ്ക്കാൻ (Capital Gains Deduction) അവസരമുണ്ടായേക്കും. എങ്കിലും ആദായ നികുതി വകുപ്പിൽ നിന്നു സംശയങ്ങളോ പരിശോധനയോ ഉണ്ടായാൽ, യാത്രയുടെ ആവശ്യകത വ്യക്തമായി ബോധ്യപ്പെടുത്തുന്നതിനുള്ള രേഖകൾ കൈവശം സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. കൂടാതെ, ഒപ്പം സഞ്ചരിക്കുന്ന കുടുംബാംഗങ്ങളുടെ യാത്രാച്ചെലവുകൾ കൂടി നികുതി ഇളവിനായി ഉൾപ്പെടുത്തിയാൽ, അത് ആദായ നികുതി വകുപ്പുമായി തർക്കങ്ങൾക്ക് കാരണമായേക്കാം എന്നും നികുതി വിദ​ഗ്ധർ സൂചിപ്പിച്ചു.

എന്താണ് കേസിന്റെ പശ്ചാത്തലം?

അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസി, നാട്ടിലുള്ള വീടും പുരയിടവും 2.63 കോടി രൂപയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. 2020 ജനുവരി ആറിനായിരുന്നു ഭൂമി വിൽപ്പനയുടെ രജിസ്ട്രേഷൻ നടന്നത്. വസ്തുവിന്റെ ദീർഘകാല മൂലധനലാഭം (Long-Term Capital Gains) കണക്കാക്കുമ്പോൾ, വിൽപ്പന നടപടികൾ പൂ‌ർത്തിയാക്കുന്നതിനായി അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് നടത്തിയ യാത്രയ്ക്കും ഇവിടുത്തെ താമസത്തിനുമായി ചെലവഴിച്ച 12.01 ലക്ഷം രൂപയ്ക്ക് നികുതി ഇളവ് അനുവദിക്കണമെന്നായിരുന്നു പ്രവാസിയുടെ മുഖ്യ ആവശ്യം.

എന്നാൽ ഈ ചെലവുകൾക്ക് വസ്തു വിൽപ്പനയുമായി നേരിട്ട് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് ഇദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. തുടർന്ന് ഈ കേസ് പരിഗണിച്ച ബെംഗളൂരു ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ (ഐ.ടി.എ.ടി), പക്ഷേ പ്രവാസി ആവശ്യപ്പെട്ട മുഴുവൻ തുകയ്ക്കും ഒറ്റയടിക്ക് നികുതി ഇളവ് അനുവദിച്ചില്ല. പകരം, ചെലവുകളുടെ ആധികാരികതയും ആവശ്യകതയും സംബന്ധിച്ച് വിശദമായ പരിശോധന നടത്തുന്നതിനായി കേസ് അസസിങ് ഓഫീസർക്ക് (Assessing Officer) തിരിച്ചയക്കുകയാണുണ്ടായത്.

നിയമത്തിൽ പറയുന്നതെന്ത്?

ആദായ നികുതി നിയമത്തിലെ വകുപ്പ് 48(i) പ്രകാരം, ഒരു വസ്തുവിന്റെ വിൽപ്പനയുമായി നേരിട്ട് ബന്ധപ്പെട്ട ചെലവുകൾ മൂലധന ലാഭത്തിൽ നിന്ന് കുറയ്ക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ നാട്ടിലേക്ക് നടത്തിയ യാത്ര, വസ്തു വിൽപ്പനയുടെ രജിസ്ട്രേഷൻ തീയതിക്ക് അടുത്താണെന്നതു കൊണ്ടുമാത്രം നികുതി ഇളവ് സ്വാഭാവികമായി ലഭിക്കണമെന്നില്ല. വസ്തു വിൽപ്പനയും അതിനുവേണ്ടി നടത്തിയ യാത്രയുടെ ചെലവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന്, മതിയായ രേഖകളിലൂടെ തെളിയിക്കേണ്ടത് നികുതി ദായകന്റെ ബാധ്യതയാണെന്നാണ് നിയമം വ്യക്തമാക്കുന്നത്.

