വിപണിയില്‍ ചാഞ്ചാട്ടം; എസ്.ഐ.പി അക്കൗണ്ട് പുതുക്കാന്‍ മടികൂടുന്നു

രാജ്യത്ത് നിര്‍ത്തലാക്കപ്പെടുന്നതോ കാലാവധി പൂര്‍ത്തിയായശേഷം പുതുക്കാത്തതോ ആയ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം വന്‍തോതില്‍ കൂടുന്നു. നടപ്പുവര്‍ഷം (2022-23) ആദ്യ 11 മാസക്കാലയളവില്‍ (ഏപ്രില്‍-ഫെബ്രുവരി) ഇത്തരം അക്കൗണ്ടുകളുടെ എണ്ണം 16 ശതമാനം ഉയര്‍ന്ന് 1.29 കോടിയില്‍ എത്തിയെന്ന് മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) വ്യക്തമാക്കി. 2021-22ല്‍ ഇത്തരം അക്കൗണ്ടുകളുടെ എണ്ണം 1.11 കോടിയായിരുന്നു.

അതേസമയം, നടപ്പുവര്‍ഷം ഫെബ്രുവരി വരെ എസ്.ഐ.പി വഴി മ്യൂച്വല്‍ഫണ്ടുകളിലെത്തിയ നിക്ഷേപം മുന്‍വര്‍ഷത്തെ 1.25 ലക്ഷം കോടി രൂപയില്‍ നിന്ന് 14 ശതമാനം ഉയര്‍ന്ന് 1.42 ലക്ഷം കോടി രൂപയായിട്ടുണ്ട്.
മ്യൂച്വല്‍ഫണ്ടുകളില്‍ തവണവ്യവസ്ഥയില്‍ (മാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം എന്നിങ്ങനെ) നിക്ഷേപിക്കാവുന്ന സൗകര്യമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്.ഐ.പി. മാസം 500 രൂപ മുതല്‍ നിക്ഷേപിക്കാവുന്നതാണ്.
പുതിയ അക്കൗണ്ടുകളും കുറഞ്ഞു
നടപ്പുവര്‍ഷം ഏപ്രില്‍-ഫെബ്രുവരിയില്‍ പുതിയ എസ്.ഐ.പി അക്കൗണ്ടുകള്‍ 14 ശതമാനം കുറഞ്ഞ് 2.30 കോടിയായി. 2021-22ലെ സമാനകാലത്ത് 2.66 കോടിയായിരുന്നു. ഈമാസം ഇതുവരെ 24 ലക്ഷം പുതിയ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. നടപ്പുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. എങ്കിലും, ഈ വര്‍ഷത്തെ മൊത്തം പുതിയ അക്കൗണ്ടുകള്‍ 2.55 കോടി കവിയില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനത്തോളം കുറവായിരിക്കും ഇത്.
തിരിച്ചടിയായി ഓഹരികളുടെ തളര്‍ച്ച
ഓഹരിവിപണിയിലെ കനത്ത ചാഞ്ചാട്ടവും ഓഹരികളില്‍ നിന്നുള്ള മെച്ചമില്ലാത്ത ആദായവുമാണ് നിക്ഷേപകരെ അകറ്റിനിര്‍ത്തുന്നത്. വിപണിയിലെ സ്ഥിതി മെച്ചപ്പെടുന്നതുവരെ പലരും നിക്ഷേപം താത്കാലികമായി നിര്‍ത്തിയിരിക്കുകയാണെന്നും കരുതപ്പെടുന്നു.
സജീവമായി 6.29 കോടി
രാജ്യത്ത് സജീവമായ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ദ്ധിച്ച് 6.29 കോടിയായിട്ടുണ്ട്. 2021-22ല്‍ 5.28 കോടിയായിരുന്നു. മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 2021-22ലെ 5.76 ലക്ഷം കോടി രൂപയില്‍ നിന്ന് 17 ശതമാനം വര്‍ദ്ധിച്ച് 6.74 ലക്ഷം കോടി രൂപയായിട്ടുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it