അംഗീകരിച്ചതും നിരസിച്ചതുമായ ചെലവുകൾ

വസ്തു വിൽപ്പനയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി നടത്തിയ വിമാനയാത്ര വിൽപ്പനയുമായി നേരിട്ട് ബന്ധപ്പെടുത്താമെന്ന് അപ്പലേറ്റ് ട്രൈബ്യൂണൽ അം​ഗീകരിച്ചു. ഇതിന് തെളിവായി ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റുകളും 2020 ജനുവരി അഞ്ച് മുതൽ എട്ട് വരെ ബെംഗളൂരുവിൽ താമസിച്ചതിന്റെ 93,125 രൂപയുടെ ഹോട്ടൽ ബില്ലും ഹാജരാക്കിയിരുന്നു. എന്നാൽ ആധാരത്തിന്റെ രജിസ്ട്രേഷന് ഏകദേശം രണ്ട് മാസം മുമ്പ്, 2019 നവംബറിൽ നടത്തിയ അദ്ദേഹത്തിന്റെ യാത്രയുടെ ചെലവ്, വസ്തുവിന്റെ വിൽപ്പനയുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന് വിലയിരുത്തി നികുതി ഇളളവ് ട്രൈബ്യൂണൽ നിരസിക്കുകയും ചെയ്തു.

കുടുംബാംഗങ്ങളുടെ യാത്രാച്ചെലവിന് ഇളവില്ല

ജനുവരിയിൽ ഇന്ത്യയിലേക്ക് നടത്തിയ യാത്രയുടെ വിമാന ടിക്കറ്റിൽ, ഭൂമി വിൽക്കാൻ വരുന്ന പ്രവാസിയോടൊപ്പം മറ്റൊരു കുടുംബാംഗത്തിന്റെ യാത്രാച്ചെലവും ഉൾപ്പെട്ടിരുന്നു. ഇതോടെ വസ്തു വിൽപ്പനയ്ക്കായി മാത്രം ചെലവഴിച്ച തുക എത്രയെന്ന് നികുതി ദായകൻ രേഖകൾ സഹിതം തെളിയിക്കണമെന്ന് അപ്പലേറ്റ് ട്രൈബ്യൂണൽ നിർദേശിച്ചു. ഈ പരിശോധനയ്ക്ക് ശേഷം വ്യക്തമാകുന്ന തുക മാത്രമേ, മൂലധന ലാഭത്തിൽ (Capital Gains) നിന്ന് കുറയ്ക്കാൻ പരിഗണിക്കുക. അതിനാൽ പ്രവാസികൾ വിമാന ടിക്കറ്റ് പ്രത്യേകമായി ബുക്ക് ചെയ്യുന്നതും ഭൂമി വിൽപ്പനയുടെ യാത്രയ്ക്കുള്ളതും നാട്ടിലെ താമസത്തിന്റെയും ബില്ലുകൾ കൃത്യമായി സൂക്ഷിക്കുന്നതിനും ശ്രദ്ധപുലർത്തണം.

മറ്റ് ചെലവുകൾക്കും നികുതി ഇളവ്

ഭവന വായ്പയുടെ പലിശയിനത്തിൽ അടച്ച 21.60 ലക്ഷം രൂപ ഇൻഡക്സേഷൻ ആനുകൂല്യത്തോടെ വസ്തുവിന്റെ (Indexation Benefit) വാങ്ങൽച്ചെലവിൽ ഉൾപ്പെടുത്താനും അപ്പലേറ്റ് ട്രൈബ്യൂണൽ അനുമതി നൽകി. എന്നാൽ ഈ തുക ആദായനികുതി നിയമത്തിലെ വകുപ്പ് 24(b) പ്രകാരം നേരത്തേ നികുതി ഇളവിനായി ഉപയോഗിച്ചിട്ടില്ലെന്ന് നികുതിദായകൻ തെളിയിക്കേണ്ടതുണ്ട്.

ഇതിനു പുറമേ, മെയിന്റനൻസ് ഡിപ്പോസിറ്റായ 2.29 ലക്ഷം രൂപയും വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള ഡിപ്പോസിറ്റായ 1.71 ലക്ഷം രൂപയും വാങ്ങൽച്ചെലവിൽ ഉൾപ്പെടുത്താനും ട്രൈബ്യൂണൽ അനുവദിച്ചു. വസ്തുവിന്റെ കൈവശാവകാശം (Possession) ലഭിക്കുന്നതിന് ഈ തുകകൾ അടയ്ക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും വാങ്ങുന്നയാളിൽ നിന്നും ഈ തുക തിരികെ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന തെളിവുകൾ ഉള്ളതിനാലാണ് ട്രൈബ്യൂണൽ ഈ ആനുകൂല്യം അനുവദിച്ചത്.

സൂക്ഷിക്കേണ്ട പ്രധാന രേഖകൾ

യാത്രാച്ചെലവുകൾക്ക് നികുതി ഇളവ് ലഭിക്കാൻ വസ്തു വിൽപ്പനയുമായുള്ള നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ നിർബന്ധമാണ്. പ്രധാനമായും കൈവശം കരുതേണ്ടവ ചുവടെ ചേർക്കുന്നു:

  • വിമാന ടിക്കറ്റുകൾ, ബോർഡിങ് പാസുകൾ, ഹോട്ടൽ ബില്ലുകൾ

  • വിൽപ്പന കരാർ, ആധാരം, രജിസ്ട്രേഷൻ രേഖകൾ

  • അഭിഭാഷകർക്കും മറ്റ് പ്രൊഫഷണലുകൾക്കും നൽകിയ ഫീസിന്റെ രസീതുകൾ

  • യാത്രയും രജിസ്ട്രേഷനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ (സബ് രജിസ്ട്രാർ അപ്പോയിന്റ്മെന്റ്, പവർ ഓഫ് അറ്റോർണി, വാങ്ങുന്നയാളുമായോ അഭിഭാഷകനുമായോ നടത്തിയ കത്തിടപാടുകൾ തുടങ്ങിവ)

  • കുടുംബാംഗങ്ങളുടെയും വ്യക്തിഗത ആവശ്യങ്ങൾക്കായുള്ള യാത്രകളുടെയും ചെലവുകൾ തമ്മിൽ വേർതിരിച്ചുള്ള കണക്കുകൾ

ചുരുക്കത്തിൽ

എല്ലാ പ്രവാസികൾക്കും ഒരുപോലെ ലഭിക്കുന്ന പൊതുവായ നികുതി ഇളവല്ല ഇതെന്നത് ശ്രദ്ധിക്കുക. ഓരോ കേസിലെയും സാഹചര്യങ്ങളും ഹാജരാക്കുന്ന തെളിവുകളും അടിസ്ഥാനമാക്കിയാകും നികുതി ഇളവ് അനുവദിക്കുക. യാത്രാച്ചെലവിന് വസ്തുവിന്റെ വിൽപ്പനയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം നികുതി ദായകനാണ്. അതിനാൽ വസ്തു വിൽപ്പനയ്ക്കായി പ്രത്യേക യാത്ര ആസൂത്രണം ചെയ്യുന്നതും വിൽപ്പനക്കാരന്റെ സ്വന്തം ചെലവുകൾ മാത്രം നികുതി ഇളവിനായി ക്ലെയിം ചെയ്യുന്നതുമാണ് ഉചിതം.

An ITAT ruling clarifies that NRIs may claim qualifying travel expenses incurred specifically for selling Indian property as a deduction while computing capital gains, subject to documentary proof.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```